വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായ സർവ്വേ ഫലങ്ങളോട് പ്രതികൂലമായി പ്രതികരിക്കുവാൻ ആരംഭിച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കേൾക്കുവാനിടയായ പ്രഭാഷണങ്ങളിൽ നിന്ന് വ്യക്തമായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ധന ശേഖരണത്തിനുമായി ബൈഡൻ തെക്ക് കിഴക്കൻ വിസ്കോൺസിനും, ഷിക്കാഗോയും സന്ദർശിക്കുക ആയിരുന്നു. കടുത്ത മത്സരം നടത്തുന്ന, ഫലങ്ങൾ മാറി മറിയുവാൻ ഏറെ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ 6 പോയിന്റുകൾക്കു താൻ റിപ്പബ്ലിക്കൻ എതിരാളി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിലാണെന്ന് എടുത്തു പറഞ്ഞു. എന്നാൽ പാൽമർ ഹൗസ് ഹോട്ടലിൽ തന്റെ ദാതാക്കളോട് ഈ സർവ്വേ ഫലങ്ങൾ വളരെ മുൻകൂട്ടി ഉള്ളതാണ്, ഇതിനു വലിയ പ്രാധാന്യം കല്പിക്കേണ്ടതില്ല എന്ന് മുന്നറിയിപ്പു നൽകി. ഫണ്ട് റേസിങ്ങിൽ നിനിന്നു രണ്ടു മില്യൺ ഡോളറിൽ അധികം സമാഹരിച്ചു എന്നാണു വിവരം. മുൻ പ്രസിഡന്റ് ട്രംപിന്റെ ഭരണകാലത്തു എല്ലാം കുഴപ്പം പിടിച്ചതായിരുന്നു എന്നാരോപിച്ച ബൈഡൻ.
ഹോട്ടലിൽ എൺപതു മെഗാ ഡോണർമാരുമായി കൂടിക്കാഴ്ച നടത്തുവാൻ മറന്നില്ല. പഴയ കൂട്ടുകാർ ബൈഡനെ ആലിംഗനത്തോടെ സ്വാഗതം ചെയ്തു. ബൈഡൻ-ക്ലെയ്‌ക്കോ സി ഇ ഓ ബോബ് ക്ളാർക് കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. മുൻ പ്രസിഡന്റ് ബാരാക് ഒബാമ യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ക്ലാര്ക് അന്ന് വിട്ടു മാറാതെ ഒബാമക്കൊപ്പം ഉണ്ടായിരുന്നു. ട്രംപ് വിജയിച്ചാൽ അഫോർഡബിൾ കെയർ ആക്ട് (എ സി എ ) ഇല്ലാതാക്കും എന്ന് ബൈഡൻ ആരോപിച്ചു.
ടൈം സ്റ്റാമ്പിന്റെ പുതിയ അഭിപ്രായ സർവേയിൽ ട്രംപിന് 237 ഡെലിഗേറ്റ് വോട്ടും ബൈഡനു 213 ഡെലിഗേറ്റുകളുമാണ് പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 270 വോട്ടുകളാണ്. ബാക്കി 88 പേർ തീരുമാനം എടുക്കുവാൻ ബാക്കിയുണ്ട് .
ഇതിനിടയിൽ ക്രിപ്റ്റോ കറൺസി വ്യവസായത്തെ പ്രീതിപ്പെടുത്തുവാൻ ട്രംപ് ശ്രമം ആരംഭിച്ചു. ബൈഡൻ വിജയിച്ചാൽ ക്രിപ്റ്റോ വ്യവസായത്തെ ഇല്ലാതാക്കാൻ ശ്രമം നടത്തുമെന്ന് ട്രംപ് ആരോപിച്ചു. ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടി നേതാക്കൾ പലരും ഇതിനകം തന്നെ ബിറ്റ് കോയിൻ വക്താക്കളായി മാറിയിട്ടുണ്ട്. വാഷിങ്ങ്ടണിൽ തീവ്ര ലോബിയിങ് നടത്തുന്ന ക്രിപ്റ്റോ വ്യവസായ പ്രമുഖർക്കു ട്രംപിന്റെ താല്പര്യം അനുഗ്രഹമായി മാറിയേക്കും. പല തട്ടിപ്പ് ആരോപണങ്ങളും ക്രിപ്റ്റോ കറൻസികൾക്കു എതിരെ ഉയർന്നിട്ടുള്ളതിനാൽ ഡെമോക്രറ്റുകൾ പൊതുവായി അനുകൂലാഭിപ്രായം പറയുവാൻ വിമുഖരാണ്.