ചരിത്രത്തിലാദ്യത്തെ അണ്വായുധ വിസ്പോടനത്തിനെ കഥ പറയുന്ന ക്രിസ്റ്റഫര്‍ നോളന്റെ 'ഒപ്പെന്‍ഹൈമര്‍' അമേരിക്കയില്‍ റിലീസ് ചെയ്ത 2013 ജൂലൈ 21നു ഇന്ത്യയിലും പ്രദര്‍ശനം തുടങ്ങി. കാശ്മീരിലെ ഏക തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങുന്നതിനു ഒരാഴച മുമ്പ് തന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. ഷാരൂഖ് ഖാന്റെ 'പത്താന്' ശേഷം ആദ്യ സംഭവം.
റോബര്‍ട്ട് ഒപ്പെന്ഹൈമറും ഭഗവദ്ഗീതയും
എന്നാല്‍ ബോംബു വീണു ഭീകര നാശം സംഭവിച്ച ജപ്പാനില്‍ എട്ടു മാസം കഴിഞ്ഞു 2024 മാര്‍ച്ച് 29 നാണ് ചിത്രം റിലീസ് ചെയ്തത്. ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കര് ഉള്‍പ്പെടെ ഏഴു അക്കാദമി അവാര്‍ഡുകള്‍ നേടിയ ഓപ്പെന്ഹൈമക്കു ലോകമാസക്കാലം ലഭിക്കുന്ന ഹര്‍ഷാരവം മൂലം, ജപ്പാനില്‍ ബോംബു വീണു എട്ടു പതിറ്റാണ്ടായി നീറിപ്പുകഞ്ഞു കൊണ്ടിരിക്കുന്ന രോഷം തണുക്കുമെന്നു വിതരണക്കാര്‍ കരുതി.
ടോക്കോയോയിലെ ഷിഞ്ചുക്കു സിറ്റിയില്‍ 'ഓപ്പന്‍ഹൈമര്‍' കാണാനെത്തിയവര്‍
ജപ്പാനിലെ 343 തിയേറ്ററുകളില്‍ ആദ്യത്തെ മൂന്നു ദിവസങ്ങള്‍ കൊണ്ട് 2.5 മില്യണ്‍ ഡോളര്‍ കളക്ട് ചെയ്യാന്‍ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് കണക്കുകള്‍. 2024ല്‍ ജപ്പാനില്‍ റിലീസ് ചെയ്ത വിദേശ ചിത്രങ്ങളില്‍നിന്നുള്ള ഏറ്റവും വലിയ വരുമാനമാണത്.
1945 ഓഗസ്റ് 6നു ഹിരോഷിമയിലും മൂന്ന് ദിവസം കഴിഞ്ഞു 9നു നാഗസാക്കിയിലും നടന്ന ബോംബിങ്ങില്‍ രണ്ടുലക്ഷത്തിലേറെ പേര് മരിച്ചുവെന്നാണ് കണക്ക്. പൊള്ളലേറ്റും റേഡിയേഷന് മൂലവും ഉരുകി മരിച്ചവരുടെ എണ്ണം വളരെ. ഓഗസ്റ് 15 നു അമേരിക്ക നേതൃത്വം നല്കുന്ന സഖ്യ കക്ഷികളുടെ മുമ്പില്‍ ജാപ്പനീസ് രാജകീയ സൈന്യം അടിയറവു പറഞ്ഞതോടെ രണ്ടാം ലോകമഹായുദ്ധത്തിനു തിരശീല വീണു.
പ്രൊഫ. ശക്തികുമാറും നീനയും സക്കുറ പുഷ്പ മേളയില്‍
അണ്വായുധ വിപത്തു അനുഭവിച്ചറിഞ്ഞ ജപ്പാന് അണ്വായുധങ്ങള്‍ നിര്‍മ്മിക്കേണ്ടെന്നു തീരുമാനിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ചങ്ങാത്തതോടെ ബ്രിട്ടിഷ് ഇന്ത്യയെ കയ്യിലൊതുക്കാന്‍ ബര്‍മയിലെ മാണ്ഡലേ വഴി കൊഹിമ വരെയെത്തിയവരാണ് ജപ്പാന്‍കാര്‍. അവരെ തോല്‍പ്പിച്ച് ഇന്ത്യന്‍സൈന്യം പിടിച്ചെടുത്ത ടാങ്കുകളില്‍ ഒന്ന് കൊഹിമയിലെ വാര് സെമിത്തേരിയില്‍ ഇന്നും കാണാം.
ക്രൂരന്മായിരുന്നു ജാപ്പനീസ് അധിനിവേശ സേനയെന്നു സ്ഥാപിക്കുന്ന നിരവധി പുസ്തകങ്ങള്‍ ഉണ്ട്. അലക് ഗിന്നസ് അഭിനയിച്ച 'ദി ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായി' എന്ന യുദ്ധ ചിത്രത്തിന്റെ പ്രമേയവും അതാണ്. ഫ്രഞ്ച് ഡയറക്ടര്‍ അലന് റെനെയുടെ 'ഹിരോഷിമ മോണ്‍ അമോര്‍' എന്ന ചിത്രവും പലരും കണ്ടിട്ടുണ്ടാവും. കേരളത്തിലെ കോവിലന് അത്തരം എത്രയോ യുദ്ധകഥകള്‍ എഴുതി!
ഹിരോഷിമ സന്ദര്‍ശിച്ച ത്രിമൂര്‍ത്തികളും അവരെഴുതിയ പുസ്തകവും
ജപ്പാനെ തകര്‍ത്ത അമേരിക്ക തന്നെ യുദധം കഴിഞ്ഞു അവരുടെ ഉയര്ത്തെഴുനേല്പ്പിനു വഴിത്താരയിട്ടു എന്നതാണ് സത്യം. അമേരിക്കയുടെ ന്യുക്ലിയര്‍ കുടക്കീഴിലാണ് അവരുടെ ഇപ്പോഴത്തെ രാജ്യരക്ഷ.
എന്നാല്‍ തൊട്ടടുത്ത് കിടക്കുന്ന ചൈനാ വന്‍കരയും വടക്കന്‍ കൊറിയയും ഉയര്‍ത്തുന്ന അണ്വായുധ ഭീഷണിയെ ചെറുക്കാന്‍ ജപ്പാന് അവരുടെ അണ്വായുധ പരിവര്ജനനയം ഉപേക്ഷിക്കണമെന്നാണ് ജപ്പാനിലെ ഒരു വിഭാഗം ജനങ്ങളും ചിന്തകന്മാരും ഭരണകര്‍ത്താക്കളും വാദിക്കുന്നത്.
ഇന്നത്തെ മുഖം: ഫാ.പൗലോസ്, ഭാര്യ എലിസബത്ത്, പിജി പദ്മനാഭന്, ജോണ്‍ എം ഇട്ടി
യുദ്ധം കഴിഞ്ഞു മുക്കാല്‍ നൂറ്റാണ്ടായിട്ടും അണ്വായുധ ചര്‍ച്ചപോലും പാടില്ലെന്ന നിലപാട് ശരിയല്ലെന്ന് ജപ്പാനിലെ ഏറ്റവും പ്രചാരമുള്ള യോമിയൂരി ഷിംബന്‍ പത്രത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാളായ യാസുക്കോ ഓന്‍ഡ അഭിപ്രായപ്പെട്ടതായി ന്യുയോര്‍ക് ടൈംസ് പറയുന്നു. 1.35 കോടിയാണ് പത്രത്തിന്റെ പ്രതിദിന പ്രചാരം.
ടെക്നോളജിയില്‍ ലോകത്താരെയും വെല്ലുന്ന ജപ്പാന്, വൈദ്യതി ഉല്‍പ്പാദനത്തില്‍ ഇപ്പോഴും ആശ്രയിക്കുന്നത് ന്യൂക്ലിയര്‍ പ്ലാന്റുകളെയാണ്. ഫ്യൂക്കിഷിമ പ്ലാന്റിലെ അപകടം ലോകമാകെ അറിവുള്ളതാണല്ലോ. സ്പേസ് സയന്‍സിലും റോബോട്ടിക്സിലും നിര്‍മിത ബുധ്ധിയിലും അവര്‍ വളരെ മുന്നിലാണ്.
പ്രസിഡന്റ് ഒബാമ ഹിരോഷിമയില്‍ രക്ഷപെട്ടവരെ സാന്ത്വനപ്പെടുത്തുന്നു
ബരാക് ഒബാമയായിരുന്നു രണ്ടാം ലോകമഹായുദ്ധം സമാപിച്ചു 71 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ജപ്പാന് സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് . 2016 മെയ് 27നു ഹിരോഷിമയിലെത്തി യുദ്ധസ്മാരകത്തില്‍ പുഷചക്രം അര്‍പ്പിച്ച അദ്ദേഹം ബോംബില്‍ നിന്ന് രക്ഷപെട്ടവരില്‍ ചിലരെ ആശ്ലേഷിക്കുകയും അവരോട് പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു.
ഹിറോഷിമയില്‍ 2023 മെയ് മാസം നടന്ന ജി 7 ഉച്ചകോടിയില്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തതാണല്ലോ. ഇന്ത്യ നിര്‍മ്മിച്ച് നല്കിയ ഗാന്ധിജിയുടെ ഒരു അര്‍ദ്ധകായ പ്രതിമ ഹിരോഷിമ പാര്‍ക്കില്‍ മോഡി അനാവരണം ചെയ്യുകയും ഉണ്ടായി.
രക്ഷപെട്ട മുത്തശ്ശിയുടെ ചിത്രവുമായി ഹിരോഷിമ അദ്ധ്യാപിക കാനാ മിയോഷി
ജപ്പാനില്‍ ആദ്യദിവസം തന്നെ ഓപ്പണ്‍ഹൈമര്‍ ചിത്രം കണ്ടവരില്‍ ഒരാള്‍ ടോക്കിയോയില്‍ നഴ്സറി ടീച്ചറായ കനാമ മിയോഷിയാണ്. 'ആദ്യത്തെ ബോംബിന്റെ പരീക്ഷണം അമേരിക്കന്‍ മണ്ണില്‍ നടക്കുമ്പോള്‍ തുള്ളിച്ചാടുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞരെക്കണ്ടു കണ്ടു ഞാന്‍ അമര്‍ഷം കൊണ്ടു വിറച്ചു,' ഹിരോഷിമയില്‍ ജനിച്ചു വളര്‍ന്ന കാനാമ (30) ന്യൂയോര്‍ക് ടൈംസ് ലേഖകനോട് പറഞ്ഞു. 'എന്റെ മുത്തശ്ശി യോഷി മിയോഷി ബോബിങ്ങില്‍ നിന്ന് രക്ഷപെട്ട ഒരാളായിരുന്നു'.
ഭഗവദ് ഗീത കൊണ്ടുനടക്കുകയൂം മനുഷ്യരാശിയുടെ സര്വവനാശിനിയായ ആയുധം നിര്‍മ്മിച്ചതില്‍ പശ്ചാത്തപിക്കുകയൂം ചെയ്ത ഓപ്പണ്‍ഹൈമറെ അന്ധമായ കമ്മ്യൂണിസ്റ്റ് വേട്ടയാടലിന്റെ ഇരയായി ചിത്രീ കരിച്ചുകൊണ്ടു ക്രിസ്റ്റഫര്‍ നോളന്റെ ബയോപിക് അവസാനിക്കുന്നു. പക്ഷെ അധര്‍മ്മത്തെ തോല്‍പ്പിക്കാന്‍ ആയുധമെടുത്ത് ധര്‍മ്മയുദ്ധം ചെയ്യാം എന്ന ഭഗവത് ഗീതയിലെ വരികള്‍ ഓപ്പണ്‍ഹൈമര്‍ ഉദ്ധരിക്കുന്നുണ്ട്.
ഹിരോഷിമയില്‍ ഗാന്ധിജിയുടെ പ്രതിമ അനാഛാദനം ചെയ്ത പ്രധാനമന്ത്രി മോഡി
ആയിരത്തിലേറെ മലയാളികളുള്ള ജപ്പാനില്‍ ഇന്ത്യക്കാര്‍ അമ്പതിനായിരം വരും. ടോക്യോയിലും രണ്ടാമത്തെ വലിയ നഗരമായ യോക്കഹോമയിലും ഒസാക്ക, കോബ്, ഫുക്കുവോക്ക തുടങ്ങി തെക്കേ അറ്റത്തുള്ള ഹിറോഷിമയിലും നാഗസാക്കിയിലും വരെ മലയാളികള്‍ ഉണ്ട്.
രണ്ടാമത്തെ വലിയ നഗരമായ യോക്കഹോമ കേന്ദ്രീകരിച്ച് ഇന്ത്യക്കാരുടെ വലിയൊരു സമൂഹം ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ മരിച്ച ഇന്ത്യക്കാരുടെ പേരരടങ്ങിയ ഒരു സ്മാരക ഫലകവും ജലധാരയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്.
ടോക്കിയോയിലെ മലയാളികളില്‍ ടോയോ യൂണിവേര്‍ഴ്സിറ്റി പ്രൊഫസര്‍ ഡോ. ശക്തികുമാര്‍ കോട്ടയം സ്വദേശിയാണ്. ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഭാര്യ നീനയെയും അടുത്തറിയാം. അവര്‍ക്കു നഗരപ്രായത്തില് ഫുനാ ബൊരിയില് കേരളീയ ശൈലിയില്‍ വീടുമുണ്ട്-ദേവമംഗലം. മക്കളില്‍ കെന്റക്കിയില്‍ പഠിച്ച അങ്കിത് ചിക്കാഗോയ്ക്കടുത്ത് ജോലി ചെയ്യുന്നു. അഭയ് പര്ഡ്യുവില് ചേരാന്‍ പോകുന്നു.
ബോംബുകള്‍ പോയ വഴി--ഹിരോഷിമ, നാഗസാക്കി
ടോക്കിയോയില്‍ ഗവേഷണം നടത്തുകയും അതിനു ശേഷം അവിടെഅധ്യാപനം നടത്തുകയും ചെയ്യുന്ന മറ്റു ചിലരെയും എനിക്കറിയാം.സോഫിയ യൂണിവേഴ്സിറ്റിയിലെ ഫാ.ഡോ. ജോണ്‍ ജോസഫ് പുത്തന്‍കളം ആണ് ഒരാള്‍. കുട്ടനാട്ടുക്കാരനാണ്. ഫാ. ഡോ.സിറില്‍ വെളിയത്താണ് മറ്റൊരാള്‍.
1995 മുതല്‍ ഒരു ഡസന്‍ തവണയെങ്കിലും ഹിരോഷിമയില്‍ പോയി സമാധാന റാലിയില്‍ പങ്കെടുത്തിട്ടിട്ടുള്ള കോട്ടയം ബസേലിയസ് കോളജ് പ്രൊഫസര്‍ ഫാ. കെവി പൗലോസിനേയും ഭാര്യ പ്രൊഫ. എലിസബതിനെയും എനിക്കറിയാം. വേള്‍ഡ് പീസ് കൗണ്‍സില്‍ പ്രതിനിധിയായിട്ടായിരുന്നു ഫാ. പൗലോസിന്റെ സന്ദര്‍ശനങ്ങ
ളില്‍ മിക്കതും.
പ്രൊഫ. പൗലോസും അദ്ദേഹത്തോടൊപ്പം ജപ്പാന് പര്യടനം നടത്തിയ പ്രൊഫ. ജോണ്‍ എം ഇട്ടിയും ഇടതു ചിന്തകന്‍ പി ജി പദ് മനാഭനും ചേര്‍ന്ന് എഴുതിയ 'നാമറിയേണ്ട ജപ്പാന്' 1995ല്‍ കറന്റ് ബുക്ക്സ് പ്രസികരിച്ചു. ജപ്പാനെപ്പറ്റി മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച ഗ്രന്ഥങ്ങളില്‍ ഒന്ന്.
'രണ്ടാം ലോകമഹായുദധം അതിന്റെ ഏറ്റവും ഭീകരമായ സംഹാരതാണ്ഡവം ആടിയതു ജപ്പാന്റെ മണ്ണിലാ യിരുന്നു....ജപ്പാന്റെ യുദ്ധമോഹങ്ങള്‍ തകര്‍ക്കുന്ന ഒരു ഭരണഘടന 1947 മെയ് 3നു നിലവില്‍വന്നു. യുദ്ധസാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന ഫാക്ടറികള്‍, കാറും ഇലക്ട്രോണിക്സ് സാമഗ്രികളും ഉപഭോഗവസ്തുക്കളും നിര്ണ്ണിക്കുന്ന ഇടങ്ങളായി മാറി. വ്യാവസായിക രംഗത്ത് അമേരിക്കയോട് മത്സരിക്കുന്ന ശക്തനായ എതിരാളിയായി ജപ്പാന്,' 224 പേജുള്ള പുസ്തകം വിവരിച്ചു.
പുസ്തകത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ഞാന്‍ കുടുംബസമേതം 2005ല്‍ ജപ്പാന് സന്ദര്‍ശിച്ചു. തെക്കേ അറ്റത്തുള്ള ഫുക്കുവോക്കയില്‍ വിമാനമിറങ്ങിയ ഞങ്ങള്‍ ബുള്ളറ്റ് ട്രെയിനില്‍ നാഗസാക്കിയില്‍ നിന്ന് ഹിറോഷിമ വഴി വടക്കോട്ടു സഞ്ചരിച്ചു. ജപ്പാന്റെ ഹൈവേകളും ടോള്‍ ഗേറ്റുകളും രാത്രി പതിനൊന്നിന് അടയ്ക്കുന്ന റെയില്‍വേ സ്റ്റേഷനുകളും (കാരണം രാജ്യം മുഴുവന്‍ തെക്കുവടക്ക് ഓടിത്തീര്‍ക്കാന്‍ ഏതാനും മണിക്കൂറുകള്‍ മതി) അവയുടെ അണ്ടര്‍ഗ്രൗണ്ട് ഷോപ്പിംഗ് മാളുകളുവും ഇടമുറിയാത്ത ജനപ്രവിവാഹവും കണ്ടു അമ്പരന്നു.
നാടാകെയുള്ള അവരുടെ ബാംബൂ ഗാര്ഡനനുകളും ഫുക്കുവോക്കയില്‍ നിന്ന് രണ്ടു മണിക്കൂര്‍ അകലെ ബെപ്പൂവിലെ തിളയ്ക്കുന്ന ഭൗമ ജലധാരകളും കിമോണോ ധരിച്ച സുന്ദരിമാരും വാള് ചുഴറ്റുന്ന സമുറായി പോരാളികളും ഞങ്ങളെ കീഴടക്കി. ടോക്കിയോയിലെ ടൊയോട്ട മ്യുസിയവും കണ്ടു. ഷോപ്പിംഗ് കേന്ദ്രമായ ഗിന്സയിലെ നായര്‍ സാന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. അവിടത്തെ ഇലക്ട്രോണിക്സ് കടകളുടെ വൈവിദ്ധ്യം കണ്ടു വിസ്മയിച്ചു.
ശാസ്ത്രജ്ഞന്മാരായ സുഹുത്തുക്കളും ഏറ്റവും ഒടുവില്‍ ചിക്കാഗോയിലെ മകന് അങ്കിതും മുഖേന അമേരിക്കയുമായി ഹൃദയബന്ധം സൂക്ഷിക്കുന്ന ശക്തികുമാറിനെയും നീനയെയും ഞാന്‍ വിളിച്ചു ചോദിച്ചു- 'ഓപ്പണ്‍ഹൈമാര്‍ കണ്ടോ? കാണുന്നില്ലേ?'. 'തീര്‍ച്ചയായും കാണുന്നുണ്ട്. ഇപ്പോഴിവിടെ സക്കുറ പൂക്കള്‍ വിരിഞ്ഞ സന്തോഷത്തിലാണ് ഞങ്ങള്‍. തത്കാലം പുഷ്പമേള കാണാന്‍ പോകുന്നു' എന്നായിരുന്നു മറുപടി. ഇതിനകം കണ്ടുകാണണം.
ഹിരോഷിമയില്‍ തകര്‍ന്ന ജന്ബാക്കു ടവറിനു മുമ്പില്‍ ലേഖകന്‍, ഭാര്യ ഗ്രേസി
നല്ല മലയാള ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതു നിഹോണ്‍ കൈരളി എന്ന അവിടത്തെ മലയാളി അസോസിയേഷന് പണ്ടേ ഹരമാണ്. ശക്തിയും നീനയും നിഹോണ്‍ കൈരളിയെ നെഞ്ചിലേറ്റി നടക്കുന്നവരാണ്. നാട്ടില്‍ കാടിളക്കിയ ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്സ്, ഒടുവില്‍ ഫഹദ് ഫാസിലിന്റെ 'ആവേശ'വുമൊക്കെ കാണാനിരിക്കുന്നതേയുള്ളു.
ഫുക്കുവോക്കയില്‍ നിന്ന് 150 കിമീ തെക്കു നാഗസാക്കിയിലേക്കു ഞങ്ങളെ കാറില്‍ കൊണ്ടുപോയത് അവിടെ ഗവേഷണ പഠനം നടത്തുന്ന പൊന്നാനിക്കാരന് അബ്ദുല്ല ബാവ, ഇത്തിത്താനത്തെ ഷാജികുമാര്‍ എന്നിവര്‍.
എന്നാല്‍, ഹിരോഷിമ മ്യുസിയത്തില്‍ നിന്നു മടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവിടെ കണ്ട ഭീകര ചിത്രങ്ങള്‍ ഞങ്ങളുടെ ഉറക്കം കെടുത്തുന്നു. ബോംബ് വീണു കരിഞ്ഞ കുഞ്ഞിനെ മാറോടടച്ച് നിക്കുന്ന അമ്മമാരുടെ വിറങ്ങലിച്ച മുഖങ്ങള്‍ എങ്ങിനെ മറക്കാന്‍!