ജനിച്ച നാടിൻറെ സൗഭഗങ്ങൾ കണ്ടുതീർന്നു മതിയായിട്ടില്ല. അതുകൊണ്ടാണ് ആംസ്റ്റർഡാമിൽ നിന്ന് പറന്നെത്തിയ പാലാക്കാരൻ ടോണി തോമസ് ഈയിടെ കടമ്മനിട്ടയിൽ വല്യ പടേനി കാണാൻ പോയത്. "ഇതുപോലൊരു ദൃശ്യം എവിടെക്കിട്ടാൻ?" തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ ഒഴുകുന്ന പുഴയുടെയും പച്ചസാരിചുറ്റിയ തേയിലത്തോട്ടങ്ങളുടെയും ചിത്രങ്ങൾ പങ്കു വച്ചുകൊണ്ടു അദ്ദേഹം ചോദിക്കുന്നു.
നെതർലന്ഡ്സിന്റെ തെക്കേ അരികിലുള്ള ഐൻഡ്ഹോവെൻ എന്ന ടോക്‌നോപോർട്ടിൽ ആഗോളഭീമൻ ഫിലിപ്സിന്റെ ലൈറ്റ് വിഭാഗമായ സിഗ്നിഫൈയിൽ ചീഫ് ഡിജിറ്റൽ ആൻഡ് ഇൻഫർമേഷൻ ഓഫീസറാണ് പാലാ പന്തത്തല പരിന്തിരിക്കൽ പിഎ തോമസിന്റെ മകൻ ടോണി.
മലയാളിത്തനിമയോടെ ലോകോത്തര ഡിജിറ്റൽമാൻ ടോണി തോമസ്
ഡിജിറ്റൽ ഇൻഫർമേഷൻ ലോകത്ത് 25 വർഷത്തെ അനുഭപരിജ്ഞാനമുണ്ട് ടോണിക്ക്. ഒന്നര വയസ് ഇളപ്പമുള്ള അനുജനുണ്ട് ജിബു തോമസ്. മൻഹാറ്റനിലെ എസ്റ്റീ ലോഡർ എന്നബഹുരാഷ്ട്ര കോസ്മറ്റിക് കമ്പനിയുടെ ഓൺലൈൻ ഡിവിഷൻ പ്രസിഡന്റ്.
രണ്ടുപേരും തിരുവനന്തപുരം ഗവർമെന്റ് എൻജിനീയറിങ് കോളജിൽ ഒന്നിച്ചു പഠിച്ചിറങ്ങിയവർ. ടോണി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിലും ജിബു കംപ്യൂട്ടർ സയാസിലും ബി ടെക് എടുത്തു. ടോണി ഡോക്ടർ ഓഫ് സയൻസ് എന്ന ബഹുതി ബിരുദം നേടിയിട്ടുണ്ടെങ്കിലും അത്തരം അംഗീകാരങ്ങളിൽ അഭിരമിക്കാത്ത ആളാണ്.
കേരളത്തിൽ എൻജിനീയറിങ് ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പാഠ്യപദ്ധതികൾ പുതിയ ഡിജിറ്റൽ ലോകത്തിനു വേണ്ട രീതിയിൽ പരിഷ്‌ക്കരിക്കുകയും കുട്ടികളിൽ നൈപുണ്യ വികസനം നിർബന്ധമാക്കുകയൂം വേണമെന്ന് ശഠിക്കുന്ന ടോണി, ഗവർമെന്റിന്റെ പല ഉന്നതോപദേശക സമിതികളിലും അംഗമാണ്. തിരുവനന്തപുരത്തെ ഐസിടി അക്കാദമി അധ്യക്ഷനുമാണ്.
ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമൊത്ത് കടമ്മനിട്ട പടയണി മ്യുസിയത്തിൽ
എന്നിട്ടും ടോണിiയുടെ വിമർശനങ്ങളുടെ മൂർച്ച കൂടുന്നതേയുള്ളു. 'കേരളത്തിൽ കഥകളിയും ഹൗസ് ബോട്ടും ഉണ്ടെന്നു കൊട്ടിഘോഷിച്ചിട്ടു കാര്യമില്ല. ഇവിടെ വ്യവസായം ആരംഭിക്കാനുള്ള അന്തരീക്ഷം ഉണ്ടോ?' ടോണി മുഖത്തടിച്ച് ചോദിക്കുന്നു.
"നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല നന്നാകണമെങ്കിൽ പ്രാഥമിക വിദ്യാഭ്യാസം നന്നാകണം. പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്തവർക്കും എ പ്ലസ് കൊടുത്താൽ. അദ്ധ്യാപനം രാഷ്ട്രീയ പാർട്ടികൾക്ക് യുണിയൻ വളർത്താനുള്ള ഉപാധിയാക്കിയാൽ, യൂണിവേഴ്‌സിറ്റികളിൽ വിസി മുതൽ സിൻഡിക്കേറ്റും സെനറ്റും പോലെ എല്ലാ പ്രധാന പദവികളും പാർട്ടി അനുഭാവികൾക്കും അനുഭാവികളുടെ ബന്ധുക്കൾക്കുമുള്ള പാരിതോഷികമായി മാറ്റിയാൽ, മെരിറ്റിനു ഒരു വിലയുമില്ലാതെ സർക്കാർ കുത്തകയിലുള്ള തൊഴിൽ സമ്പ്രദായം നിലനിർത്തിയാൽ, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടില്ല.'
ലോകത്തിന്റെ ഏതു കോണിലിരുന്നു കൊണ്ടും കേരളത്തിലെ കാര്യങ്ങൾ തൊട്ടറിഞ്ഞു കമന്റ് പാസാ ക്കുന്ന പതിവുണ്ട്ടോണിക്ക്. റോബിൻ ബസ് ഉടമയെ മോട്ടോർവകുപ്പുദ്യോഗസ്ഥർ പീഡിപ്പിച്ചതും വയനാട്ടിൽ സിദ്ധാർഥിനെ ആക്രമിച്ചതും ജനത്തെ അടിച്ചൊതുക്കുന്ന രക്ഷാപ്രവർത്തനവുമെല്ലാം വിമർശനശരവ്യമാവുന്നു. 'ഞാൻ മുഖ്യമന്ത്രിയായാൽ ആദ്യം പിരിച്ചുവിടുന്ന ക്യാബിനെറ്റുകളിൽ ചിലതു വനം, എക്സൈസ്, ഗതാഗതം' എന്നിങ്ങനെ ലിസ്റ്റ് നീണ്ടു പോകുന്നു.
കേരളത്തിന്റെ മുഗ്ദ്ധസൗന്ദര്യത്തിനു ടോസ്റ്
‘സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതികളെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ചപ്പാടും, ശക്തമായ നിലപാടും, തുറന്നു പറയാനുള്ള ചങ്കുറപ്പും ഉണ്ട്. അതു മനസ്സിലാക്കാൻ സാധിക്കാത്ത നിങ്ങൾ പരസ്പരം ചാപ്പ കുത്തുന്ന മാതിരി കമ്മി, കൊങ്ങി, സങ്കി, സുടാപ്പി ഇത്യാദി ഗണത്തിൽ എന്നെ പെടുത്താൻ നോക്കരുത്. ഞാൻ ഇതിൽ ഒന്നും പെടില്ല. വെറുതെ ചിന്തിച്ചു സമയം കളയേണ്ട.
‘എന്റെ ചിന്താഗതി മനസ്സിലാക്കണമെങ്കിൽ എന്നെ അറിയണം, ഞാൻ വളർന്ന നാടുകൾ അറിയണം, ഞാൻ പഠിച്ച പാഠങ്ങൾ അറിയണം, ഞാൻ സഞ്ചരിച്ച വഴികൾ അറിയണം, ഞാൻ കണ്ട ആളുകളെ അറിയണം, ഞാൻ അനുഭവിച്ച ജീവിതം അറിയണം, ഞാൻ ചെയ്ത കർമ്മങ്ങൾ അറിയണം, ഞാൻ ചിന്തിക്കുന്ന വിഷയങ്ങൾ അറിയണം, ഞാൻ പോകുന്ന ദിശ അറിയണം.
മികച്ച എൻജി. വിദ്യാർത്ഥിക്കുള്ള അലുംനി പുരസ്ക്കാരം വെയ്‌ത മഹാദേവന്
‘പക്ഷെ നിങ്ങൾ ഒരിക്കലും അത് അറിയില്ല. അത് അറിയണമെങ്കിൽ സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം. എന്റെ ചില പോസ്റ്റുകൾക്ക് വരുന്ന ചില രാഷ്ട്രീയ തിമിരം ബാധിച്ച കമന്റുകൾ കണ്ട് പറഞ്ഞെന്നേ ഉള്ളു.’ എന്ന് പോസ്റ്റിടുന്നു ടോണി
ടോണിയുടെ വിമർശനങ്ങൾ അധികാരികളെ ഞെട്ടിക്കേണ്ടതാണ്. എന്നിട്ടും ചീഫ് സെക്രട്ടറി മുതൽ സ്റ്റാർ ഹോട്ടലിലെ റിസപ്‌ഷനിസ്റ്റുവരെ ടോണിയെ പരിചയവലയത്തിൽ കൊണ്ടുനടക്കാൻ ഉത്സാഹിക്കുന്നു. ഒരുപക്ഷെ ടോണിയുടെ ഉദ്ദേശ ശുദ്ധിക്ക് മാപ്പു നൽകുകയാണ് ലോകം. സത്യം തുറന്നു കാട്ടുന്ന സോക്രട്ടീസിനെപ്പോലെയോ ബ്രസീലിലെ ആധുനിക വിദ്യാഭ്യാസചിന്തകൻ പൗലോ കൊയിലോയെപ്പോലെയോ പ്രവാചകന്റെ മാസ്‌മര സ്പർശമില്ലേ ആ വാക്കുകൾക്ക്?
എല്ലാം വെളിച്ചം- സിഗ്നിഫൈ മാസ്മരപ്രഭയിൽ മുങ്ങിക്കുളിച്ച്
അതുകൊണ്ടാണ് ചീഫ് സെക്രട്ടറി ഡോ. വി. വേണു ടോണിയെ കൂട്ടി വല്യ പടേനി കാണിക്കാൻ കടമ്മനിട്ടക്ക് പോയത്. അതുകൊണ്ടാണ് ഏതു സ്റ്റാർ ഹോട്ടലിൽ ചേക്കേറിയാലും ഒരു ഗ്ലാസ് ബീയർ ഉയർത്തികാട്ടിക്കൊണ്ടു ടോണി കേരളത്തിന് ടോസ്റ് പറയുന്നത്!
അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ഇംഗ്ലീഷ് പഠിപ്പിച്ചു അന്നാട്ടുകാരിയായ സാറാമ്മ എന്ന ഓമനയെ വിവാഹം കഴിച്ചയാളാണ് ടോണി-ജിബുമാരുടെ പിതാവ് പിഎ തോമസ്. കാഞ്ഞിരപ്പള്ളി എകെജെഎംഎസ് എന്ന ജെസ്വിറ്റ് സ്‌കൂളിൽ ബോർഡിങ്ങിൽ നിന്ന് പഠിച്ചിരുന്ന രണ്ടു മക്കളെയും അവർ ജോലിചെയ്തിരുന്ന നൈജീരിയയിലേക്കു കൊണ്ടു പോയി. അവിടെ പന്ത്രണ്ടു കഴിഞ്ഞപ്പോൾ എൻജിനീയറിങ് പ്രവേശനപ്പരീക്ഷക്കായി തിരുവനന്തപുരത്തേക്ക്.
ഓണാഘോഷത്തിനു റെഡി ; സ്വന്തം ഗ്രാമത്തിലെ വൃദ്ധ ഭവനത്തിൽ
ബിരുദം നേടി ടാറ്റാ ഫോൺസിലും ടിസിഎസിലും ക്യാമ്പസ് സെലക്ഷൻ കിട്ടി ചെന്നെയിൽ ജീവിതം ആരംഭിച്ചവർ. ടോണിയെ 'എ മാൻ ഇൻ എ ഹറി' എന്ന് വിളിക്കണം. എത്ര സങ്കീർണമായ ജോലി ഏല്പിച്ചാലും മിന്നൽ വേഗത്തിൽ ചെയ്‌തു തീർക്കാനുള്ള വഴികൾ കണ്ടുപിടിക്കും. അതുകൊണ്ടു തന്നെ ഒരിടത്തും ഇരിപ്പുറക്കില്ല. പുതിയ പുതിയ മേച്ചിൽ സ്ഥലങ്ങളിലേക്ക് പറന്നകലും. 'എ റോളിംഗ് സ്റ്റോൺ ഗാതേഴ്‌സ് നോ മോസ്' എന്ന് ടോണി സ്വയം വിശേഷിപ്പിക്കുന്നു.
ജീവിതത്തിന്റെ പകുതിപോലും എത്തും മുമ്പ് ടോണി ജോലിചയ്ത സ്ഥാപനങ്ങളുടെ പട്ടിക കണ്ടാൽ മതി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആ തിടുക്കം. സത്യം കംപ്യൂട്ടേഴ്, ചെന്നൈ, സീക് സ്റ്റീൽ, ന്യുയോർക്ക്, ഏനെസ്റ് ആൻഡ് യങ്, ന്യുയോർക്ക്, സിറ്റി ബാങ്ക്, ന്യുയോർക്ക്, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്, വൊഡാഫോൺ, മുംബൈ, ജനറൽ ഇലക്ട്രിക്, ബെംഗളൂരു, നിസാൻ മോട്ടോർസ്, യോക്കോഹാമ, സിഗ്നിഫൈ, നെതർലൻഡ്‌സ്.
