Image

ഇരുവഴി പിരിയാതിങ്ങനെ ( കവിത : പി.സീമ )

Published on 24 May, 2024
ഇരുവഴി പിരിയാതിങ്ങനെ ( കവിത : പി.സീമ )
 
അച്ഛൻ വന്ദേമാതരം 
കേട്ടുണരാൻ പഠിപ്പിച്ചതിനാൽ 
എന്നും ആ നേരത്ത് 
പുലർവെട്ടം  കൃത്യമായി 
വിളിച്ചുണർത്തും.
 
അരമണിക്കൂറോളം 
ഉയരമേറിയ സീലിങ്ങിന്റെ 
മൂലയിൽ മാറാല വടിയെ 
അതിജീവിച്ച 
ചിലന്തിയൂടെ ഊഞ്ഞാലാട്ടം 
കണ്ടു കിടക്കും 
 
ആരും കയറാത്ത 
ആളൊഴിഞ്ഞ 
മുറികളിൽ 
മൗനം  ഉണരാൻ മടിച്ചു 
മൂടിപ്പുതച്ചുറങ്ങി കിടക്കും.
ചൂലെടുക്കെന്നു 
പിൻമുറ്റക്കരിയിലകൾ 
പിന്നെയും പിന്നെയും 
പരിഹസിച്ചു ചിരിക്കും.
 
അടുക്കള നിശ്ശബ്ദം 
പാത്രങ്ങൾ സ്വസ്ഥം 
അടുപ്പിപ്പോൾ 
നെഞ്ചകത്തല്ലേ 
കനലിപ്പോൾ 
കരളിലല്ലേ 
 
എനിക്ക് 
കടലയും പയറും  വേണ്ട 
പഞ്ചസാര മതിയെന്ന് 
ചിരട്ടപ്പുട്ടിനു വാശി 
പാലും പഞ്ചസാരയും മതി 
മുട്ടക്കറി 
വേണ്ടെന്നു
ഇടിയപ്പത്തിന്റെ
മോഹനൂലുകൾ 
 
വെറുതെയല്ല  നീ ഇങ്ങനെ 
ഉണങ്ങി ഉണങ്ങി എന്ന് 
കാണാൻ കൊതിച്ചാരോ 
പറഞ്ഞ പരിഭവമൊഴി 
 
ഇപ്പോൾ ഞാൻ 
ഉണരും മുൻപ് 
വീടുണരുന്നു 
ഭീത്തികൾക്കുള്ളിൽ 
വീട് എന്റേതും കൂടി 
എന്നോർത്ത് 
ഞാൻ ദാനം ചെയ്ത 
സ്വർണ്ണവളകൾ 
കിലുങ്ങുന്നു 
 
ഞാൻ ഒരിക്കൽ മാത്രം 
അണിഞ്ഞ 
നെക് ലസ്‌ സ്ഥിരമായിട്ട് 
കുളിച്ചു കുറി തൊട്ടു 
വീട്  നിത്യവും 
എന്നോട് ചോദിക്കുന്നു 
 
എന്നെ വിട്ടു പോകാതെ
നീ മാത്രം എന്തേ ഇവിടിങ്ങനെ?
സ്നേഹം കൊണ്ടോ 
മോഹം കൊണ്ടോ 
പ്രണയം കൊണ്ടോ 
നാം   മാത്രം 
പിന്നെയും പിന്നെയും 
ഈ മഴയിലും പൊള്ളി 
വിരലുകൾ കൊരുത്തിങ്ങനെ?
 
എത്ര നിറം കെട്ടാലും 
നിന്നോടൊപ്പമേ ഞാനുള്ളൂ 
എന്ന്   വാശി പിടിച്ച് 
ഓർമ്മകളിൽ ഇരുവഴി 
പിരിയാതിങ്ങനെ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക