Image

മമ്മൂട്ടിക്ക് തന്റെ വിശ്വാസ്യത സംഘപരിവാരത്തിനു മുന്നിൽ തെളിയിക്കേണ്ടതില്ല

Published on 16 May, 2024
മമ്മൂട്ടിക്ക് തന്റെ വിശ്വാസ്യത സംഘപരിവാരത്തിനു മുന്നിൽ തെളിയിക്കേണ്ടതില്ല

മമ്മൂട്ടി നായകനായ 'പുഴു' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണല്ലോ. പതിവ് പോലെ സംഘപരിപാര പ്രൊഫൈലുകള്‍ വിഷം ചീറ്റി തുടങ്ങിയിട്ടുണ്ട്. മമ്മൂട്ടിയുടെ ഹിഡണ്‍ അജണ്ട വെളിവായെന്ന തരത്തില്‍ അവര്‍ ആഘോഷിക്കുകയാണ് ഈ വിഷയം.

പുഴുവിന്റെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഈയിടെ നല്‍കിയ ഒരു ഇന്റര്‍വ്യൂ ആണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചത്. ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യാനായി മമ്മൂട്ടിയെ സമീപിച്ചെന്നും, അതിന്റെ കാര്യങ്ങള്‍ മുന്നോട്ട് നീക്കവേ ലോകത്ത് കോവിഡ് ബാധിച്ചതോടെ, ഒരു ചെറിയ ചിത്രം എന്ന നിലയ്ക്ക് മമ്മൂട്ടി തന്നെ മുന്‍കൈയെടുത്ത് ഹര്‍ഷദ് എന്ന എഴുത്തുകാരന്റെ കഥ രത്തീനയോട് സിനിമയാക്കാന്‍ നിര്‍ദ്ദേശിച്ചു എന്നുമാണ് അഭിമുഖത്തില്‍ രത്തീനയുടെ മുന്‍ഭര്‍ത്താവ് ഷെര്‍ഷാദ് പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ വിഷയം കിട്ടാനും, അതേസമയം അവരുടെ ആജന്മ ശത്രുവായ കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയായ മമ്മൂട്ടിയെ അടിക്കാന്‍ ഒരു വടി കിട്ടുകയും ചെയ്ത ആവേശത്തില്‍ സംഘപരിവാരങ്ങള്‍ തങ്ങളുടെ പണി തുടങ്ങി.

ഷെര്‍ഷാദ് പറഞ്ഞ കാര്യങ്ങളെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് വിമര്‍ശകര്‍ (അതോ അക്രമികള്‍ എന്നതാണോ ശരിയായ പ്രയോഗം?) രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഇസ്ലാമിക ആശയങ്ങള്‍ ഒളിച്ചുകടത്തുന്നു എന്ന് വിമര്‍ശനം നേരിട്ട ഹര്‍ഷദ് ആണ് പുഴു സിനിമയുടെ കഥ എഴുതിയത് എന്നതും, തിരക്കഥയില്‍ പങ്കാളിയായത് എന്നുമുള്ളതിനാല്‍ ആ വ്യാഖ്യാനം കുറേക്കൂടി എളുപ്പമാകുകയും ചെയ്തു. മമ്മൂട്ടി ബ്രാഹ്മണ വിരുദ്ധനാണ് എന്നും, മതപരമായ പ്രൊപ്പഗന്‍ഡ പ്രചരിപ്പിക്കാന്‍ മമ്മൂട്ടി കൂട്ടുനില്‍ക്കുകയാണ് എന്നുമെല്ലാമാണ് സംഘപരിവാര്‍ അനുകൂലികള്‍ നിലവിളിക്കുന്നത് (ആരാണീ പറയുന്നതെന്ന് ഓര്‍ക്കണേ... കേരളത്തെ കുറിച്ച് പച്ചക്കള്ളങ്ങള്‍ ഊതിപ്പെരുപ്പിച്ച് നിര്‍മ്മിച്ച, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രൊപ്പഗന്‍ഡ സിനിമകളിലൊന്നായ 'കേരളാ സ്റ്റോറി' എല്ലാവരും കാണണമെന്ന് അതിന്റെ അണിയറക്കാരെക്കാള്‍ ആത്മാര്‍ത്ഥതയോടെ പബ്ലിസിറ്റി കൊടുത്ത ടീം ആണ്!).

കോവിഡ് കാരണം ബിഗ് ബജറ്റ് സിനിമ സാധ്യമല്ലാത്തതിനാലാണ് ചെറിയൊരു കഥ ആലോചിച്ചത് എന്ന കാര്യം സംഘപരിപാരം സൗകര്യപൂര്‍വ്വം വിമര്‍ശനത്തിനിടെ മറക്കുന്നുണ്ട്. ഒപ്പം മമ്മൂട്ടിയുടെ തന്നെ 'ഉണ്ട' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹര്‍ഷദിന്റെ ഒരു കഥ, അത് ആരെ വിമര്‍ശിച്ചുള്ളതും ആയിക്കോട്ടെ, മമ്മൂട്ടിയെ പോലെ പ്രത്യേകം ചിലര്‍ക്ക് സിനിമയാക്കാന്‍ അനുവാദം ഇല്ലെന്ന് കൂടി സ്വേച്ഛാധിപത്യ രീതിയില്‍ പ്രഖ്യാപനം നടത്തുകയാണ് വിമര്‍ശകര്‍ ചമയുന്ന ഈ സാമൂഹികവിരുദ്ധര്‍.

ഇതിനിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്തുകയാണ്. പുഴു എന്ന ചിത്രം പ്രധാനമായും സംസാരിക്കുന്നത് ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിയമായ വേര്‍തിരിവുകളെ പറ്റിയും, ദുരഭിമാന കൊലയെ പറ്റിയും ആണ്. അത്തരമൊരു ചിത്രം എടുക്കാന്‍ പാടില്ല എന്നത് കൊണ്ട് ഈ തീവ്രഹിന്ദുത്വവാദികള്‍ ഉദ്ദേശിക്കുന്നത് എന്താണ്? തങ്ങളുള്‍പ്പെടുന്ന സമൂഹത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടരുത് എന്നോ? അതോ മമ്മൂട്ടിയെ പോലെ ഇസ്ലാം നാമധാരിയായ ഒരാള്‍ അല്ല അത് ചെയ്യേണ്ടത് എന്നോ? 

ദിവസേനയെന്നോണം ദുരഭിമാനക്കൊലകള്‍ നടക്കുന്ന ഇന്ത്യയില്‍, അവ ഇല്ല എന്ന് സ്ഥാപിക്കാനുള്ള പാഴ്ശ്രമമായി കൂടി ഈ വിമര്‍ശനങ്ങളെ കാണേണ്ടിവരും. സ്വന്തം സമുദായത്തിലെ ഈ നിഷ്ഠൂരതയെക്കുറിച്ച് 'കമാ' എന്ന് മിണ്ടാതെ, ഇതര സമുദായത്തിലെ മമ്മൂട്ടിയുടെ സിനിമയാണ് പ്രശ്മാകുന്നതെങ്കില്‍ സംഘപരിവാരമേ, നിങ്ങള്‍ക്ക് ഒന്നറിയുക- പല ജാതിയിലും, മതത്തിലും, സംസ്‌കാരത്തിലുമുള്ള വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച്, അതില്‍ പലതും തന്നെ നാം ജീവിക്കുന്ന സമൂഹത്തിന്റെ കണ്ണാടിയായി പ്രതിഫലിപ്പിച്ച്, അര നൂറ്റാണ്ടായി സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന മമ്മൂട്ടിയുടെ വിശ്വാസ്യത നിങ്ങള്‍ക്ക് മുമ്പില്‍ തെളിയിക്കേണ്ട യാതൊരു ബാധ്യതയും അദ്ദേഹത്തിന് ഇല്ല തന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക