നീല നിറമുള്ള ആ കോട്ടൺ സാരി അമ്മയ്ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. സൂക്ഷിച്ച് നോക്കിയാൽ വലിയ ചേർച്ച തോന്നാനിടയില്ലാത്ത വയലറ്റ് നിറത്തോടടുത്ത നീല നിറമായിരുന്നിട്ടുപോലും ആ ബ്ലൗസും സാരിക്ക് നല്ല ചേർച്ചയായിരുന്നു.
കൃത്യമായി ചേർത്ത് വെച്ച് ഒതുക്കിപിന്ന് കുത്തി സാരിയുടുക്കുന്ന ശീലം പണ്ടേ അമ്മയ്ക്കുണ്ടായിരുന്നില്ല. കഴുത്തിൽ ചേർന്നു കിടക്കുന്ന ഉലുവ മാലയുടെ അറ്റത്ത് ഇളകിയാടുന്ന കുഞ്ഞിലോക്കറ്റ് സാരിയുടെ അടുക്കുകൾക്കുള്ളിൽ മുഖം പൂഴ്തി നിന്നു. പഴയ പുടമുറിക്കാലത്ത് ആലിലത്താലിയൊന്നും പതിവുണ്ടായിരുന്നില്ലത്രെ. കല്യാണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ വന്നപ്പോഴാണ് പോലും അച്ഛൻ ഒരു മഞ്ഞച്ചരട് താലിയായി കഴുത്തിൽ കെട്ടിക്കൊടുത്തത്.
ചെറിയ ഒരു സ്വർണ്ണക്കമ്മൽ മുടിയിഴകൾക്കിടയിലൂടെ എത്തി നോക്കി. രണ്ട് വീതം ഒഴുക്കൻ വളകൾ രണ്ടു കൈയിലും കിടന്ന് കിലുങ്ങി. പുതിയ മാതിരി ഫാഷൻ വളകളുടെ പേരുകളൊക്കെ കാണാതെ അറിയുന്ന അമ്മയുടെ കൈയിലെ തേഞ്ഞ് തുടങ്ങിയ നാല് വളകൾ വെറുതെ എന്നെ നോക്കി മുഖം കോട്ടി.
തക്കാളി രസത്തിന്റെ അവസാന മിനുക്ക് പണിയിലായിരുന്നു അമ്മ.. ഗംഭീരമായൊരു വറുത്തിടലിലൂടെ രസത്തെ ഗ്യാസടുപ്പിൽ നിന്ന് മോചിപ്പിച്ച് പപ്പടത്തിന്റെ ചീനച്ചട്ടി അവിടേക്ക് കയറ്റി. അമ്മ എത്ര വേഗത്തിലും ഒതുക്കത്തിലുമാണ് അടുക്കളപ്പണിയെടുക്കുന്നത് ! നിരന്ന് കിടക്കുന്ന പാത്രങ്ങളൊന്നുമില്ല അവിടെ. വറ്റൽടിന്നുകളും ചോറിന്റെയും സാമ്പാറിന്റെയും പാത്രങ്ങളും കൂട്ടുകാരെ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു ഒരു മൂലക്ക് . രസപാത്രത്തെയും പപ്പട ഡബ്ബയെയും കൂട്ടുകാർക്കരികിലേക്ക് നീക്കിവെച്ച് അമ്മ എന്നെ തിരിഞ്ഞ് നോക്കി, "തൈര് ഉണ്ട്; രണ്ട് കയ്പക്ക കൊണ്ടാട്ടം കൂടി വറുക്കണോ" എന്ന് ചോദിച്ചു കൊണ്ട് പാത്രങ്ങൾ ഇരുന്നിടം തുടച്ച് വൃത്തിയാക്കി.
അമ്മ അങ്ങിനെയാണ് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കണം. എല്ലാരുടെയും ഇഷ്ടങ്ങൾ അടുക്കളയിലെവിടെയെങ്കിലുമൊക്കെയുണ്ടാവും, അച്ചാറുകളായോ, ഉപ്പേരികളായോ പല തരം രുചികൾ ഓരോ മൂലയിലും ഒളിച്ചിരിക്കും.
ഇഡലിയും ദോശയും ഊത്തപ്പവും ഒരേ സമയം പലരുടെയും പ്ലേറ്റിലെത്തിക്കാനുള്ള മാജിക്ക് അമ്മക്കറിയാമായിരുന്നു. ഒരു നുള്ള് ചമ്മന്തിപൊടിയിലിത്തിരി എള്ളെണ്ണ ഒഴിച്ച് അതിനടുത്തിത്തിരി വെള്ളച്ചട്ണി ഇറ്റിച്ച് വറുത്തരച്ച സാമ്പാറിന്റ തൊങ്ങലുമായി ഇഢലികളും ദോശകളും പ്ലേറ്റിൽ ഒതുങ്ങിയിരുന്നു. അമ്മയ്ക്ക് എല്ലാരുടെയും ഇഷ്ടങ്ങളറിയാം. ഓരോരു പേരക്കുട്ടിയുടെയും അമ്മമ്മരുചി വെക്കേഷനാവുമ്പോഴേക്കും വലിയ വലിയ സ്റ്റീൽഡബ്ബകളിൽ നിറഞ്ഞിരിക്കും. ഇടിച്ചും പൊടിച്ചും പലഹാരപ്പൊടികൾ മറുഭാഗത്തും. ഇലയടയും റവലഡുവുമൊക്കെയായി രൂപാന്തരം പ്രാപിക്കാനുള്ള പൊടികളാണവ.
പാചകം കഴിഞ്ഞ് വൃത്തിയാക്കിയ അടുക്കളയിൽ നിന്ന് പുറത്ത് കടന്ന് ഉണങ്ങാനിട്ടിരുന്ന തുണികളുമായി അമ്മ തിരിച്ച് ബെഡ്റൂമിലെത്തി. അച്ഛന്റെ തുണികൾ ആര് മടക്കിയാലും അമ്മക്ക് തൃപ്തിയാവില്ല. കുടഞ്ഞും മടക്കിയും ഇസ്തിരിപ്പാകത്തിനാക്കിയിട്ടേ മുണ്ടുകൾ ഒതുക്കി വെക്കൂ . എന്റെ ഫ്ലാറ്റിൽ ബെഡ് റൂമിന്റെ മൂലയിൽ കസേരയിൽ കുന്നുകൂടിക്കിടക്കുന്ന തുണികൾ മനസ്സിലേക്ക് ഒരു ഉള്ളെരിച്ചലോടെ കടന്നു വന്നു.
ഓരോന്നായി അടുക്കി പെറുക്കി വെക്കുമ്പോഴാണ് അമ്മയുടെ സാരികൾ ശ്രദ്ധിച്ചത്. വൃത്തിയായി മടക്കിയൊതുക്കി വെച്ച സാരികൾക്കിടയിൽ നിന്ന് ഒഴിഞ്ഞ ചന്ദനത്തിരിക്കവറുകൾ എത്തി നോക്കി. അമ്മ അടുത്തു വരുമ്പോഴുള്ള ദൈവ മണത്തിന്റെ രഹസ്യം ഇതായിരുന്നല്ലേ?
അലമാരയുടെ തട്ടിൽ നിരന്നിരിക്കുന്ന സാരികളിലേറെയും ചന്ദന നിറത്തിന്റെ പല തരം ഷേഡുകളായിരുന്നു. അനിയത്തിയുടെ ഇഷ്ട നിറമാണത്. പിന്നെ നീലയിൽ നേരിയ ബോർഡറുകളുള്ള രണ്ടു മൂന്ന് സാരികൾ ഞാൻ വാങ്ങിക്കൊടുത്താണ്. ചാരനിറത്തിൽ ചുവന്ന കസവ് ബോർഡറുള്ള ഒരു സാരി ഹാങ്ങറിൽ തൂങ്ങിക്കിടന്നു.
ഒരു ചെറിയ കുട്ടിയുടെ കൗതുകത്തോടെ
കഴിഞ്ഞ തവണ ഞാൻ വന്ന് പോയതിനു ശേഷം അമ്മയുടെ ശേഖരത്തിൽ വന്നു ചേർന്ന സാരികൾ ഓരോന്നായി ചൂണ്ടിക്കാണിച്ചു. എല്ലാം സമ്മാനങ്ങളാണ്, ഓരോ അവസരങ്ങളിലായി അമ്മക്ക് കിട്ടിയ സമ്മാനങ്ങൾ. മക്കളും മരുമക്കളും വാങ്ങിക്കൊടുക്കുന്നതൊക്കെയും അമ്മയെ സംബന്ധിച്ചിടത്തോളം ഗിഫ്റ്റുകളാണ്. ഓരോ സാരിയെക്കുറിച്ചും അതിനോട് ചേർന്നുള്ള ആഘോഷങ്ങളും ,അതിനിടയിലെ പരദൂഷണങ്ങളുമായി അമ്മ വാചാലയായി.
അമ്മക്കായി അമ്മ ഒന്നും വാങ്ങാറില്ല; പണ്ടു മുതൽക്കേ. അച്ഛന്റെ ബഡ്ജറ്റിലൊതുങ്ങാത്ത ഞങ്ങളുടെ ആവശ്യങ്ങൾക്കായി അടുക്കളയിലെ അരി പാത്രത്തിനിടയിലെ കുഞ്ഞുപെട്ടി എപ്പോഴും ഒരുങ്ങിയിരുന്നതിന് കാരണം അമ്മ മാറ്റി വെച്ച അമ്മയുടെ ആവശ്യങ്ങളായിരുന്നു.
അമ്മ ആകെ ഒരാഗ്രഹം ആവശ്യമായി പറഞ്ഞ് കേട്ടത് ഒരു കരിമണിമാലയ്ക്കായിരുന്നു. സ്വർണ്ണ മണികൾക്കിടയിൽ കറുത്ത മുത്തുകൾ ചേർത്തുവെച്ച ഒരു മാല. കറുത്ത മുത്തിന്റെ നഷ്ടവശങ്ങളെക്കുറിച്ച് ചർച്ചയുമായി വന്ന അച്ഛനോട് ഇതിപ്പോൾ ഞാൻ മാറ്റാനൊന്നും പോവുന്നില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ് ഒരു ചെറിയ കരിമണി മാല സ്വന്തമാക്കിയത് അന്നത്തെ ഒരു സംഭവമായിരുന്നു. ഇന്നും തിളക്കം മാറാതെ അമ്മയുടെ കുഞ്ഞ് ആഭരണപ്പെട്ടിയിൽ അതുണ്ടുതാനും. പിന്നീടിതു വരെ അമ്മ തനിക്കായി ഒന്നും ആവശ്യപ്പെട്ട് കേട്ടില്ല. അമ്മയുടെ മറ്റാഭരണങ്ങൾ എൻ്റെയും അനിയത്തിയുടെയും കല്യാണങ്ങൾക്ക് രൂപമാറ്റം സംഭവിച്ച് ഞങ്ങളുടേതായി മാറിയിട്ടുമുണ്ട്.
അമ്മ അതിനിടയിൽ പെട്ടെന്ന് ചെറിയ ഒരു നാണത്തോടെ അലമാരയിൽ നിന്ന് നഗരത്തിലെ പ്രശസ്തമായ ഒരു വസ്ത്രശാലയുടെ കവർ എടുത്ത് എനിക്ക് നേരെ നീട്ടി. അച്ഛനും ഞാനും കൂടി പോയി ഇത്തവണത്തെ പൊങ്കലിന് വാങ്ങിയ സാരിയാണിതെന്ന് പറഞ്ഞ് വിടർത്തി. നോക്കിയപ്പോൾ കടും പച്ച നിറത്തിൽ നിറയെ കസവ് ബോർഡറുകളുള്ള ഒരു പട്ട് സാരി. ഞങ്ങളുടെ ഓർമ്മയിലൊന്നുമില്ല അമ്മയ്ക്കിത്തരം കടുംനിറത്തിലൊരു സാരി. എല്ലാം ഇളം നിറങ്ങൾ മിക്കതും നീലയോ അതോട് ചേർന്ന നിറങ്ങളോ ആയിരുന്നു അമ്മയുടെ മിക്ക സാരികളും.
ആദ്യമായി കാണുന്നത് പോലെ ഞാൻ അമ്മയെ നോക്കിയിരുന്നു. ചെറിയ ഒരു ചെപ്പിൽ നിന്ന് കല്ല് വെച്ച വലിയ ഒരു ജോഡികമ്മൽ അമ്മ അതിനിടക്ക് എന്നെ കാണിച്ചു തന്നു. കഴിഞ്ഞ അമ്മയുടെ പിറന്നാളിന് ഞങ്ങൾ അമ്മക്കിഷ്ടമാവില്ലെന്ന് പറഞ്ഞ് മാറ്റി വെച്ച കമ്മൽ ഇത് പോലൊന്നായിരുന്നു. പകരം വാങ്ങിയതാണ് അമ്മ ഇപ്പോഴിടുന്ന നക്ഷത്രപ്പൂ കമ്മൽ. താനാഗ്രഹിച്ചത് പോലെ ഒരു സമ്മാനമാണ് മക്കൾ വാങ്ങിത്തന്നതെന്ന് പറഞ്ഞ് അയൽക്കാരെയൊക്കെ അഭിമാനത്തോടെ
കാണിക്കുന്നുമുണ്ടായിരുന്നു അന്നത്.
ഇനിയൊരു മഞ്ഞ സാരി കൂടെവാങ്ങണം, ചുവന്ന ബോർഡറിൽ നേരിയ കസവ് വരയുള്ള ഒന്ന്. കോയിലിലെ മാമിയാർ ഉടുത്തു കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാണ്. ആടി സെയിൽ വന്നാൽ വാങ്ങാമെന്ന് അച്ഛനും പറഞ്ഞിട്ടുണ്ട്. സാരികളും സ്വർണ്ണച്ചെപ്പും തിരിച്ച് ഭദ്രമായി അലമാരയിൽ വെക്കുന്നതിന് മുന്നേ അമ്മ പറഞ്ഞു.
ഞങ്ങളുടെയും മക്കളുടെയും രുചി വൈവിദ്ധ്യം മുഴുവനായുമറിയുന്ന അമ്മയുടെ രുചികളും ഇഷ്ടങ്ങളും ഞങ്ങക്ക് ഒട്ടും അറിയില്ലായിരുന്നെന്ന
അറിവ് വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവായി. വലിയ വലിയ സാരിക്കടകളിൽ നിരന്നിരിക്കുന്ന മഞ്ഞ നിറത്തിലും പച്ച നിറത്തിലുള്ള സാരികൾക്കിടയിൽ നിന്ന് ഞങ്ങൾ എത്ര കൃത്യമായാണ് ഞങ്ങളുടെ ഇഷ്ടനിറമായ നീലനിറവും ചന്ദന നിറവും അമ്മയ്ക് വേണ്ടി തിരഞ്ഞെടുത്തത്.
ഉച്ചവെയിലിൽ അമ്മയുടെ നരച്ച മുടിയിഴകൾ തിളങ്ങി. മുടിയിഴകൾക്കിടയിലൂടെ എത്തി നോക്കുന്ന കമ്മലിലെ നക്ഷത്രങ്ങൾ ഉറക്കെച്ചിരിച്ചു.
ഇന്നും ഊണ് മേശയിൽ എനിക്കിഷ്ടപ്പെട്ട തക്കാളി പച്ചടി കൂടിയുണ്ടായിരുന്നു.
രസത്തിന്റെ കൂടെ തക്കാളിപ്പച്ചടി എന്നുമെനിക്കിഷ്ടമായിരുന്നെന്ന് ഞാൻ പോലും മറന്ന് പോയിരുന്നു. അമ്മയുടെ ഓർമ്മകളിൽ ഞങ്ങളുടെ ഇഷ്ടങ്ങൾ ഒരിക്കലും മായില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ എൻ്റെ കണ്ണ് പുകഞ്ഞു. വെറുതെ അമ്മയുടെ സാരിയിലെ ചന്ദനത്തിരിയുടെ ദൈവമണത്തിലേക്ക് മുഖമാഴ്ത്തി.