ആദ്യം ആകാശം വരയ്ക്കാമെന്ന് തോന്നിയത്
ചില്ലയിലകളെ കണ്ടുനിന്നപ്പോഴാണ്
കുറേയേറെ
കുഞ്ഞുകുഞ്ഞാകാശങ്ങള്‍
നിസ്സംഗതയോടെ
നിസ്സഹായതയോടെ
എന്‍റെ കണ്ണുകളില്‍
ഉറക്കംതേടി
തളര്‍ന്നുകിടന്നു
കാറ്റുംവെയിലും
അഴികള്‍ക്കപ്പുറം
യാത്രപറയാന്‍
ഊഴം കാത്തുനിന്നു
മുറ്റമടിക്കുന്ന ചൂലുകള്‍
പേടിയോടെ
മണലുകളോട് സ്വകാര്യം പറയവേ
നിറഞ്ഞകണ്ണുകള്‍
കാറ്റിന്‍റെ ഓളങ്ങളാല്‍
മറച്ചുപിടിച്ചു
പിന്തിരിഞ്ഞുനോക്കിവന്ന
ഒരു മഞ്ഞചുരിദാറിനെ
വീഴാതെ കാത്തത്
ചീകിയൊതുക്കാത്തൊരു കീറാമുട്ടിയാണ്
ഉറുമ്പരിച്ചു തുടങ്ങിയ വേനലിനെ
പടുകുഴിയിലേക്ക്
വലിച്ചിഴക്കുമ്പോള്‍
നാലാളറിയരുതെന്നും
നാവ് വാടരുതെന്നും
കരുതലുള്ളതുപോലെ
വരതെളിഞ്ഞു തുടങ്ങവേ
അവയെ രണ്ടായി പകുക്കുമ്പോഴും
പരിഭവത്തിന്‍റെ നെറങ്ങളെ
പുഞ്ചിരിനെറങ്ങളാല്‍ മറയ്ക്കാനും പരാതിനെറങ്ങളില്‍
കണ്ണീരിന്‍റെ നെറം ഒട്ടും
കലരാതിരിക്കാനും
അറിഞ്ഞുതന്നെ
പടത്തില്‍ അങ്ങിങ്ങ്
ചിരിനെരത്തി
ഇങ്ങനെയൊക്കെയേ
ഈ പടം പൂര്‍ത്തിയാകൂ
എന്നൊരുള്‍വിളി
ഓരോരോ നെറങ്ങളുടെയുള്ളിലും
തലതല്ലിക്കരയുന്നത്
ഒരുനോട്ടത്തിലും കാണരുത്
ഒരു കേള്‍വിയിലും
കേക്കരുത്
അങ്ങനെ മാത്രമേ
ഈ വര തുടരാനാവൂ.......