Image

നിലാവിനെ പുണരുന്ന ഓർമ്മകൾ...(പുസ്തകാഭിപ്രായം: നൈന മണ്ണഞ്ചേരി)

Published on 24 April, 2024
നിലാവിനെ പുണരുന്ന ഓർമ്മകൾ...(പുസ്തകാഭിപ്രായം: നൈന മണ്ണഞ്ചേരി)

ഈ പുസ്തക ദിനത്തിൽ എന്തെന്നില്ലാത്ത സന്തോഷത്തോടെ വായിച്ചു തീർത്ത പുസ്തകമാണ് കവിയും ഗാനരചയിതാവും അദ്ധ്യാപകനുമായ മധു വാസുദേവന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ‘’എന്നെ പുണരും നിലാവേ..’’ സ്ക്കൂളിലും കോളേജിലും ജീവിതത്തിലും നേരിട്ട അനുഭവങ്ങളുടെ തുറന്നു പറച്ചിലുകൾ സത്യസന്ധമായ വാക്കുകളിൽ ഹൃദയം കവരുന്ന ഭാഷയിൽ ഡോ.മധു വാസുദേവൻ അനുവാചകർക്ക് പകർന്നു നൽകുന്നു.

അദ്ദേഹം പഠിച്ച കലാലയത്തിൽ തന്നെ പഠിക്കാൻ കഴിഞ്ഞ ആളെന്ന നിലയിൽ, അദ്ദേഹത്തിന്റെ സ്വദേശമായ ആലപ്പുഴ നഗരത്തിന്റെ പരിസര വാസിയെന്ന നിലയിൽ  അനുഭവക്കുറിപ്പുകളിൽ പരാമർശിക്കുന്ന ചില അദ്ധ്യാപകരും വ്യക്തികളും എനിക്കും പരിചയമുള്ളവരാണ്. അതിൽ ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായ അക്ഷയകുമാർ സാറിനെ കുറിച്ചുള്ള ഓർമ്മകൾ വായിച്ചപ്പോൾ ഒരു നിമിഷം പഴയ കലാലയ ദിനങ്ങളിലേക്ക് ഓർമ്മകൾ പറന്നു..ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു തിരുവനന്തപുരം സ്വദേശിയായിരുന്ന അക്ഷയകുമാർ സാർ.

ഒരു അവധി കഴിഞ്ഞു വന്നപ്പോൾ സാറിനെ കാണാനില്ല. തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്നും കടന്നു പോയ സാറിനെക്കുറിച്ചുള്ള ഓർമ്മകൾ കണ്ണു നനയിക്കും. അതു പോലെ തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വാഗീശ്വരി സാർ അടക്കമുള്ള അദ്ധ്യാപകരുടെ ഓർമ്മകൾ ഗ്രന്ഥകർത്താവ് പങ്കു വെക്കുന്നത് ഹൃദയ സ്പർശിയായ വാക്കുകളിലൂടെയാണ്.

‘’ഉണ്ണിയെന്ന ഉൺമ’’ എന്റെയും മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു, കാരണം എനിക്കും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നല്ലോ നാടക കലാകാരനായ വസന്തകുമാർ എന്ന ഉണ്ണി..തമാശയും പങ്കു വെച്ച് കലാലയത്തിൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായി ഓടി നടന്നിരുന്ന ഉണ്ണി ഒടുവിൽ എല്ലാവർക്കും വേദന നൽകി സ്വയംഹത്യയിൽ അഭയം തേടി. ഇങ്ങനെ മനസ്സിനെ പിടിച്ചുലക്കുന്ന അനുഭവങ്ങൾ നിറയെയുണ്ട് ഈ ഓർമ്മക്കുറിപ്പുകളിൽ..

വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സ്ക്കൂൾ അദ്ധ്യാപനത്തിലൂടെ കടന്ന് പിന്നെ കലാലയ അദ്ധ്യാപകനായ കാലം വരെയുള്ള വർത്തമാന കാലത്തെത്തുമ്പോൾ അനുഭവങ്ങളുടെ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ ഗ്രന്ഥകാരൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. അതിൽ സഹപാഠികളെ കുറിച്ചുള്ള ഓർമ്മകളുണ്ട്,സഹ അദ്ധ്യാപകരെ കുറിച്ചുള്ള ഓർമ്മകളുണ്ട്, അകാലത്തിൽ കടന്നു പോയ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകളുണ്ട്..സിനിമാ രംഗത്തെ അനുഭവങ്ങളുണ്ട്.

വീട്ടിലെ സന്തത സഹചാരിയായിരുന്ന മകന്റെ പ്രിയപ്പെട്ട വളർത്തു പൂച്ചയെക്കുറിച്ചും അതിനെ ഉപേക്ഷിക്കേണ്ടി വന്ന കാര്യവുമൊക്കെ ഹൃദയസ്പർശിയായ വാക്കുകളിലാണ് മധു വാസുദേവൻ വരച്ചിട്ടിരിക്കുന്നത്.അതു പോലെ ഹോസ്റ്റലിലും വാടക വീടുകളിലും കഴിഞ്ഞപ്പോഴുള്ള അനുഭവങ്ങളും അന്ന് പരിചപ്പെട്ട് ഹൃദയത്തിൽ കയറിക്കൂടിയ പലരെയും ഈ ഓർമ്മക്കുറിപ്പുകളിൽ അനുസ്മരിക്കുന്നുണ്ട്.

