Image

പൂമുഖവാടിയില്‍(കവിത : ഭരതകുമാര്‍ കെ എം)

ഭരതകുമാര്‍ കെ എം Published on 17 May, 2024
പൂമുഖവാടിയില്‍(കവിത : ഭരതകുമാര്‍ കെ എം)

പൂമുഖവാടിയില്‍ പൂവിന്റെ മണമേറ്റ്
പൂങ്കുയില്‍ വന്നല്ലോ പാട്ടുപാടാന്‍
പുലര്‍കാലെ വിരിയുന്ന പൂവിന്‍മണമേറ്റ്
പൂമ്പാറ്റകള്‍ പാറിപറന്നു വന്നു

പാതിരാപൂവിന്റെ മണവും പരന്നപ്പോള്‍ 
പൂന്തേന്‍ നുകരുവാന്‍ കരിവണ്ടെത്തി
പാതിരാമുല്ലയിന്‍പൂത്താലം കണ്ടപ്പോള്‍ 
പൂനിലാവിലൊരു പാട്ടുമൂളി 

നിലാവിന്‍ വെളിച്ചത്ത് തൂമഞ്ഞുപെയ്യുമ്പോള്‍ 
നിഴലാടിക്കളിക്കുന്നു പൂക്കളെല്ലാം
കാഴ്ചകള്‍ കണ്ടു മയങ്ങുംമനത്തിന്   
സ്വപ്നങ്ങളേറെ പകര്‍ന്നുതന്നു

ഓര്‍മ്മകള്‍ പൂവിടും  നീലനിലാവിലും 
ഓര്‍ക്കുവാന്‍ കാര്യങ്ങളേറെയുണ്ട് 
പൊയിമറഞ്ഞോരാ ശ്രേഷ്ഠകാലത്തിന്റെ 
നഷ്ടസ്വപ്നങ്ങളെ ഓര്‍ത്തുകൊണ്ടും 
യാന്ത്രികജീവിത യാത്രയില്‍ നമ്മുടെ 
യാതനയോര്‍ത്തു മയങ്ങുവാനും 
തളര്‍ന്ന മനസ്സുകള്‍ക്കാനന്ദം നല്‍കുന്ന
പ്രകൃതിതന്‍ വരദാനം എന്‍വാടിക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക