Image

മലയാളം മിഷൻ ജിദ്ദ  നേതൃത്വം ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധികൃതരുമായി ചർച്ച നടത്തി

Published on 12 May, 2024
മലയാളം മിഷൻ ജിദ്ദ  നേതൃത്വം ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധികൃതരുമായി ചർച്ച നടത്തി

 

 ആഗോള മലയാളി സമൂഹത്തിനായി കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഭാഷാ പഠനവേദിയായ മലയാളം മിഷൻ - ജിദ്ദാ ചാപ്റ്റർ നേതൃത്വം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധികൃതരുമായി വിദ്യാഭ്യാസ സംബന്ധിയായ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. 

പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ ഇംറാൻ, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഹേമലത രാജ് എന്നിവരുമായി മലയാളം മിഷൻ പ്രവർത്തനങ്ങളേയും ഇന്ത്യൻ പൊതു സമൂഹത്തിനാവശ്യമായ വിവിധ വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ചും ചർച്ചനടത്തി.

ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്‌ളാസുമുതൽ മലയാള ഭാഷാ  പഠനം ഉൾപ്പെടുത്തുക, സാങ്കേതിക വളർച്ച സൃഷ്ടിച്ച മാറ്റങ്ങൾക്കനുസൃതമായ പശ്ചാത്തല സൗകര്യങ്ങൾ പഠന മാധ്യമങ്ങൾക്കായി ഏർപ്പെടുത്തുക, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാ വശ്യമായ കരുതലാർന്ന ഇടപെടലുകൾ നടത്തുക, മത്സരപ്പരീക്ഷകൾ നേരിടാൻ തക്കവിധം കുട്ടികളെ പ്രാപ്തരാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അധികൃതർക്കു  മുമ്പാകെ അവതരിപ്പിക്കുകയും സ്കൂളിനെ സംബന്ധിക്കുന്ന പൊതു വിഷയങ്ങളും ചർച്ചയിൽ അധികൃതരെ ധരിപ്പിച്ചു.  

കൂടിക്കാഴ്ച്ചയിൽ മലയാളം മിഷൻ സൗദി ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം,  രക്ഷാധികാരി നസീർ വാവക്കുഞ്ഞ്,  ജിദ്ദ കോർഡിനേറ്റർ ജുനൈസ് അസൈനാർ,  മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷ നൗഫൽ,  ടിറ്റോ മീരാൻ,  സുവിജ സത്യൻ എന്നിവരും  പങ്കെടുത്തു.

ആഗോളാടിസ്ഥാനത്തിൽ 130 ൽ അധികം രാജ്യങ്ങളിൽ മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ വ്യവസ്ഥാപിതമായി ഭാഷാ പഠനക്ളാസ്സുകൾ നടക്കുന്നുണ്ട്. മൂന്നു ഘട്ടമായുള്ള പഠനം പത്താം ക്ലാസിനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്. മലയാള ഭാഷയോടും സംസ്കാരത്തോടും പ്രവാസി മലയാളികളിൽ അഭിവാഞ്ച ഉണർത്തുന്ന മലയാളം ക്ലബ്ബുകൾ തുടങ്ങുവാനും മലയാളം മിഷൻ ശ്രമിക്കുന്നുണ്ടെന്നും ജിദ്ദാ ചാപ്റ്റർ നേതാക്കൾ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക