MediaAppUSA

ഓണം ബിവറേജസിന്‍റെ ഐശ്വര്യം: ബെര്‍ലി തോമസ്‌

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 01 September, 2012
ഓണം ബിവറേജസിന്‍റെ ഐശ്വര്യം: ബെര്‍ലി തോമസ്‌
മഹാബലിയും ക്രിസ്മസ് അപ്പൂപ്പനും നാണമുണ്ടെങ്കില്‍ ഇനി ഈ വഴി വരില്ല. ഓണം ആഘോഷിക്കണോ വേണ്ടയോ എന്ന കാര്യത്തിലും അത് ഏതൊക്കെ സമുദായക്കാര്‍ എങ്ങനെയൊക്കെ ആഘോഷിക്കണം എന്ന കാര്യത്തിലും ആഘോഷിക്കാതിരുന്നാല്‍ എന്തൊക്കെ ദുന്തങ്ങള്‍ സംഭവിക്കും എന്ന കാര്യത്തിലും നമുക്ക് അഭിപ്രായമുണ്ട്, ആശങ്കകളുണ്ട്. നെഹ്റുട്രോഫി വള്ളംകളിയില്‍ ആരു ജയിച്ചു എന്നതറിയില്ലെങ്കിലും ഓണവാരത്തിലെ കള്ളുകച്ചവടത്തില്‍ റെക്കോര്‍ഡിട്ടത് ചാലക്കുടിയോ കരുനാഗപ്പള്ളിയോ എന്നത് നമ്മള്‍ അന്വേഷിച്ചറിയും. ഓണത്തിനും ക്രിസ്മസിനും റെക്കോര്‍ഡ് കണക്കുകളോടെ കള്ളുകുടിക്കുന്ന കേരളത്തിന് ആഘോഷങ്ങളുടെ അന്തസത്തയെപ്പറ്റി അഭിമാനം കൊള്ളാന്‍ ഒരു ചുക്കുമില്ല എന്നത് അടിവരയിടുന്നു കണക്കുകള്‍ .

ഓണത്തിന്‍റെ മദ്യവില്‍പന കണക്കുകള്‍ ഏതാനും വര്‍ഷങ്ങളായി പത്രങ്ങളില്‍ രസകരമായ ഭാഷയില്‍ എഴുതി വരാറുണ്ട്. എത്ര കോടിയുടെ മദ്യം വിറ്റു, ഏതൊക്കെ ജില്ലകളാണ് മുന്നില്‍, ഏതൊക്കെ ബിവറേജസ് ഔട്ട്ലെറ്റുകളാണ് കൂടുതല്‍ മദ്യം വിറ്റത് എന്നതൊക്കെ അതില്‍ പറയാറുമുണ്ട്. ഈ വര്‍ഷം അവിട്ടത്തിന് ചാനലുകളുടെ ബ്രേക്കിങ് ന്യൂസ് 200 കോടിയുടെ മദ്യം വിറ്റ് ബിവറേജസ് റെക്കോര്‍ഡിട്ടു എന്നതാണ്. എവിടെയും ഒരു നേട്ടവും അടയാളപ്പെടുത്താനില്ലാത്ത ഒരു സമൂഹം കുടിച്ച കള്ളിന്‍റെ കണക്കുപറഞ്ഞ് അഭിമാനിക്കുമ്പോള്‍, ഓണവും ക്രിസ്മസും കേരളത്തിലെ രണ്ടു മദ്യപാനമഹോല്‍വങ്ങളാണ് എന്ന എന്ന സന്ദേശം കുട്ടികളിലേക്കു പകരുകയാണ് മാധ്യമങ്ങളും.

ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ മാത്രം കേരളത്തില്‍ വിറ്റുപോയത് 200 കോടി രൂപയുടെ മദ്യമാണെന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. ഓണക്കാലത്തെ മൊത്തം കണക്കും, ജില്ല തിരിച്ചും ബിവറേജസ് ഔട്ട്ലെറ്റുകള്‍ തിരിച്ചുമുള്ള കണക്കുകള്‍ വരുന്നതേയുള്ളൂ. 2010ല്‍ ഓണക്കാലത്തെ മൊത്തം മദ്യവില്‍പന 200 കോടി രൂപയുടേതായിരുന്നു, 2009ല്‍ 140 കോടിയുടേതും. ഈ വര്‍ഷം രണ്ടു ദിവസത്തെ വില്‍പന തന്നെ പഴയ റെക്കോര്‍ഡുകളെ അമ്പരപ്പിക്കുന്നു. മൊത്തം ആഴ്ചയിലെ വില്‍പന കേരളത്തിന് സര്‍വകാലറെക്കോര്‍ഡ് ആയിരിക്കുമെന്നത് ഇപ്പോഴേ ഉറപ്പിക്കാം.

മദ്യവില്‍പന പടിപടിയായി കുറച്ചുകൊണ്ടുവരികയാണ് സര്‍ക്കാരിന്‍റെ നയമെന്ന് പറയുമ്പോഴും വര്‍ഷാവര്‍ഷം അത് പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് കാണാന്‍ കഴിയുന്നത്. ഈ വര്‍ഷം ഉത്രാടദിനത്തില്‍ കേരളത്തിലുടനീളം എക്സൈസ് വകുപ്പിന്‍റെ മൈക്ക് അനൗണ്‍സ്മെന്‍റും ഉണ്ടായിരുന്നു. വ്യാജമദ്യം കഴിക്കരുത്, ബിവറേജസ് കോര്‍പറേഷനില്‍ നിന്നു വാങ്ങുന്ന മദ്യം മാത്രമേ കഴിക്കാവൂ തുടങ്ങിയ നല്ല കാര്യങ്ങള്‍ മാത്രമാണ് അവര്‍ പറഞ്ഞത്. അതൊക്കെ ജനങ്ങള്‍ അനുസരിച്ചു എന്നതാണ് കണക്കില്‍ നിന്നും മനസ്സിലാകുന്നത്. മദ്യത്തിന്‍റെ വില കൂടിയതും വീര്യം കുറഞ്ഞതുമാണ് കണക്കിലെ വര്‍ധനയ്‍ക്കു കാരണമെന്നാണ് വേറെ ചിലര്‍ പറയുന്നത്. എന്തായാലും ഭൂരിപക്ഷത്തിന്‍റെ അഭിരുചിയായ മദ്യപാനം കേരളത്തില്‍ ഇനിയും മുന്നോട്ടു തന്നെ കുതിക്കും. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു മദ്യം ബിവറേജസില്‍ നിന്നു തന്നെ എന്നതായിരിക്കും കൂടുതല്‍ നല്ല പഴഞ്ചൊല്ല്.

* ഈ വര്‍ഷം ലഭിച്ച ഓണാശംസകളില്‍ ഏറെപ്പേരും happy onam എന്നതിനു പകരം Shappy Ponam എന്നു തന്നെയായിരുന്നു എഴുതിയത്. തമാശയാണെങ്കിലും അത് മാറ്റത്തിന്‍റെ സൂചനയാണ്. ഓണമെന്ന മദ്യോല്‍സവത്തെക്കുറിച്ച് ബിബിസിയിലും ന്യൂയോര്‍ക്ക് ടൈംസിലുമൊക്കെ റിപ്പോര്‍ട്ട് വരാന്‍ അധികകാലമില്ല. മഹാബലിയും ക്രിസ്മസ് അപ്പൂപ്പനുമൊക്കെ ബിവറേജസിന്‍റെ ഭാഗ്യചിഹ്നങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

തിരുവോണദിന പ്രത്യേക പരിപാടികള്‍

രാവിലെ എട്ട് മണിക്ക്- കോള്‍ഗേറ്റ് ഓണം (കോള്‍ഗേറ്റ് ഉപയോഗിച്ച് പല്ലു തേയ്‍ക്കുന്നു. പഴയകാലത്തെ പല്ലുതേയ്‍പും പുതിയ കാലത്തെ പല്ലുതേയ്‍പും തമ്മിലുള്ള വ്യത്യാസം ഈ സമയത്ത് അയവിറക്കും).

