കാറുമൂടിപ്പുതച്ചാകാശവീഥിയന്നേതോ വിഷാദത്തിലായിരുന്നു
ഉള്ളിലെസങ്കടം തുള്ളിക്കൊരുകുടമെന്ന പോൽ മണ്ണിൽ പതിച്ചിരുന്നു
കളകളമൊഴുകുമാ പുഴയുമന്നലറിക്കൊണ്ടതിവേഗം കരയെ കവർന്നിരുന്നു
പാട്ടൊന്നു പാടാതെ ചിറകുവിടർത്താതെ കുയിലുമാ കൂട്ടിലൊളിച്ചിരുന്നു
മഴയൊന്നുമാറിയാ മാനം തെളിഞ്ഞിട്ടും
അർക്കനാ വഴിയോ മറന്നിരുന്നു
മന്ദമായെത്തിയൊരായിളം തെന്നലു മന്നേതോ മനനത്തിലായിരുന്നു
ചക്രവാളത്തിലന്നന്തിക്കു വർണ്ണമൊരുക്കാതെ രവിയുംമറഞ്ഞിരുന്നു
രാവേറെച്ചെന്നിട്ടുമെത്താതെ ചന്ദ്രിക കൊണ്ടലിനുള്ളിൽ മടിച്ചുനിന്നു..