ബാല്യകാലത്ത് മനസ്സിനെ നൊമ്പരപ്പെടുത്തിയ മണ്ണാൻ ശങ്കുവിനെ അനുസ്മരിക്കുന്ന ‘’ചോര പറ്റിയ കരിക്ക്’’ നമ്മുടെ മനസ്സിനെയും വല്ലാതെ പിടിച്ചുലയ്ക്കും.തെങ്ങിൽ നിന്നും വീണു മരിച്ച ശങ്കുവിന്റെ ഓർമ്മകൾ പുസ്തകം വായിച്ചാലും നമ്മുടെ മനസ്സിൽ ഒരു നൊമ്പരമായി ബാക്കി നിൽക്കും..അതേ പോലെ സംഗീത സംവിധായകൻ ബിജി ബാലിന്റെ ഭാര്യയും ഗായികയും നർത്തകിയുമായിരുന്ന അകാലത്തിൽ ഈ ലോകത്തു നിന്നും കടന്നു പോയ ശാന്തിയെപ്പറ്റിയുള്ള ‘’കാറ്റിനോട് മൽസരിച്ച നർത്തകി’’ എന്ന അനുസ്മരണവും നമ്മുടെ കണ്ണുകളെ ഈറനണിയിക്കാതിരിക്കില്ല.

‘’തടാകം’’ എന്ന തിരിച്ച കുറിപ്പുകൾ  ഏറെ പ്രിയപ്പെട്ടവരും തന്നെ സ്വാധീനിക്കുകയും ചെയ്ത സാഹിത്യ കലാ നായകരെക്കുറിച്ചുള്ള അനുസ്മരണങ്ങളാണ്. വയലാർ, ഒ.വി.വിജയൻ,പി.പത്മരാജൻ, മാധവിക്കുട്ടി, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി പ്രമുഖരായ പലരെയും കുറിച്ചുള്ള ഓർമ്മകൾ ഉള്ളിൽ തട്ടുന്ന വാക്കുകളിൽ പകർന്നു തരുന്നു.

‘’പ്രവാഹം’’ എന്ന തിരിച്ചിട്ടുള്ളത് പ്രേംനസീർ മുതൽ ഭരത് ഗോപിയും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവ സിനിമാതാരങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ്.അവസാനം ചേർത്തിട്ടുള്ള ‘’കണ്ണീരിറ്റുന്ന തമാശകൾ’’ എന്ന അകാലത്തിൽ വേർപിരിഞ്ഞ മിമിക്രി കലാകാരൻ അബിയെ കുറിച്ചുള്ള ലേഖനം വരെ മനസ്സിൽ അവിസ്മരണീയമായി നിറഞ്ഞു നിൽക്കുകയാണ്. വായിച്ചു കഴിഞ്ഞും ഇനിയും ബാക്കി എന്തൊക്കെയോ എഴുതാനുണ്ടായിരുന്നല്ലോ എന്ന് നമുക്ക് തോന്നുന്നുവെങ്കിൽ അത് തീർച്ചയായും ഡോ. മധു വാസുദേവന്റെ  ഭാഷയുടെ ഉള്ളുലയ്ക്കുന്ന സവിശേഷതയാണ്.

 ഗ്രന്ഥകാരൻ തന്നെ പറയുന്നതു പോലെ, ‘’പറയാൻ മോഹിക്കുന്നതൊക്കെ എഴുതാൻ സാധിക്കുന്നില്ല, ഓർമ്മകൾ ഇനിയുമേറെ ബാക്കിയുണ്ട്.അക്ഷരപ്പെടുവാൻ ജീവിതം കാത്തു നിൽക്കുന്നു..അതിനുള്ള ശ്രമങ്ങൾ എന്നിൽ നിന്നും ഉണ്ടാകാതിരിക്കില്ല..’’

തീർച്ചയായും അതിനായി അനുവാചകർ കാത്തിരിക്കുന്നു.  ഈ പുസ്തകം ഉൾപ്പെടെ തന്റെ ഏഴ് പുസ്തകങ്ങൾ പ്രശസ്ത നടൻ മോഹൻലാൽ പ്രകാശനം ചെയ്ത വേളയിൽ ഡോ.മധു വാസുദേവൻ പറഞ്ഞിരുന്നു ‘’അടുത്ത ജന്മത്തിൽ ഒരിക്കലും ഒരു എഴുത്തുകാരനായി ജനിപ്പിക്കല്ലേ എന്നാണ് എന്റെ പ്രാർത്ഥന, കാരണം ഇതെഴുതുവാൻ അത്രയും ആത്മ സംഘർഷം ഞാൻ അനുഭവിച്ചു..’’

 അതെ, അത് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് മനസ്സിലാകും അത്രമേൽ സത്യസന്ധമായുള്ള തുറന്നു പറച്ചിലുകളാണ്                  ''എന്നെ പുണരും നിലാവേ..''       എന്ന       ഈ അനുഭവക്കുറിപ്പുകളും.
പ്രസിദ്ധീകരണം..ഗ്രീൻ ഫ്ളവർ ബുക്സ്
അവതാരിക..മഞ്ജു വാര്യർ
വില.530 രൂപ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക