അച്ഛന്റെ മരണശേഷമായിരുന്നു ഞാൻ അമ്മയെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയത്. ഒരു പക്ഷെ അമ്മയുടെ മൂത്ത മകൾ ആയതിനാലാകാം കൂടെക്കൂടെ അമ്മയ്ക്കരികിലേക്കു എത്തണം എന്ന മോഹം ഒരു നിർബ്ബന്ധമായി വളർന്നു.
വീട്ടുജോലികൾ തീർത്തു മക്കളെ സ്കൂളിലേക്കയച്ചതിനു ശേഷം ബസ് കയറി കുന്നിറങ്ങി വീടെത്തുമ്പോൾ അച്ഛന്റെ തലയണ ഭിത്തിയോട് ചേർത്തു വെച്ചു അമ്മ ഗോവണി മുറിയിലെ കട്ടിലിൽ ചുരുണ്ടു കിടക്കുന്നുണ്ടാകും. ഞാൻ ചെല്ലുമ്പോൾ ഒരു പ്രകാശം ആ മുഖത്ത് മിന്നി മായും.
"എന്നാലും അച്ഛൻ ഇത്രേം പെട്ടെന്ന്.."
പലവട്ടം പറഞ്ഞ ആ പാതിരാവിന്റെ നോവ് അമ്മ എന്നോട് വീണ്ടും വീണ്ടും പങ്ക് വെക്കും. മടുപ്പില്ലാതെ കേട്ടിരുന്ന് അച്ഛന്റെ നിഴലായി മാത്രം ജീവിച്ച അമ്മയെ ഞാൻ എന്റെ നിഴലിനോട് ചേർത്തു പിടിക്കുകയായിരുന്നു പിന്നീട്.
അന്നൊരു മേടമാസത്തിലെ നട്ടുച്ചയിൽ പോരാൻ ഇറങ്ങിയ എന്റെ കണ്ണുകൾ മുറ്റത്തിന്റെ വടക്കു കിഴക്കേ കോണിൽ കുട പിടിച്ചു നിന്ന കൊന്നയുടെ കൊമ്പിൽ അമ്മ കാണാതെ ആദ്യമായി വിരിഞ്ഞു നിന്ന പൂങ്കുലയിലുടക്കി.
എത്രയോ നാളുകൾ മുൻപ് പൂക്കുമെന്നു അച്ഛൻ പ്രതീക്ഷിച്ചിരുന്ന കൊന്ന അച്ഛനില്ലാത്ത വർഷം ആദ്യമായി പൂത്തപ്പോൾ എനിക്ക് അവളോട് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു.
"എന്തേ നീ പൂക്കാൻ ഇത്രയും വൈകി.? എത്ര നാളുകൾ നിനക്കായി കാത്തിരുന്നിട്ടാ അച്ഛൻ പോയത്. "എന്റെ മൗനം അമ്മയുടെ കണ്ണുകളിൽ മുഖം നോക്കിയതറിഞ്ഞു വാടിയ ഒരു പാഴില അടർന്നു വീണു.
"നീയും അങ്ങനെ തന്നെ അല്ലായിരുന്നോ.. ആ മനസ്സിൽ എത്രത്തോളം ആഴത്തിലാണ് നീ സ്വപ്നം കൊണ്ടൊരു വൃക്ഷം നട്ടതും പിന്നെ അതിനെ ഒരു സങ്കടമരമാക്കി കളഞ്ഞതും.? "
നിറുകയിൽ വന്നു വീണ പാഴിലയോ അച്ഛന്റെ ആത്മ നൊമ്പരമോ എന്നോട് അത് ചോദിച്ചത്.? ഇപ്പോഴും അറിയില്ല.
എങ്കിലും ഒന്നറിയുന്നു ഇപ്പോൾ ഈ ഏകാന്തതയും മനോഹരമാണ്. ഇ തിലൊരു സംഗീതമുണ്ട്. ആഴത്തിലേക്കിറങ്ങി ചെന്നാൽ മാത്രം കേൾക്കാവുന്ന അമ്മമനസ്സിലെ താരാട്ടിന്റെ ജലമർമ്മരം...പോലെ അമ്മയില്ലാത്ത ഓരോ നിമിഷവും പകരുന്ന സ്വാതന്ത്ര്യത്തിന്റെ പേടിപ്പെടുത്തുന്ന ആകാശം. ഇരുൾ മേഘങ്ങൾ.. എന്നിട്ടും ഒരു ശാന്തിമന്ത്രം പോലെ കാറ്റ്.. ഋതുഭേദങ്ങൾ...മരുപ്പച്ചകൾ..
അവ കണ്ടെത്തിയാൽ അമ്മയോർമ്മകളോടൊപ്പം ഏത് നിലവിളിയെയും ആരുമറിയാത്ത മൗനത്തിലേക്കു ഒഴുക്കി വിടാൻ കഴിയും. ഏത് ഇരുട്ടിൽ നിന്നും വെളിച്ചത്തുണ്ടുകൾ വേർതിരിച്ചെടുക്കാനാകും.
"എന്തേ പൂക്കാൻ വൈകിയത്" എന്ന് കണ്ടു ചോദിക്കാൻ ഇന്ന് അവൾ അവിടെ ഉണ്ടോ എന്നറിയില്ല. അല്ലെങ്കിലും ആർക്കു വേണ്ടി തണൽ വിരിക്കാനാണ് അവൾ ഇനി കുടയാകേണ്ടത്.?
ഏതു അമ്മയ്ക്ക് കുട പിടിയ്ക്കാൻ ആണ് ഞാൻ ഇനി മകൾ ആകേണ്ടത്?
ഏതു മകൾക്കു കുട നീർത്താൻ ആണ് ഞാൻ ഇനി അമ്മ ആകേണ്ടത്?
എങ്കിലും ജന്മം സഫലം സാർത്ഥകം.. സമയമാനുസാരമായി ഓരോന്നും വന്നു ചേരുന്നു.. വിട്ടു പോകുന്നു.. ശൂന്യതകളെയാകെ ഓർമ്മകൾ കൊണ്ടു നിറയ്ക്കുന്നു.