നമ്മുടെ പണ്ടത്തെ ദേവാലയങ്ങളുടെ താഴികക്കൂടങ്ങളിൽ കൂടു കൂട്ടിയിരുന്ന നാരായണക്കിളികളെ ഓർമ്മയുണ്ടോ? ഈ കുഞ്ഞു പക്ഷിക്കൂട്ടം കലമ്പിയും ചിരിച്ചും ആർത്തും, പ്രഭാതങ്ങളിൽ ആകാശത്ത് നടത്തുന്ന അതിമനോഹരമായ റാകിപ്പറക്കലുകളുടെ കാഴ്ച്ച അവർണ്ണനീയമാണ്. ഒരു പ്രഭാതത്തിന്റെ നിഷ്കളങ്കതയും നൈർമ്മല്യവും നമ്മളിലേക്ക് പകർന്നു തന്നിരുന്ന ഈ തുയിലുണർത്തു പാട്ടുകാരെ ഇപ്പോൾ കാണാറില്ല, എന്ത് കൊണ്ടായിരിക്കും? അവർ എവിടെ പോയി? പണ്ട്, വരുത്തരുടെ നഗരമെന്ന പേര് ലഭിച്ചത് തിരുവനന്തപുരത്തിനായിരുന്നു.എന്നാലിന്ന് കൊച്ചി പണ്ടത്തെ കൊച്ചു കൊച്ചിയല്ല. ഇന്ത്യയിലെ ഏതു മെട്രോ നഗരത്തെയും വെല്ലുന്ന ജനസാഗരം കൊണ്ട് വീർപ്പുമുട്ടുകയാണ് ഈ നഗരം. ഈ നഗരത്തിനിതെന്തു പറ്റി?
താവുക്കൂട്ടം
പുത്തൻ കാശിന്റെ തിമിർപ്പിൽ പഴമയുടെ പ്രതീകങ്ങളായ പള്ളിയങ്കണങ്ങളും അമ്പലങ്ങളും ഒക്കെ 'ഭക്ത ജനങ്ങൾ' കോൺക്രീറ്റ് വനങ്ങളാക്കിയപ്പോൾ പ്രാണരക്ഷാർഥം അവർ എവിടെയോ ഓടിയൊളിച്ചു. മാത്രമല്ല, നഗരം മുഴുവനും നരകതുല്യമായ കോൺക്രീറ്റ് കെട്ടിടങ്ങൾ പൊങ്ങിയപ്പോൾ നാരായണക്കിളികൾ ദേശാടനപ്പക്ഷികളായി നാട് വിട്ടിരിക്കാം. പക്ഷെ, അവരെ കണ്ടു കിട്ടി. കൊച്ചിക്ക് പ്രാണവായു നൽകുന്ന ഓക്സിജൻ സിലിണ്ടർ എന്നറിയപ്പെടുന്ന മംഗളവനം
ഫാദർ ബോബി ജോസ് കട്ടിക്കാട്
ഇപ്പോഴും ഹരിതാഭമായി തണൽ പരത്തി വിരാജിക്കുന്നു. ഇതൊക്കെ ആർക്കറിയാം? ഏറെനാൾ കുളം എന്ന പേരിലൂടെ എറണാകുളം ആയി മാറിയ പഴമൊഴി പോലെ ഇന്നും ഈ നഗരത്തിന്റെ ജലസ്രോതസ്സ് എന്ന് പറയാവുന്ന പ്രദേശമാണ് മുളവുകാട്. അവിടെ മംഗളവനത്തിന്റെ ചെറിയ പതിപ്പായി മാറിയേക്കാവുന്ന ഒരു കാവുണ്ട്. ആരെയും അത്ഭുതപ്പെടുത്തുന്ന പച്ചപ്പോടെ നഗരമധ്യത്തിൽ ഒരു കൊച്ചു കാട്. ബോബി ജോസ് കട്ടിക്കാട് അച്ചനെ നിങ്ങൾ അറിയണം. കാഴ്ചയിലും ആശയങ്ങളിലും ദൈവവിശ്വാസത്തിലും വേറിട്ട കാഴ്ചപ്പാടുകളുള്ള കപ്പ്യൂചിൻ വിഭാഗത്തിൽപ്പെട്ട സന്യാസ വര്യൻ.
ബോബിയച്ചന്റെ പ്രഭാഷണം
" വൃക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലകൾ വെട്ടി, എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്നും രൂപപ്പെടുത്തി. എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നുമൊരു ക്രിസ്തു ഉണ്ടാകാഞ്ഞതെന്തേ?" ഇപ്പോൾ മനസ്സിലായോ ഈ അച്ചൻ ആരാണെന്ന്? അച്ചന്റെ മനസിൽ ഉടലെടുത്ത പ്രശാന്ത സുന്ദരമായ ആശയമാണ് ' താവുക്കൂട്ട്' എന്ന പേരിൽ എല്ലാമാസവും ഈ കാവിൽ ഒത്തു ചേരുന്ന ചെറുകൂട്ടങ്ങൾ. തൃശൂരും കോട്ടയവും കട്ടപ്പനയും ഉൾപ്പെടെ കേരളത്തിന്റെ ദൂരദേശങ്ങളിൽ നിന്നും താവുകൂട്ടിലേക്ക് ആൾക്കാർ വന്നെത്തുന്നത് എന്തിനായിരിക്കും? ഉത്തരം ലളിതം. സ്പഷ്ടം. നമുക്കിന്നന്യമായ, മനസ് തുറന്നുള്ള ചിരിയും പങ്കു വെക്കലുകളും സാന്ത്വനവാക്കുകളും കൊണ്ടുള്ള തലോടലുകളാണ് താവുകൂട്ടിന്റെ സന്ധ്യകൾ. ഇവിടെ എല്ലാവര്ക്കും ഒരേ വലുപ്പമാണ്. ചിരിക്കാനറിയാത്ത മനുഷ്യർ ഇവിടെയെത്താറില്ല.കാരണം, അവിടെയെത്തുന്ന മനുഷ്യർ, അവർ മറന്നു പോയ ചില നല്ലശീലങ്ങളെ തിരികെയെത്തിക്കുന്നതിനൊപ്പം താനെ, നിഷ്കളങ്കതയിലേക്ക് ലയിക്കുന്നു, പുഞ്ചിരിക്കുന്നു.
താവുകൂട്ടത്തിൽ മനോഹർ തോമസ്, സിജി ജേക്കബ്, സനൽ പോറ്റി
അധ്യാപികയും കൗൺസിലറും ആയ സിജി ജേക്കബാണ് എന്നേയും എന്റെ പ്രിയ സുഹൃത്തും മാധ്യമപ്രവർത്തകനും അവതാരകനുമായ സനൽപോറ്റിയേയും ഈ നന്മക്കൂട്ടത്തിലേക്ക് എത്തിച്ചത്. ഇത്തരത്തിലുള്ള താവുകൂട്ടുകൾ നമ്മുടെ നാട്ടിൽ എല്ലായിടത്തും വേണം. നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും അങ്ങനെ എന്നും വസന്തം വിടരണം.
ബോബി അച്ചനൊപ്പം മനോഹർ തോമസ്, സനൽ പോറ്റി എന്നിവർ
മരങ്ങൾ ആകാശത്തിൽ ഹരിത വൃന്ദാവനങ്ങൾ തീർക്കണം. ആ ചില്ലകളിൽ പക്ഷിക്കൂട്ടങ്ങൾ താവു കൂട്ടൊരുക്കണം. മരത്തണലുകളിൽ മനുഷ്യർ കൂട്ട് കൂടണം. അങ്ങനെ നാരായണക്കിളികൾ തിരിച്ചു വരണം. നമ്മുടെ മാനത്ത് അവർ ആനന്ദത്തോടെ പാറി പറക്കണം.
ബോബി അച്ചന് നമോവാകം.