വാഷിംഗ്‌ടൺ: മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൻറെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ തുടരുകയാണ്. ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോയുടെ പേര് നില നിൽക്കുന്നുണ്ടെങ്കിലും ട്രംപും റുബിയോയും ഒരേ സംസ്ഥാനക്കാരാണ് എന്ന വാദം ഒരു വിലങ്ങു തടിയാണ്.
മുൻ യു എൻ അംബാസിഡർ നിക്കി ഹെയിലിയും ഇപ്പോൾ ഒഴിവായിരിക്കുകയാണ്. തനിക്കു താല്പര്യം ഇല്ല എന്ന ഹെയിലിയുടെ മുൻ പ്രസ്താവനക്കൊപ്പം ട്രംപ് താൻ അവരെ പരിഗണിക്കുന്നില്ല എന്ന് തുറന്നു പറയുകയും ചെയ്തു. ഇപ്പോൾ ഇന്ത്യൻ വംശജനും വ്യവസായ പ്രമുഖനുമായ വിവേക് രാമസ്വാമിയുടെ പേര് വീണ്ടുംഉയർന്നു വന്നിരിക്കുകയാണ്. വിവാദങ്ങളിൽ നിന്നകന്നു, വലിയ വീമ്പിളക്കൽ നടത്താതെ കഴിയുന്ന രാമസ്വാമി ഒരു 'വിവേക' പൂർണമായ തിരഞ്ഞെടുപ്പ് ആയിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. നിക്കിയെ അമേരിക്ക ഗ്രേറ്റ് എഗൈൻ (മാഗാ) എന്ന ട്രംപിനെ പിന്തുണക്കുന്ന പ്രസ്ഥാനത്തിലെ പലരും പിന്തുണക്കുന്നില്ല. നിക്കി ട്രംപിന്റെടിക്കറ്റിൽ വന്നാൽ ട്രംപിന് വോട്ടുകൾ കുറയും എന്നിവർ പരസ്യമായി പറയുന്നുണ്ട്.
രാമസ്വാമിക്കൊപ്പം കേൾക്കുന്ന പേരുകളിൽ ഇപ്പോഴും റുബിയോയും സെനറ്റർമാരായ ജെ ഡി വാൻസും ടിം സ്കോട്ടും ഉണ്ട്. ഒപ്പം സൗത്ത്, നോർത്ത് ഡകോട്ട ഗവർണർമാരായ ക്രിസ്റ്റി നോമും ഡഗ് ബർഗവും ഉണ്ട്. നോം ഒരു പട്ടിയെ കൊല്ലിന്നതു ഇൻറർനെറ്റിൽ പടർന്നിരുന്നു. നോം മിക്കവാറും പിന്മാറിയേക്കും.
രാഷ്ട്രീയമായി ഉന്നമനത്തിനു ലക്ഷ്യമിടുന്ന നേതാക്കൾക്ക് ട്രംപിന്റെ ടിക്കറ്റിൽ പ്രത്യക്ഷപ്പെടുന്നത് പല വിധത്തിലും പ്രയോജനപ്പെടും. പാർട്ടിയിൽ വ്യക്തമായ ഇരിപ്പിടം ഉറപ്പിക്കാം. അടുത്ത തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥി ആകാൻ സാധ്യത വർദ്ധിപ്പിക്കാം. ട്രംപ് ജയിച്ചാലും ഇല്ലെങ്കിലും ഈ സാധ്യത നില നിൽക്കും. കുറെ അധികം റിപ്പബ്ലിക്കനുകൾ ടിക്കറ്റിൽ വരാൻ രഹസ്യമായും പരസ്യമായും പരിശ്രമിക്കുന്നു. ഇതേ വരെ അസ്വീകാര്യനായിരുന്ന ട്രംപ് കൂടുതൽ കൂടുതൽ നേതാക്കൾക്ക് പ്രിയങ്കരനായി മാറുകയാണ്.
ഇവർ പലരും പരസ്യമായി എം എ ജി എം എ യുടെയും ആരാധകരായി മാറിയിരിക്കുകയാണ്.
എന്നാൽ ഈ ബാന്ധവം താൽക്കാലികം ആയിരിക്കും. 2028 ൽ ട്രംപ് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യം പ്രസക്തമായി മാറും. വിപി ടിക്കറ്റിൽ വരുന്ന ആളിന് വലിയ മോഹം ആയിരിക്കും. ട്രംപ് എങ്ങനെ അതിനോട് പ്രതികരിക്കും എന്ന് പറയുക വയ്യ. ഇപ്പോൾ ഷോർട് ലിസ്റ്റിൽ ഉള്ള പേരുകളിൽ നിന്ന് ട്രംപ് ആരോട് താല്പര്യം കാട്ടും എന്നതാണ് ഇപ്പോഴത്തെ മില്യൺ ഡോളർ ചോദ്യം.