ചിരന്തന സുഹൃത്ത് ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലനോടൊപ്പം
സിഗ്നിഫൈയെക്കുറിച്ചു ടോണിയുടെ വാക്കുകൾ:
'സൂര്യന് ശേഷം ഏറ്റവും കൂടുതൽ പ്രകാശം ഭൂമിയിൽ നൽകുന്നത് സിഗ്നിഫൈ ലൈറ്റുകൾ ആവാം. 1891ൽ സ്ഥാപിച്ച ഫിലിപ്സ് ലൈറ്റിംഗ് കമ്പനിയാണ് പിന്നീട് സിഗ്നിഫൈ ആയത്. ഇപ്പോഴും ഫിലിപ്സ് ബ്രാൻഡ് സിഗ്നിഫൈ ഉപയോഗിക്കുന്നു. ഫിലിപ്സിന്റെ ജന്മനാടായ നെതെർലൻഡ്‌സിലെ ഐൻഡ്ഹോവെൻ പിഎസ്‌വി (Philips Sport Vereniging) ഫുട്ബോൾ ടീം കളിക്കുന്ന സ്റ്റേഡിയത്തിൽ നിന്നള്ള ദൃശ്യങ്ങൾ വിസ്മയകരമാണ്. സ്റ്റേഡിയം ലൈറ്റിംഗ് മാത്രമല്ല, ശീതകാലത്ത് നാച്ചുറൽ ഗ്രാസ് ടർഫ് ഹരിതാഭമായി നിലനിർത്താനും സിഗ്നിഫൈയാണ് ലൈറ്റ് നൽകുന്നത്.'
എഴുപതു രാജ്യങ്ങളിൽ ഓഫീസ് ഉള്ള സിഗ്നിഫൈക്ക് 37,000 ജീവനക്കാർ. 2023ലെ വിറ്റുവരവ് 6.7 ബില്യൺ യൂറോ (670 കോടി രൂപ)
പാലാ പന്തതല പരിന്തിരിക്കൽ തറവാട്, പിതാവ് പ്രൊഫ. പിഎ തോമസ്, അമ്മ സാറാമ്മ
പിതാവ് മരിച്ചതിനെ തുടർന്ന് ഒറ്റക്കായ അമ്മക്കു താമസിക്കാൻ തിരുവനന്തപുരത്തു മണ്ണന്തലയിൽ വീടുപണിതു കാറും വാങ്ങിക്കൊടുത്ത ടോണി ലോകത്തു എവിടെയായിരുന്നാലും അമ്മയുടെ അടുത്തേക്ക് ഓടിയെത്തുന്നത് പതിവാക്കി. കേരളത്തോടുള്ള ആഭിമുഖ്യവും പ്രണയവും അറിയാതെ മനസിൽ വളർന്നു പന്തലിച്ചു.
യോക്കോഹാമയിൽ ജോലിചെയ്യമ്പോൾ നിസാന്റെ ആഗോള ഗവേഷണ വികസന കേന്ദ്രം 'നിസാൻ ഡിജിറ്റൽ' തിരുവനന്തപുരം ടെക്‌നോപാർക്കിലേക്കു കൊണ്ടു വരുന്നതിൽ നിർണായക വഹിച്ചു. മിനിമം ഒരുലക്ഷം രൂപ ശമ്പളം വാങ്ങുന്ന ആയിരം പേരെങ്കിലുമുള്ള ബഹുരാഷ്ട്ര കേന്ദ്രമായി അത് വളർന്നിട്ടുണ്ട്.
യുഎസ് കോൺ.ജനറൽ ക്രിസ്റ്റഫർ ഹോഡ് ജസും തരൂരുമൊത്ത്, ഇടത്ത് കോൺസുലെറ്റിലെ പുന്നൂസ് മാത്തൻ
കീശ നിറയെ പരിപാടികളുമായാണ് ഓരോ തവണയും നാട്ടിലെത്തുക. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഇൻസ്റ്റലേഷൻ സെറിമണി, , തിരുവനന്തപുരത്ത് മാതുഭൂമിപുസ്തകോത്സവം, കൊച്ചിയിൽ ഐബിഎസ് സോഫ്ട്‍വെയർ ഓഫീസ്. അതിനിടെ ജന്മ നാടായ പാലായിൽ മാനേജ്‌മെന്റ് അസോസിയേഷൻ സ്വീകരണം, മുത്തോലിക്കടൂത്ത് സ്വന്തം ഗ്രാമമായ പന്തത്തലയിൽ വൃദ്ധഭവനം. ഓണാഘോഷവും ഈസ്റ്ററുമെല്ലാം പുറമെ.
തിരുവനന്തപുരത്തു ബീച്ച് ഹൗസുണ്ട്. അവിടെ ഭാര്യ നീതുവും എൻജിനീയറിങ് പഠിക്കുന്ന മകൻ മൈക്കലും മകൾ മറിയവുമുണ്ട്. കൊച്ചിയിലും വീടുണ്ട്. ന്യൂജേഴ്‌സിയിലും.
പാചകവും കലയല്ലേ-അനുജൻ ജിബുതോമസിനൊപ്പം