8.10- ഓണം സ്പെഷല്‍ കട്ടന്‍ചായ (കസവുതീണ്ടിയ വേഷം ധരിച്ച ചാനല്‍ അവതാരികമാരെ വായില്‍നോക്കിക്കൊണ്ട്)-(വോളിയം മ്യൂട്ടഡ്).

8.30- ഓണച്ചിരി- (പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും പ്രസ്താവനകള്‍ പത്രത്തില്‍ വായിച്ച് പൊട്ടിച്ചിരിക്കുന്നു)

9.00- ഓണരുചി- (നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ എന്ന ടിവി പരസ്യങ്ങള്‍ നെഞ്ചിലേറ്റിക്കൊണ്ട് ബ്രേക്ഫാസ്റ്റ് കഴിക്കുന്നു. തടിച്ചുവീര്‍ത്ത സിനിമാനടി കുട്ടിക്കാലത്തെ ഓണത്തെപ്പറ്റി വാതോരാതെ പറയുന്ന കല്ലുവച്ച നുണകള്‍ കണ്ണടച്ചു വിശ്വസിക്കുന്നു).

9.30- ഓണം സ്പെഷല്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമ- തിയറ്ററുകളില്‍ എട്ടുനിലയില്‍ പൊട്ടിയ ഏതെങ്കിലും കൂതറ സിനിമ 102 കഷണമായി മുറിച്ച് കാണിക്കുന്നത് ടിവിയില്‍ ആവേശത്തോടെ കാണുന്നു. ബോറടി മാറ്റാനെത്തുന്ന പരസ്യങ്ങളിലെ ഓണപ്പെണ്ണുങ്ങളുടെ അംഗലാവണ്യം നുകരുന്നു).

12.00- സദ്യവട്ടം – ചാനലുകളിലെ ഓണസദ്യയുടെ കോപ്പുകള്‍ കണ്ടുകൊണ്ട് അടുക്കളയിലേക്ക് എത്തിനോക്കുന്നു. ടെലിവിഷന്‍ താരങ്ങളുടെ നുണയും അലമ്പും അലങ്കോലപ്രകടനങ്ങളുമുള്ള പ്രത്യേക പരിപാടികള്‍ സഹിക്കുന്നു.

1.00- ഓണസദ്യ- പതിവുപോലെ ഊണ് കഴിക്കുന്നു. ഞാന്‍ ഓണമുണ്ണുകയാണ്, ഓണമുണ്ണുകയാണ് എന്ന് മനസ് ‍പറഞ്ഞുകൊണ്ടിരിക്കുന്നു. ടിവിയിലെ ഓണപ്പരസ്യങ്ങളും ഓണഗ്രാഫിക്സും സംഗീതവുമൊക്കെ കാരണം ശരിക്കും ഞാന്‍ വ്യത്യസ്തമായ എന്തോ ആണ് വെട്ടിവിഴുങ്ങുന്നതെന്ന് തോന്നുന്നു.

1.30- ഓണം സ്പെഷല്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ബംപര്‍ ഹിറ്റ് ചലച്ചിത്രം- തിയറ്ററില്‍പ്പോയി രണ്ടുവട്ടവും സിഡി ഇറങ്ങിയപ്പോള്‍ മൂന്നു വട്ടവും കണ്ട സിനിമ പരസ്യങ്ങളുടെ അകമ്പടിയോടെ ഏഴു മണിക്കൂര്‍ കൊണ്ട് കണ്ടുതീര്‍ക്കാനുള്ള പരിശ്രമത്തിലേക്ക്.

2.00-ഓണാശംസകള്‍ -എസ്എംഎസ് ഫ്രീയാണെന്നു കരുതി ഓണം സ്പെഷല്‍ റേറ്റില്‍ ഒരു രൂപയും രണ്ടു രൂപയുമൊക്കെ മുടക്കി എസ്എംഎസ് അയക്കുന്ന മണ്ടനമാരുടെ എസ്എംഎസുകള്‍ തല്‍ക്ഷണം ഡിലീറ്റ് ചെയ്ത് കോണ്‍ടാക്ട് ലിസ്റ്റിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം ചുരുങ്ങിയ വാക്കുകളില്‍ അര്‍ഥ്യദ്യോതകമായ സന്ദേശങ്ങളയയ്ക്കുന്നു.

2.30- ഓണം വിത് ദി സ്റ്റാര്- സൂപ്പര്‍-മെഗാ സ്റ്റാറുകള്‍ ഓണത്തെപ്പറ്റി പറയുന്ന ബഡായികള്‍ കേട്ട് ബഹുമാനപുരസ്സരം.

3.30- ഓണപ്പെരുമ- ഊഞ്ഞാലാട്ടം, പുലികളി തുടങ്ങിയ ഓണക്കാല വിനോദങ്ങള്‍ ചാനലുകളില്‍ കണ്ട് കണ്‍നിറയുന്നു. രാവിലെ മുതല്‍ കണ്ടു കണ്ടിരിക്കുന്ന പൂചൂടിയ അവതാരകയോട് എന്തോ ഒരിത് തോന്നിത്തുടങ്ങുന്നു.

4.00- ഓണാഘോഷം- ഫുള്ളുകളും അച്ചാറുകളും പോത്ത്,കോഴി,പന്നിയിറച്ചികളുമായി കൂട്ടുകാരന്മാര്‍ ഓണാഘോഷത്തിനായി വിളിക്കുന്നു. ടിവി ഓഫ് ചെയ്ത് പുറപ്പെടുന്നു.

5.00- മെല്ലെ മെല്ലെ അടി തുടങ്ങുന്നു. ഓണപ്പാട്ടില്‍ തുടങ്ങി പൂരപ്പാട്ടിലെത്തുന്നു. ഫുള്ളില്‍ നിന്നും ഫുള്ളിലേക്ക്. ലോകത്തിനു കീഴിലെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു.

7.00- സംഗീതത്തോടൊപ്പം നൃത്തവും. തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ ഐറ്റങ്ങളുമായി കൂട്ടുകാര്‍ക്കൊപ്പം നിലത്തെ മണ്ണ് ചവുട്ടിക്കുഴയ്‍ക്കുന്നു.

9.00- കോണ്‍ടാക്ടിറ്റുള്ള സ്ത്രീകളെ വിളിച്ച് അവരോടുള്ള ഇഷ്ടവും പ്രണയവും കാമഭ്രാന്തും എല്ലാം നിര്‍വിഘ്‍നം വര്‍ണിക്കുന്നു. മെസ്സേജുകള്‍ ലിമിറ്റിനപ്പുറത്തേക്ക് നീളുന്നു.

11.00- മാവേലിയെ വാമനന്‍ അകാരണമായി ചവുട്ടിത്താഴ്‍ത്തിയതില്‍ ആത്മാര്‍ത്ഥമായി വേദനിച്ചുകൊണ്ട്,എങ്ങനെയും മാവേലിയെ പാതാളത്തില്‍ നിന്നും രക്ഷിക്കുമെന്ന് മനസ്സില് ശപഥം ചെയ്തുകൊണ്ട് ഉറച്ച കാല്‍വയ്‍പുകളോടെ മടങ്ങുന്നു.

12.00- തിരികെയെത്തുന്നു. വാളുവയ്‍ക്കുന്നു,വീഴുന്നു.

ഹാപ്പി ഓണം !
http://berlytharangal.com/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക