Image

ലാപതാ ലേഡീസ് (മിനി വിശ്വനാഥന്‍)

Published on 09 May, 2024
ലാപതാ ലേഡീസ് (മിനി വിശ്വനാഥന്‍)

ആഘോഷിക്കപ്പെടുന്ന സിനിമകളൊന്നും എന്നെ സന്തോഷിപ്പിക്കാതായിട്ട് കുറച്ച് കാലമായി.  ജീവിതവുമായി സിനിമയെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല എന്ന് ബോധ്യപ്പെട്ടതോടെ സിനിമയെക്കുറിച്ച് പറയുന്നതും നിർത്തി. കല ജീവിതം തന്നെയാണോ കഥ മാത്രമാണോ എന്ന തർക്കത്തിനും ഇതുവരെ ഒരുത്തരം കിട്ടിയിട്ടുമില്ലല്ലോ! 

ഇത്തവണ ദുബായിലെത്തിയപ്പോഴാണ് പുതിയ കുറച്ച് സിനിമകൾ നെറ്റ്ഫ്ലിക്സിൽ വന്നിട്ടുണ്ടെന്നും  ഒന്ന് കണ്ട് നോക്കാമെന്നും വിശ്വേട്ടൻ പറഞ്ഞത്. അതിൽ ട്വൽത്ത് ഫെയിലും ലാപതാ ലേഡീസും തീർച്ചയായും നിനക്കിഷ്ടപ്പെടുമെന്നു പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. ലാപതാ ലേഡീസ് വഴിപിരിഞ്ഞു പോവുന്ന ഗ്രാമീണ സ്ത്രീകളുടെ കഥയാണെന്ന് ചില റിവ്യുകളിൽ നിന്ന് സൂചന കിട്ടിയതുകൊണ്ട് അത് തന്നെയാവാം ആദ്യം കാണുന്നത് എന്ന് തീരുമാനിച്ചു.

തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ഒട്ടും പരിചയമില്ലാത്ത പുരുഷനൊപ്പം മുഖം മൂടുന്ന വിവാഹ വേഷത്തോടെ ഭർത്തൃവീട്ടിലേക്ക് യാത്രയാവുന്ന രണ്ടു മുന്നു പെൺകുട്ടികളും ഒരേ നിറമുള്ള കോട്ടുകൾ ധരിച്ച പരിഷ്കാരികളെന്ന് സ്വയം വിശ്വസിക്കുന്ന വരൻമാരുമടങ്ങുന്ന ട്രെയിനിലെ യാത്രാ സംഘത്തിലെ പെൺകുട്ടി കളുടെയെല്ലാം സാരിയുടെ ചുവപ്പ് നിറത്തിലൂടെ കഥ ആരംഭിക്കുന്നു.  പാരമ്പര്യ വധൂ സങ്കല്പത്തിൽ ലാൽരംഗിൽ ദേവീഭാവത്തിൽ പെണ്ണ് വിവാഹ  വേഷമണിയുമ്പോൾ പുരുഷൻ വേഷവിധാനത്തിൽ ഒരു പാട് മുന്നോട്ട് നടന്ന് നീങ്ങുന്നുണ്ട്. ആധുനികത ആദ്യം എത്തുന്നത് പുരുഷൻ്റെ വസ്ത്ര സങ്കല്പത്തിൽത്തന്നെയാവണം.

ട്രെയിനിൽ ഒരു അമ്മായി രണ്ട് വരൻമാരുടെയും കോട്ടിൻ്റെ വിലയും  സ്ത്രീധനത്തിൻ്റെ കണക്കുകളും താരതമ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ മുഖമില്ലാത്ത ആ പെൺകുട്ടികൾ ആ തിരക്കിൽ വെന്തുരുകുന്നത് സിനിമ കാണുന്ന ഓരോ പെൺ മനസ്സും അനുഭവിച്ചിട്ടുമുണ്ടാവും! എത്തിപ്പെടുന്ന നാടിൻ്റെ പേരെന്തെന്നോ അവിടത്തെ ജീവിതം എന്താവുമെന്നോ അറിയാത്ത പെൺകുട്ടികളുടെ കാലം അതിവിദൂരത്തൊന്നുമായിരുന്നില്ലെന്ന തിരിച്ചറിവ് വീണ്ടും മനസ്സിൽ നൊമ്പരം പടർത്തി. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴുമുണ്ടാവുമോ ഇത്തരം പെൺകുട്ടികൾ എന്ന തോന്നലും വേദനിപ്പിക്കുന്നതായിരുന്നു. 

ആദ്യത്തെ ജോഡി വധൂവരൻമാർ ട്രെയിനിൽ നിന്നുമിറങ്ങുന്നതോടെ  ലാപതാ ലേഡീസ്  എന്ന പേരിൻ്റെ വാച്യാർത്ഥത്തിൽ നിന്ന്  സിനിമ മുന്നോട്ട് ചലിക്കുന്നു. കാണാതാവുന്നവരിൽ നിന്ന് സ്വയം തിരിച്ചറിയുന്നവരായി മാറുകയാണ് അവരിരുവരും.

എത്തിപ്പെട്ട സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം മാറുന്നതിനോടൊപ്പം
ഈ പെൺകുട്ടികൾ ചുറ്റുമുള്ള പലർക്കും ജീവിതത്തിൻ്റെ വ്യാപ്തിയെക്കുറിച്ച്  തിരിച്ചറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. 
ഭർത്താവിൻ്റെ പേര് ഉറക്കെ പറയുന്നതിൽ പോലും വിലക്കുകൾ ഉള്ള സമൂഹത്തിൻെ പ്രതിനിധിയായ ആ പെൺകുട്ടിയുടെ നിഷ്കളങ്കതയിൽ ഒരു വിശ്വാസമുണ്ട്. അമ്മ തന്നെ ജീവിക്കാനാവശ്യമായ എല്ലാം തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന ഒരു ആത്മവിശ്വാസത്തിൻ്റെ ധൈര്യത്തിലാണ് അവൾ പ്രതീക്ഷകൾ കൈവിടാതെ ആ സ്റ്റേഷൻ പരിസരത്ത് തൻ്റെ ഭർത്താവ് തന്നെ അന്വേഷിച്ച് വരുമെന്ന് വിശ്വസിച്ച് ജീവിക്കുന്നത്. അമ്മ പഠിപ്പിച്ച പാചകം അവൾ ഉപയോഗിക്കുകയും, അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുമെന്ന് തിരിച്ചറിയുകയും ചെയ്യുന്നു എന്നത് വലിയ കാര്യമാണ്. ബിസിനസ് വിജയിക്കണമെങ്കിൽ പുതിയ ഐഡിയകൾ ഉണ്ടാവണമെന്നത് അവൾ സ്വയം ആർജ്ജിച്ച ബോധമാണ്. അവൾ വഴി തെറ്റുകയല്ല, ശരിയായ വഴിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ജീവിതത്തിൽ കയ്പുനീരുമാത്രം രുചിച്ച് ശീലിച്ച ചായക്കടക്കാരി മധുരത്തിൻ്റെ രുചിയറിയുന്ന രംഗത്തിൻ്റെ മാധുര്യത്തിന് പൊലിമ ഏറും.

ഈ സിനിമ എനിക്കിഷ്ടപ്പെടാൻ മറ്റൊരു കാരണം ഇതിൽ നിറഞ്ഞുനിൽക്കുന്ന നന്മയാണ്. കുറ്റപ്പെടുത്തലുകളോ പഴി പറച്ചിലുകളോ ഇല്ലാതെ ഇതിലെ ഓരോ മനുഷ്യരും വന്നുചേർന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ്. വില്ലൻ കഥാപാത്രങ്ങൾ ഇല്ലാത്ത ജീവിതം പോലെ മധുരമായ ഒരു സിനിമ. 

പെണ്ണുങ്ങളുടെ ഇഷ്ടങ്ങളും രുചികളും വെറുതെ മറന്നു കളയാനുള്ളതല്ല എന്ന ഓർമ്മിപ്പിക്കൽ ചെറുതല്ല. ഭർത്താവിൻ്റെ പേര് പറയാൻ പോലും സ്വാതന്ത്ര്യമില്ലാത്തിടത്ത് നിന്ന് ആ പേര്  ഉറക്കെ വിളിച്ച് അയാളെ തേടിയെത്തുന്നിടത്ത് സിനിമ തൻ്റെ ദൗത്യം പൂർത്തിയാക്കുന്നു.

അപ്രതീക്ഷിതമായി എത്തിപ്പെട്ടയിടം തൻ്റെ സ്വപ്നങ്ങൾ സ്വന്തമാക്കാനായി ഉപയോഗിക്കുന്ന ജയയും ലാപതാ യിൽ  നിന്ന് എല്ലാമറിയുന്ന സ്ത്രീയായി ഉയരുന്നുണ്ട്.

ഈ സിനിമ കണ്ട് കണ്ട് മനസ്സ് നിറഞ്ഞതിന് കാരണം ജീവിതത്തിൻ്റെ വഴിയറിയാത്ത അല്ലെങ്കിൽ വഴിതെറ്റിയ ഒരു പാട് സ്ത്രീകളെ നേരിട്ട് പരിചയമുള്ളത് കൊണ്ടാണ്. 

പരസ്പരമൊന്ന് ചേർന്ന് നിന്നാൽ മറ്റുള്ളവരുടെ ജീവിതവും മനോഹരമാവും എന്ന ഈ സിനിമ നൽകുന്ന സന്ദേശത്തിൻ്റെ മഹത്വം ചെറുതല്ല. നീക്കുപോക്കുകളും വിട്ടുവീഴ്ചകളും ഈ യാത്രയുടെ ഭാഗം തന്നെ.
ഇതിൽ അഭിനയിച്ച ഓരോരുത്തരും തങ്ങളുടെ ഭാഗം കൃത്യമായി അഭിനിയിച്ചിട്ടുണ്ട്. സിനിമ കാണുക എന്ന തോന്നലിൽ നിന്ന് മാറി കുറെയേറെ പച്ച മനുഷ്യർക്കൊപ്പം നടക്കുന്ന ഒരു ഫീൽ ഉണ്ടാക്കാൻ കൃത്യമായും ഇതിലെ ഓരോ നടീനടൻമാർക്കും ആയിട്ടുണ്ട്. എല്ലാവരും നായകർ ആവുന്ന ഒരു സിനിമയാണിതെന്ന തോന്നൽ ഇത് കണ്ട ഓരോരുത്തർക്കുമുണ്ടാവും.

ജീവിതം നിറഞ്ഞ സിനിമകൾ ഉണ്ടാവട്ടെ ! നല്ല മനുഷ്യൻമാർ നിറഞ്ഞ ലോകം ഉണ്ടാവട്ടെ! ഓരോരു പെൺകുട്ടിയും തങ്ങളുടെ വഴി സ്വയം കണ്ട് പിടിക്കട്ടെ! മനസ്സ് നിറഞ്ഞ ഒരു സിനിമ സമ്മാനിച്ച ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് നന്മകൾ ഉണ്ടാവട്ടെ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക