വഴിയിൽ കണ്ട കൗതുകത്തിന്
പടിപ്പുരകയറുമ്പോൾ
സൂക്ഷിക്കണം...
കല്ലുകളിൽ കാലങ്ങളായി കിനിയുന്ന കണ്ണീരിന്റെ വഴുക്കലുകളുണ്ട്
ഇടിച്ചു കയറി വന്നവരുടെ
കാലൊടിഞ്ഞ കരച്ചിലുകൾ
കേട്ടു മനം മടുത്തത് കൊണ്ടാണ്..
കയറണ്ട.....
എന്നിട്ടും കയറിയെങ്കിൽ..
നോക്ക്... ഒരുനിമിഷമാ
പടിപ്പുരയിൽ നിൽക്കരുത്
പുരാതന മറവികളുടെ
പൂപ്പൽ പശകളിൽ
ഒട്ടി നിൽക്കുന്നത് കൊണ്ട് മാത്രം
വീഴാതിരിക്കുന്നൊരു മേൽക്കൂരയാണത്...
ഓടുക...
മതി...
മുറ്റത്ത് കാൽ വെച്ചവർ
അടുത്ത നീക്കം സൂക്ഷിച്ചു വേണം...
കാലങ്ങളായി കുഴിച്ചിട്ട
കവിതകളുടെ ചാപിള്ളകളുറങ്ങുന്ന
ശവപ്പറമ്പിലാണിപ്പോ
നിങ്ങളുടെ നിൽപ്പ്
ഓരോ കാശിത്തുമ്പചുവട്ടിലും
ഓരോ ഖബറുകളാണ്.
ചവിട്ടരുത്...
കരയാക്കുഞ്ഞുങ്ങളുടെ
വാ പിളർന്നാൽ
നമ്മളൊന്നിച്ചു താഴ്ന്നുപോയേക്കും..
ജയിച്ചെന്നു കരുതി
ഉമ്മറം നോക്കി
ഊറിച്ചിരിച്ചു വരുന്നമ്പോ
താഴോട്ട് നോക്കി നടക്കണം..
കുഴിയാനക്കുഴികളെന്നു കണ്ട്
കാലെടുത്തു വെക്കുന്നത്
കടലാഴമുള്ള ചുഴികളിലേക്കാണ്..
ഒറ്റക്കറക്കത്തിൽ
അപരിചിതമായൊരു
ഭൂതകാലക്കിണറിന്റെ നെല്ലിപ്പലകയിൽ മനസ്സു കുത്തിക്കലങ്ങിമരിച്ചു പോകും...
അവിടെയൊരു തവളയിരുന്ന്
കവിതയെഴുതുന്നത് കണ്ട്
ചിരിച്ചു ചിരിച്ച്
പരലോകം പൂകാമെന്നല്ലാതെ ,
വന്നു പോയവരേ...
ഇവിടൊന്നുമില്ല..!!