Image

ബാൾട്ടിമോറിൽ പാലം തകർത്ത കപ്പലിനു രണ്ടു പ്രാവശ്യം വൈദ്യുതി നഷ്ടമായെന്നു  എൻ ടി എസ് ബി അന്വേഷണ റിപ്പോർട്ട് (പിപിഎം) 

Published on 15 May, 2024
ബാൾട്ടിമോറിൽ പാലം തകർത്ത കപ്പലിനു രണ്ടു പ്രാവശ്യം വൈദ്യുതി നഷ്ടമായെന്നു  എൻ ടി എസ് ബി അന്വേഷണ റിപ്പോർട്ട് (പിപിഎം) 

മെരിലാൻഡിലെ ബാൾട്ടിമോറിൽ പാലം ഇടിച്ചു തകർത്ത എം വി ദാലി കപ്പലിനു അപകടത്തിനു മുൻപ് 10 മണിക്കൂറിനിടയിൽ രണ്ടു പ്രാവശ്യം വൈദ്യുതി നഷ്ടമായിരുന്നുവെന്നു യുഎസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ ടി എസ് ബി) നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കപ്പലിന്റെ പ്രൊപ്പൽഷനും തകരാറുണ്ടായി. 

മാർച്ച് 26നു കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ചപ്പോൾ പടപ്സ്കോ നദിയിലെ കഠിന തണുപ്പുള്ള വെള്ളത്തിൽ വീണ ആറു തൊഴിലാളികൾ മരണമടഞ്ഞു. മലയാളിയായ രാജേഷ് ഉണ്ണിയുടെ ഉടമയിലുള്ള കപ്പലിലെ 21 ഇന്ത്യൻ ജീവനക്കാർ ഇപ്പോഴും കപ്പലിൽ തന്നെയാണ്.  

പാലത്തിന്റെ നമ്പർ 17 തൂണിൽ കപ്പൽ ഇടിച്ചതിനു മുൻപുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. അപകട ശേഷം നടത്തിയ രക്ഷാ നടപടികളും വിവരിക്കുന്നു. 

കപ്പൽ പാലത്തിൽ നിന്ന് 0.6 മൈൽ അകലെ എത്തിയപ്പോൾ ആയിരുന്നു ഒരു ബ്ലാക്ക്‌ഔട്ട് എന്നു റിപ്പോർട്ടിൽ പറയുന്നു. പ്രധാന എൻജിന്റെ കൂളിംഗ് വാട്ടർ പമ്പുകൾ ചലനമറ്റു. മൂന്ന് സ്റ്റിയറിങ് പമ്പുകളും. റഡർ പ്രവർത്തനരഹിതമായി. 

വൈദ്യുതി തിരിച്ചു കിട്ടിയെങ്കിലും കപ്പലും പാലവും തമ്മിൽ 0.2 മൈൽ മാത്രം അകലമുള്ളപ്പോൾ വീണ്ടും നഷ്ടമായി. രണ്ടാം തവണ. ആ ഇരുട്ടിൽ കപ്പലിന്റെ സ്റ്റാർബോർഡ് ബോ പാലത്തിന്റെ തൂണിൽ ഇടിച്ചു. 

പാലത്തിന്റെ ആറു സ്‌പാനുകൾ കപ്പലിൻറെ കുറുകെ വെള്ളത്തിലേക്കു വീണു. 

കപ്പലിലെ 4,680 കണ്ടെയ്‌നറുകളിൽ 56 എണ്ണത്തിൽ അപകടകരമായ ചരക്കുകൾ ഉണ്ടായിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്.

ശ്രീലങ്കയിലേക്കു ചരക്കുമായി പുറപ്പെട്ട 289 മീറ്റർ നീളമുളള കപ്പലിന് 27 ദിവസത്തെ യാത്ര ഉണ്ടായിരുന്നു. പാലം തകർന്നപ്പോൾ ടൺ കണക്കിനു ഉരുക്കും സിമന്റും നദിയിൽ വീണു. കപ്പൽ പാത അടഞ്ഞതോടെ ബില്യൺ കണക്കിനു ഡോളറിന്റെ പ്രതിദിന വരുമാനമാണ് തുറമുഖത്തിനു നഷ്ടമായത്. 

എൻ ടി എസ് ബിയും എഫ് ബി ഐ യും നടത്തുന്ന അന്വേഷണങ്ങൾ മൂലമാണ് കപ്പൽ ജീവനക്കാർക്ക്‌ കരയിലേക്കു പോകാൻ കഴിയാത്തത്. വിസാ പ്രശ്നങ്ങളുമുണ്ട്. തിങ്കളാഴ്ച ചെറു സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് കപ്പലിന്റെ മേൽ വീണു കിടക്കുന്ന ഉരുക്കുഭാഗങ്ങൾ നീക്കം ചെയ്യാൻ ശ്രമം നടക്കുമ്പോഴും ജീവനക്കാർ കപ്പലിൽ തന്നെ ആയിരുന്നു. 

അന്വേഷണം തുടരും.

Ship in Baltimore crash had outages twice 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക