Image

  അവിസ്മരണീയമായ ഒരു സ്വിഫ്റ്റിയന്‍ ബസ് യാത്ര..(നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

നൈന മണ്ണഞ്ചേരി Published on 25 May, 2024
  അവിസ്മരണീയമായ ഒരു സ്വിഫ്റ്റിയന്‍ ബസ് യാത്ര..(നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

            ഒരു വയനാടന്‍ ടൂര്‍ കഴിഞ്ഞ് കോഴിക്കോട് വന്ന് തിരിച്ചു പോകാമെന്ന് വിചാരിച്ചാണ് ബസ് സ്റ്റാന്റില്‍ വന്നത്.പല സ്ഥലത്തേയ്ക്ക് പോകാനുള്ള ആളുകള്‍ തിക്കി തിരക്കി നില്‍ക്കുന്ന ബസ്സ്റ്റാന്റിലെ അന്വേഷണ കൗണ്ടര്‍ തിരക്കിയായി ആദ്യ അന്വേഷണം..ഒടുവില്‍ അന്വേഷണ കൗണ്ടര്‍ കണ്ടു പിടിച്ചപ്പോഴും അവിടെയും ആള്‍ക്കൂട്ടം, അതിനിടയില്‍ നിന്ന് ഞാന്‍ അകത്തേക്ക് എത്തി നോക്കി  എത്ര നേരമായി ഞങ്ങളൊക്കെ ഇവിടെ നില്‍ക്കുന്നു, അതിനിടയില്‍ ഒരുത്തന്‍ ഇടയ്ക്ക് കേറി അന്വേഷിക്കാന്‍ വന്നിരിക്കുന്നു എന്ന മട്ടില്‍ അവിടെ കൂടി നിന്നവരില്‍ ചിലര്‍ എന്നെ നോക്കി.

            നോക്കുമ്പോള്‍ അകത്ത് അന്വേഷണത്തിന് മറുപടി തരേണ്ട മാന്യ ദേഹത്തെ കാണാനില്ല.അദ്ദേഹത്തെ അന്വേഷിച്ച് രണ്ടു പേര്‍ പോയിട്ട് കുറെ നേരമായി, ഇനി അവരെ അന്വേഷിച്ച് ആള് പോകേണ്ടി വരുമോ എന്ന് നോക്കി നില്‍ക്കുന്ന വേളയിലാണ് എന്റെ രംഗ പ്രവേശം.യാത്രക്കാരുടെ ഭാഗ്യം, ചായകുടിക്കാന്‍ പോയ അന്വേഷകനും അദ്ദേഹത്തെ അന്വേഷിച്ചു പോയ അന്വേഷകരും അധികം താമസിയാതെ തിരിച്ചെത്തി..

                ''എറണാകുളം ഭാഗത്തേയ്ക്ക് പോകാന്‍ ഇപ്പോള്‍ ബസ്സുണ്ടോ.?''

        വന്നിരുന്നയുടനെ ഇടയ്ക്കു കയറിയുള്ള എന്റെ അന്വേഷണം കേട്ട് കയ്യിലിരുന്ന പരിപ്പു വടയുടെ പകുതി കടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു ''അയ്യോ സാറേ,എല്ലാ ബസ്സും ഫുള്ളാ,ഇനി ഏഴു മണിക്കു പോകുന്ന സ്വിഫ്റ്റ് ബസ്സില്‍ പത്ത് ടിക്കറ്റുണ്ട്.''

           സ്വിഫ്റ്റ് ബസ് എവിടെയൊക്കെ സ്റ്റോപ്പ് ഉണ്ടെന്നോ ചാര്‍ജ്ജ് കൂടുതലാണോ എന്നൊന്നുമറിയാതെ കേറിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇടയ്ക്ക് ഇറങ്ങി പോകേണ്ടി വന്നാലോ?

              മുന്‍പ് ഒരിക്കല്‍ രാത്രി കോഴിക്കോട് സ്റ്റാന്റില്‍ വിടാന്‍ തുടങ്ങിയ ഒരു ബസ്സില്‍ പുറകില്‍ നിന്ന് ഓടി വന്ന് കയറിയ ഓര്‍മ്മയുണ്ട്. പുറകില്‍ നിന്ന് ഓടി വന്ന് കയറിയതു കാരണവും പോയിട്ട് അത്യാവശ്യമുള്ളതും കാരണം ഏതു ബസ്സാണെന്ന് ശ്രദ്ധിച്ചില്ല. അവസാനം കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ വന്നപ്പോഴേക്കുമാണ് സൂപ്പര്‍ ഡീലക്‌സ് ബസ്സാണെന്ന് മനസ്സിലായത്. ഒടുവില്‍ ഉള്ള കാശ് തപ്പിപ്പെറുക്കി ടിക്കറ്റെടുത്ത് കഴിഞ്ഞപ്പോഴേക്കും എറണാകുളത്തിറങ്ങി വീട്ടില്‍ വരെ പോകാനും ഒരു കാലിച്ചായ കുടിക്കാനുമുള്ള കാശ് മാത്രം മിച്ചം 

        ഇനി അങ്ങനെ ഒരു കളിപ്പ് പറ്റരുതല്ലോ? അതു കൊണ്ട് ചാര്‍ജ്ജ് ചോദിച്ചിട്ടാണ് ടിക്കറ്റെടുത്തത്. ഏതായാലും സ്റ്റോപ്പ് കുറവായതു കൊണ്ടും സ്പീഡ് കൂടുതലായതു കൊണ്ടും അതി വേഗതയില്‍ പറന്ന് വീട്ടിലെത്തുന്ന സുന്ദര സ്വപ്നവുമായി ഞാനും പ്രിയതമയും  മക്കളും ബസ്സില്‍ അരമണിക്കൂര്‍ മുമ്പേ കേറി ഇരിപ്പ് തുടങ്ങി..സമയം പോകുന്നതനുസരിച്ച് റിസര്‍വ്വ് ചെയ്ത യാത്രക്കാര്‍ ഓരോരുത്തരായി   വന്ന് തുടങ്ങി.

                 ബസ്സ് ഏകദേശം നിറയാറായിട്ടും പോകേണ്ട സമയം കഴിഞ്ഞിട്ടും കണ്ടക്ടറുടെയുടെയോ ഡ്രൈവറുടെയോ പൊടി പോലുമില്ല..പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും കണ്ടക്ടര്‍ എത്തി..ഇത്ര ലേറ്റായിട്ടും മന്ദം മന്ദം നടന്നു വരുന്ന  ഇദ്ദേഹത്തെയാണോ പുതിയ സ്വിഫ്റ്റ്  സൂപ്പര്‍ ഫാസ്റ്റ്ബസ്സിന്റെ കണ്ടക്ടറാക്കിയതെന്ന് ഞാനോര്‍ക്കാതിരുന്നില്ല..

           അപ്പോള്‍ ഇതു വരെ വന്നിട്ടില്ലാത്ത ഡ്രൈവറുടെ കാര്യം പറയാനുണ്ടോ? ഏഴ് മണിക്ക് പോകേണ്ട ബസ് ഏഴരയായിട്ടും സ്റ്റാന്റില്‍ തന്നെ കിടക്കുകയാണ്.

                  ''സാറേ ബസ് പോകുന്നില്ലേ,ഇനിയും റിസര്‍വ് ചെയ്ത ആരെങ്കിലും വരാനുണ്ടോ?''

                   ആ ചോദ്യം കേട്ടപ്പോഴാണ് കണ്ടക്ടര്‍ ഞെട്ടിക്കുന്ന ആ സത്യം വെളിപ്പെടുത്തിയത്, സ്വിഫ്റ്റ് ബസ് ഓടിക്കാന്‍ വരേണ്ടിയിരുന്ന ഡ്രൈവര്‍ക്ക് എന്തോ അസൗകര്യം കാരണം എത്താന്‍ കഴിഞ്ഞില്ല പകരം ഡ്രൈവറെ അറേഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ്. ഈശ്വരാ, നേരത്തെ ടിക്കറ്റെടുത്തില്ലായിരുന്നെങ്കില്‍ വേറെ ഏതെങ്കിലും ബസ്സിന് കയറി പോകാമായിരുന്നു. രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസ് ഇതിനിടയില്‍ പോകുകയും ചെയ്തു..എത്രയും പെട്ടെന്ന് വീട്ടിലെത്താനുള്ള ആഗ്രഹത്തില്‍ സ്വിഫ്റ്റില്‍ കയറിയ ഞാനും കുടുംബവും എന്തുചെയ്യണമെന്നറിയാതെ അങ്ങുമിങ്ങും നോക്കിയിരുന്നു.                   

              ഇതിനിടയില്‍ യാത്രക്കാര്‍ പലരും കണ്ടക്ടറുമായി തട്ടിക്കയറാനും തുടങ്ങി.  അതിനിടയില്‍ എല്ലാവരും കാത്തിരുന്ന ഡ്രൈവര്‍ എവിടെ നിന്നോ ആഗതനായി.ഏകദേശം എട്ടു മണിയോടെ ഒരു മണിക്കൂര്‍ വൈകി വണ്ടി സ്റ്റാന്റില്‍ നിന്നും പുറപ്പെട്ടു..

         സ്വിഫ്റ്റ് ബസ്സ് വേഗതയില്‍ പറക്കുന്നതും കാത്ത് എല്ലാവരും ശ്വാസമടക്കി പിടിച്ചിരുന്നു, വെറുതെ അടക്കിപ്പിടിച്ചത് മാത്രം മിച്ചം, സാധാരണ ഫാസ്റ്റിന്റെ വേഗത പോലുമില്ലാതെ ബസ് ഓടുന്നുവെന്നും ഇല്ലെന്നും പറയാവുന്ന അവസ്ഥയില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് വീണ്ടും അടുത്ത രഹസ്യം കണ്ടക്ടര്‍ പുറത്തു വിടുന്നത്..ഡ്രൈവര്‍ക്ക് റൂട്ട് പരിചയമില്ലത്രേ.. അതിനാല്‍ കണ്ടക്ടര്‍ കൂടെ തന്നെ നിന്ന് റൂട്ട് പറഞ്ഞ് കൊടുത്ത് മന്ദം മന്ദം ആ അതിവേഗ സ്വിഫ്റ്റ് ബസ് ഓടിക്കൊണ്ടിരിക്കുകയാണ്.

              അതിനിടയില്‍ എവിടെയോ ഒരു ഹോട്ടലിന് മുന്നില്‍ വണ്ടി ഒതുക്കിയിട്ട് കണ്ടക്ടറുടെ വക ഒരു പ്രഖ്യാപനം..''ഫുഡ് കഴിച്ചിട്ടേ പോകൂ, പത്ത് മിനിട്ട് റെസ്റ്റുണ്ട്..'' ഇപ്പോള്‍ തന്നെ ലേറ്റായി ഓടിക്കൊണ്ടിരിക്കുന്ന ബസ്സ് ഇനി ഫുഡ്ഡൊക്കെ കഴിച്ച് റെസ്റ്റ് ചെയ്ത് എപ്പോഴാണാവോ പുറപ്പെടുന്നത്.   ഇത്ര സ്പീഡില്‍ പോകുന്ന ബസ്സില്‍ ഏതായാലും കയറേണ്ടായിരുന്നു, പത്ത് മിനിറ്റെന്നൊക്കെ പറഞ്ഞാലും ബസ്സ് ഇവിടെ നിന്ന് ഇനി പുറപ്പെടാന്‍ അര മണിക്കൂറെങ്കിലും എടുക്കും എന്നുറപ്പ്.

                 ഇങ്ങനെ പലപ്പോഴും കളിപ്പ് പറ്റിയിട്ടുള്ളതാണ്. ദീര്‍ഘ ദൂര ബസ്സില്‍ അടുത്തെവിടെയെങ്കിലും പോകാന്‍  അത്യാവശ്യത്തിനായി ഓടിക്കേറി ടിക്കറ്റെടുത്ത് അടുത്ത സ്റ്റാന്റെത്താറാകുമ്പോഴായിരിക്കും കണ്ടക്ടറുടെ വക പ്രഖ്യാപനം, ''ഇവിടെ നിന്ന് ഊണ് കഴിച്ചിട്ടേ പോകൂ ''

    പ്രത്യേകിച്ച് ഉച്ച സമയത്താണ് ഇത് ഏറ്റവും കൂടുതല്‍ അനിഭവിക്കാറ് എന്നതിനാല്‍ ആ സമയത്ത് ടിക്കറ്റെടുക്കുമ്പോള്‍ അടുത്ത സ്റ്റാന്റില്‍ ലെഞ്ച് ബ്രേക്ക് ഉണ്ടോ എന്ന് ചോദിച്ചിട്ടേ ടിക്കറ്റെടുക്കു. എന്നാല്‍ കഴിഞ്ഞ ദിവസം മൂന്ന് മണിക്ക് ശേഷം ഒരു ബസ്സില്‍ കയറി അടുത്ത സ്റ്റാന്റില്‍ എത്തിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കണ്ടക്ടറുടെ വക പ്രഖ്യാപനം, '' പത്ത് മിനിറ്റ് ലെഞ്ച് ബ്രേക്ക് ഉണ്ട്..'' ആ സമയമായതിനാല്‍ ഒരു പ്രതീക്ഷയുമില്ലാതിരുന്നതു കൊണ്ട് ബ്രേക്ക് ഉണ്ടോ എന്ന് ചോദിച്ചതുമില്ല.

            ഇതിനിടയില്‍ ലെഞ്ച് ബ്രേക്കിന്റെ സമയം മാറ്റിക്കൊണ്ട് പുതിയ ഗവര്‍മെന്റ് ഓര്‍ഡര്‍ വല്ലതും ഇറങ്ങിയോ എന്നും അറിയില്ല. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയതിനാല്‍ ഇനി പത്ത് മിനിറ്റ് അപ്പുറം പോകേണ്ട സ്ഥലത്ത് പോകാന്‍ അര മണിക്കൂര്‍ കൂടി ബസ്സില്‍ കാത്തിരിക്കാനാണ് വിധിയെങ്കില്‍ അതും അനുഭവിച്ചല്ലേ പറ്റൂ. ടിക്കറ്റെടുക്കുമ്പോള്‍ ഇവര്‍ ബ്രേക്കുള്ള കാര്യം പറയുകയുമില്ല, കിട്ടുന്നത് പോരട്ടെ എന്ന് കരുതിയാകും.കെ.എസ്.ആര്‍.ടി.സി. എന്നതിന്റെ ഫുള്‍ ഫോം ''കാത്തിരിപ്പ് സര്‍വ്വീസ് ആന്റ് റെസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷ''നെന്ന് മാറ്റുന്നതല്ലേ കൂടുതല്‍ അനുയോജ്യം എന്നും ഞാന്‍ ആലോചിക്കാതിരുന്നില്ല.

          അതു കൊണ്ട് തന്നെ ഇപ്പോള്‍ ബ്രേക്ക് എന്ന് കേട്ടാലും അങ്ങനെ ഞെട്ടാറില്ല, ബസ്സ് യാത്രയ്ക്കിടയില്‍ ഏതു സമയവും കേറി വരാം ഈ ബ്രേക്ക് അല്ലെങ്കില്‍ ബ്രേക്ക് ഡൗണ്‍. ഉറങ്ങിത്തുടങ്ങിയ പ്രിയതമയെയും മക്കളെയും വിളിച്ച് ഞാന്‍  ബസ്സിന് പുറത്തിറങ്ങി..പ്രഥമ ദൃഷ്ട്യാ  തന്നെ ഒരു തല്ലിപ്പൊളി ഹോട്ടലെന്ന് വ്യക്തം ഏതെങ്കിലും നല്ല ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയിരുന്നെങ്കില്‍ അങ്ങനെയെങ്കിലും ആശ്വസിക്കാമായിരുന്നു..

             ഇത് വലിയ സൗകര്യമൊന്നുമില്ലാത്ത ഒരു ഹോട്ടല്‍, ഭക്ഷണവും അതു പോലെ തന്നെ.. പൊറോട്ട  കണ്ടു പിടിച്ച സമയത്തെത് എന്ന് പറയാവുന്നതു  പോലത്തെ    തണുത്ത പൊറോട്ടയും മുട്ടക്കറിയെന്ന് ഹോട്ടലുകാരന്‍ പറഞ്ഞ ഏതോ ഒരു കറിയും കഴിച്ചിട്ട് തിരിച്ച് വണ്ടിയില്‍ കയറി. ടിക്കറ്റെടുത്ത് ബസ്സില്‍ കയറിപ്പോയില്ലേ, അനുഭവിക്കാതിരിക്കാന്‍ കഴിയില്ലല്ലോ?.,ആ രാത്രിയില്‍ വിശപ്പു കാരണം കഴിക്കാന്‍ വയ്യാത്തതു കൊണ്ട് കഴിച്ചു പോയതാണ്. ഇനി വയറു വേദന മാറാനുള്ള ഗുളിക വേറെ കഴിക്കണം

           ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഭക്ഷണവും വെള്ളവും സിഗററ്റുമൊക്കെ  ഫ്രീയായി നല്‍കുന്ന ഹോട്ടലിന് മുന്നിലേ അവര്‍ ബ്രേക്ക് ചവിട്ടൂ എന്നതിനാല്‍ നമ്മള്‍ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല. ആള് കൂടുന്നതിനനുസരിച്ച് ചില ഹോട്ടലുകാര്‍ കാശും കൊടുക്കുമത്രേ. പണത്തിന് മുകളില്‍ സ്വിഫ്റ്റും പറക്കില്ല!

    പത്ത് മിനിറ്റ് പറഞ്ഞ് പോയ എല്ലാവരും തിരിച്ചെത്തിയപ്പോള്‍ ഏകദേശം അര മണിക്കൂറോളം ആയിട്ടുണ്ട്. കണ്ടക്ടര്‍ എണ്ണി നോക്കുമ്പോള്‍ രണ്ടു പേരുടെ കുറവ്.. ദൈവമേ, ഇനി അവരെ തപ്പി കണ്ടെത്തി. എപ്പോഴാണോ ഈ അതി വേഗ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് യാത്ര പുറപ്പെടുക..

            പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍  കുറച്ചു ദൂരെ നിന്ന് രണ്ടു പേര്‍ സിഗററ്റൊക്കെ പുകച്ച് നടന്നു വരുന്നു. അവര്‍ തന്നെയാകണേ കാണാതെ പോയ രണ്ടു പേര്‍ എന്ന പ്രാര്‍ത്ഥനയായിരുന്നു എല്ലാവര്‍ക്കും.  ഭാഗ്യം ,  കക്ഷികള്‍ അവര്‍ തന്നെ, കണ്ടക്ടര്‍ രണ്ടു പേരെയും പൊക്കി കൊണ്ടു വന്നു. .അവര്‍ക്ക് ഈ ഹോട്ടല്‍ ഇഷ്ടപ്പെടാതിരുന്നതിനാല്‍ അപ്പുറത്തെങ്ങാനും നല്ല ഹോട്ടലുണ്ടോന്ന് നോക്കി പോയതാണ്. മിടുക്കന്‍മാര്‍,വണ്ടി ഏതായാലും വൈകി, നല്ല ഭക്ഷണം കഴിക്കാനെങ്കിലും കഴിഞ്ഞല്ലോ..

                              യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമൊന്നും പറഞ്ഞ ചീത്ത അവര്‍ക്ക് മനസ്സിലായില്ല, അവര്‍ പറഞ്ഞതെന്തെന്ന് ഞങ്ങള്‍ക്കും മനസ്സിലായില്ല. അതു കാരണം ഒരു വഴക്ക് ഒഴിവായി .അവര്‍ ഹിന്ദിക്കാരായതു കൊണ്ടുള്ള ഒരു ഗുണം!

          പിന്നെയും  കണ്ടക്ടര്‍ ഡ്രൈവര്‍ക്ക്  വഴികള്‍ പറഞ്ഞു കൊടുത്തും റോഡിന് നോവാതെയും ഞങ്ങളുടെ അതി വേഗ സ്വിഫ്റ്റ് യാത്ര തുടര്‍ന്നു..ഒടുവില്‍ അര്‍ദ്ധരാത്രിയെങ്കിലും വീട്ടില്‍ എത്തുമെന്ന് പ്രതീക്ഷിച്ച് കേറിയ ബസ് എറണാകുളത്തെത്തിയപ്പോള്‍ നേരം വെളുക്കാറായി..  ഈശ്വരാ, ഇതു പോലൊരു അതിവേഗ യാത്ര ചെയ്യാന്‍ ഇനി ഇടയാകല്ലേ എന്ന പ്രാര്‍ത്ഥനയോടെ കുട്ടികളോടും പ്രിയതമയോടുമൊപ്പം ഞാന്‍ ബസ്സില്‍ നിന്നിറങ്ങി.

 ..............................................................................................................................................................................................................................................................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക