Image

ആൽമരം (ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 26 May, 2024
ആൽമരം (ചെറുകഥ: ദീപ ബിബീഷ് നായർ)

പതിവുപോലെ ലയ ഓഫീസിലേക്ക് കാറിൽ ചെന്നിറങ്ങി . ഗേറ്റിനടുത്തുള്ള  ആൽമരച്ചുവട്ടിൽ പതിവില്ലാതെ അപരിചിതനായ ഒരു വൃദ്ധനെ കണ്ടു.. "ആ, എത്രയോ പേരിതുപോലെ "അങ്ങനെ മനസിലോർത്തുകൊണ്ട്അവൾ അകത്തേക്കു പോയി. തിരികെവരുമ്പോഴുംഅവളറിയാതെ കണ്ണുകൾ ആ വൃദ്ധനിരുന്നടുത്തെത്തി, അയാളും അവളെത്തന്നെ നോക്കുകയായിരുന്നു. കാറിൻ്റെ ഹോണടി കേട്ടവൾ തിരിഞ്ഞു നോക്കി.ആ ശിവേട്ടനെത്തി. കാറിലിരുന്നു കൊണ്ട് അവൾ പറഞ്ഞു
 "ശിവേട്ടാ, നമ്മുടെ ഓഫീസിലേക്ക് കയറുന്ന വഴിയിലെ ആൽമരച്ചുവട്ടിൽ പതിവില്ലാതെ ഒരു വയസൻ, അയാൾടെ ഒരു നോട്ടം എന്തു പറയാനാ?'' അതും പറഞ്ഞ് അവൾ ശിവനെ നോക്കി.
" നീ വായിനോക്കിയല്ലേ, നടക്കുന്നത്, അപ്പൊ അതൊക്കെ കാണും", ഇതും പറഞ്ഞ് ശിവൻ ചിരിച്ചു. അവളുടെ മുഖം വാടി.ഇപ്പോൾ ഇങ്ങനാ, എന്തു പറഞ്ഞാലും മറുപടി. പണ്ട് എന്തായിരുന്നു? കാര്യം കേൾക്കാൻ പുറകെ നടക്കുമായിരുന്നു. ഇപ്പൊ ഞാൻ പുറകെ നടക്കണം എന്തെങ്കിലും ഒന്ന് പറയണമെങ്കിൽ പോലും. അവൾ മുഖം വീർപ്പിച്ചിരുന്നു.  എന്തായാലും അതേപ്പറ്റി കൂടുതൽ ഒന്നും സംസാരിക്കാൻ രണ്ടാളും മുതിർന്നില്ല. വീടെത്തി.വീട്ടിൽ ഏഴ് വയസുള്ള ഒരു മോളും ശിവൻ്റെ മാതാപിതാക്കളുമാണുള്ളത്. 

മോൾ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അച്ഛനെയും അമ്മയെയും കണ്ട് ഒന്ന് തല ഉയർത്തി ഹായ് പറഞ്ഞ് വീണ്ടും കാർട്ടൂണിൽ മുഴുകി. അമ്മ സന്ധ്യ ആയി വരുന്നതു കൊണ്ട് നിലവിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. അച്ഛനെക്കാണാഞ്ഞ് ലയ അമ്മയോട്  തിരക്കിയപ്പോൾ അമ്മ പറഞ്ഞു, " വീടിൻ്റെ പുറകിൽ കാണും, പുരയിടത്തിൽ ഉണങ്ങിക്കിടക്കുന്ന കരിയിലകൂട്ടി കത്തിക്കുന്നുണ്ടായിരുന്നു. "ഓ, ഈ സന്ധ്യാസമയത്തോ ? അച്ഛൻ്റെ ഒരു കാര്യം, ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ ' പറഞ്ഞാൽ കേൾക്കില്ല" ഇതും പറഞ്ഞ് അവൾ റൂമിലേക്ക് പോയി.

ലയ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്നു. ശിവൻ ഗൾഫിലായിരുന്നു. വന്നിട്ട് കുറേ നാളായി, പുതിയ വിസക്കായി കാത്തിരിക്കുന്നു. അച്ഛനും അമ്മക്കും വാർദ്ധക്യ പെൻഷനുണ്ട്.  അച്ഛൻ കൃഷിയിൽ തത്പരനായതു കൊണ്ട് ശിവനും കൂടെ കൂടും.പുരയിടത്തിൽ നിന്നും അത്യാവശ്യം വേണുന്ന പച്ചക്കറികളൊക്കെ കിട്ടും.
മോൾക്കിപ്പോ സ്കൂളില്ല, അവധിയാണ് . ചിത്രചനയും കഥ പറച്ചിലും കാർട്ടൂൺ കാണലും . അമ്മുമ്മ മതി അവൾക്ക് .രാവിലെ ലയയെ ഓഫീസിൽ വിടുന്നതും കൊണ്ടു വരുന്നതും ശിവനാണ്. പിറ്റേന്നുംരാവിലെ ഓഫീസിനു മുന്നിൽ കാറിൽ നിന്നിറങ്ങവേ, അവളുടെ കണ്ണുകൾ എത്തിയത് ആ ആൽമരച്ചുവട്ടിലേക്കാണ്. അതെ, അദ്ദേഹം അവിടെത്തന്നെ ഇരിപ്പുണ്ട്. കുറേ കടലാസ് തുണ്ടുകൾ അരികിലായി കിടപ്പുണ്ട്. അവൾ അദ്ദേഹത്തെ ഒന്നു നോക്കി, "ഇല്ല അത്ര വൃദ്ധനല്ല, പക്ഷേ ആ കീറിപ്പറിഞ്ഞവേഷം, എണ്ണ തേയ്ക്കാത്ത തലമുടി, കാടു പോലെ താടി, തുണി സഞ്ചി ഒക്കെ കാണുമ്പോൾ തന്നെ പേടിയാകുന്നു. അവൾ അദ്ദേഹത്തിനടുത്തായി താഴെക്കിടന്ന ഒരു കടലാസു തുണ്ടെടുക്കാൻ കുനിയവെ, ആ കണ്ണുകളിലേക്ക് നോക്കി. വല്ലാത്തൊരു ദൈന്യത നിഴലിക്കുന്നു ആ കണ്ണുകളിൽ. ഒരു കടലാസുതുണ്ടെടുത്ത് അവൾവേഗം അകത്തേക്ക് നടന്നു.തൻ്റെ കസേരയിലിരുന്നു അവൾ ആ പേപ്പർ നിവർത്തി നോക്കി. മനോഹരമായ ഒരു പെണ്ണിൻ്റെ ജീവസുറ്റ കണ്ണിൻ്റെ ചിത്രം. അതിന് താഴെ ഇങ്ങനെ എഴുതിയിരുന്നു.
"പെയ്യുവാൻ വിതുമ്പുന്ന മേഘമായിരുന്ന നീ, എന്തേ എന്നിൽ പെയ്തിറങ്ങിയില്ല??????"
അവൾക്കത്ഭുതം തോന്നി. എന്തു മനോഹരമാണ് അദ്ദേഹത്തിൻ്റെ വരയും ആ എഴുത്തും... അവൾ അത് തൻ്റെ മേശവലിപ്പിൽ സൂക്ഷിച്ചു വച്ചു. ജോലി ചെയ്യുമ്പോഴും ഉച്ചക്ക് ഊണ് കഴിക്കുമ്പോഴുമൊക്കെ ആ മനുഷ്യനെക്കുറിച്ചായിരുന്നു അവൾ ഓർത്തത്. അദ്ദേഹം വല്ലതും കഴിച്ചു കാണുമോ? തനിക്ക് എന്താണ് പറ്റിയത്? ഇത്ര ജിജ്ഞാസപ്പെടാൻ അതാരാണ്? അറിയില്ല, പക്ഷേ എന്തിനാണെന്നറിയില്ല അദ്ദേഹത്തെക്കുറിച്ചറിയാൻ വല്ലാത്ത ആഗ്രഹം.ആരോട് ചോദിക്കും? കൂടെ ജോലി ചെയ്യുന്ന രമ്യ തിരക്കി, "എന്തു പറ്റി ലയക്ക് "എന്ന്, പക്ഷേ അവളോടും ഒന്നും പറയാൻ തോന്നിയില്ല.

അന്നു വൈകിട്ട് ഓഫീസിൽ നിന്നിറങ്ങവേ, ആൽമരച്ചുവട്ടിലിരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ ചുണ്ടിലൊരു ചിരി വരുത്താൻ ശ്രമിച്ചു. പക്ഷേ ഒരു പ്രതികരണവുമില്ലായിരുന്നു ആ മുഖത്ത്.
അദ്ദേഹത്തിനടുത്തായി ചുരുണ്ടു കിടന്ന ഒരു പേപ്പർ കഷണമെടുത്തപ്പോഴേക്കും അദ്ദേഹം അവളെ നോക്കി, അവളും.  കാറിൻ്റെ ഹോണടി കേട്ട് അവൾ തിരികെ നടന്നു. കാറിനകത്തു കയറിയ ഉടനെ ആ പേപ്പർ ചുരുൾ നിവർത്തി നോക്കി. പിൻതിരിഞ്ഞു നടക്കുന്ന ഒരു പെണ്ണിൻ്റെ ജീവൻ തുടിക്കുന്ന ചിത്രം... അതിൻ്റെ താഴെയായി ഇങ്ങനെ എഴുതിയിരുന്നു.
" മറുവഴിയറിയാത്ത പുഴയായിരുന്നില്ലേ നീ?
എന്നിട്ടും കാത്തിരുന്ന എൻ്റെ ഹൃദയസാഗരത്തിൽ  ലയിക്കാതെ  നീ എങ്ങനെ പോയി?????"
ഏതോ പ്രണയ നൈരാശ്യത്തിന് ഇരയായിരിക്കാം അദ്ദേഹമെന്ന് അവളുറപ്പിച്ചു.  എന്തൊരു സാഹിത്യമാണ് ആ എഴുത്തിൽ. ഹൃദയവേദനയാൽ കൂരമ്പ് പോലെ തുളച്ചുകയറുന്ന മനസുകൾക്കേ ഇങ്ങനെയൊക്കെ എഴുതാൻ കഴിയൂ... അവൾ ചിന്തിച്ചു.......

ശിവൻ കാറോടിക്കുന്നതിനിടയിൽ  ഏറുകണ്ണിട്ട് ലയയെ നോക്കി, അവൾ വേറെ ഏതോ ലോകത്താണെന്ന് അവന് തോന്നി.  വീട്ടിൽ കാർ കൊണ്ട് നിർത്തുമ്പോഴും അവളുടെ ചിന്തകൾ വേറെയാണെന്നു തോന്നി ശിവന്. പതിവു വീട്ടുജോലികൾ ചെയ്ത് മകളെ ഉറക്കിയതിന് ശേഷം  അവൾ ശിവൻ്റെയടുത്തേക്ക് വന്ന് അവനടുത്തേക്ക് ചരിഞ്ഞു കിടന്നു. രോമാവൃതമായ ആ നെഞ്ചിലേക്ക് തല ചേർത്തുവച്ച് കൊണ്ട് അവൾ ചോദിച്ചു "ശിവേട്ടാ ,ഒരു കാര്യം പറയട്ടെ, " ശിവൻ ഒന്നും മിണ്ടിയില്ല. ലയ തുടർന്നു "ഞാനൊരാളിൻ്റെ കാര്യം ഇന്നലെ പറഞ്ഞില്ലേ, എന്താണെന്നറിയില്ല അയാളെ കാണുമ്പോൾ എൻ്റെ മനസിന് വല്ലാത്ത സങ്കടം, അയാൾ വലിയൊരു കലാകാരനാണ് എന്നാണെനിക്ക് തോന്നുന്നത്. " "അത് നിനക്കെങ്ങനെ അറിയാം?" ശിവൻ ആരാഞ്ഞു.

അത് അന്ന് രാവിലെ മുതലുള്ള കാര്യങ്ങൾ അവൾ പറഞ്ഞു. കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റ് ബാഗിലിരുന്ന ആ ചുരുണ്ട പേപ്പർ നിവർത്തി ശിവനെ കാണിച്ചു. "ഏതോ പെണ്ണ് തേയ്ച്ചിട്ട് പോയി ഭ്രാന്തായതായിരിക്കും, നീ കിടന്നുറങ്ങ്. " അവൻ എന്തോ താത്പര്യമില്ലാത്തതുപോലെ പറഞ്ഞു.
ലയക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവൾക്ക് ഒരേ സമയം സങ്കടവും നിരാശയും വന്നു. ഈ ഏട്ടനെന്താ ഇങ്ങനെ? എന്താ ഒന്നു സമാധാനമായി പ്രതികരിച്ചാൽ? വെറുതേ ഓരോന്ന് തലയിൽ വയ്ക്കണ്ടാന്ന് കരുതിയിട്ടാകും. ഓരോന്ന് ആലോചിച്ച് കിടന്ന് എപ്പോഴോ അവൾ ഉറങ്ങി. പിറ്റേ ദിവസവും ശിവൻ ലയയെ ഓഫീസിന് മുന്നിൽ വിട്ടു. ലയ കണ്ണുകൊണ്ട് ആൽ മരത്തിന് മുന്നിലേക്ക് നോക്കാൻ ആംഗ്യം കാട്ടി. 
ശിവൻ അവിടേക്ക് അലക്ഷ്യമായി ഒന്ന് നോക്കി .ശരിയാണ് ഒറ്റനോട്ടത്തിൽ തന്നെ ഒരു ഭ്രാന്തൻ്റെ ലക്ഷണം. ശിവൻ മുഖം തിരിച്ച് ഒന്ന് ലയയെ നോക്കി. എന്നിട്ട് കാർ വിട്ടു പോയി. ലയ പതുക്കെ നടന്ന് അദ്ദേഹത്തിനടുത്തെത്തി. പതിവുപോലെ ചുരുട്ടിയെറിഞ്ഞിരിക്കുന്ന തുണ്ടിൽ നിന്നും ഒന്നെടുത്തു. എന്തോ ചോദിക്കണമെന്നുണ്ട്. പേടി കാരണം ശബ്ദം വെളിയിലേക്ക് വരുന്നില്ല. അവൾ ഓഫീസിലേക്ക് നടന്നു. കസേരയിലിരുന്ന ഉടനെ ആ പേപ്പർ കഷണം നിവർത്തി നോക്കി. നല്ല ഭംഗിയുള്ള മറുകോടു കൂടിയ ഒരു ചുണ്ട്.... അതിനടിയിലായി ഇങ്ങനെയെഴുതിയിരുന്നു...
" നിന്നധരത്തിലെയാ മധുകണം 
എന്തേ പകരാനെനിക്കു തന്നില്ല......".ലയക്ക് തല പെരുക്കുന്നതു പോലെ തോന്നി. ആകെയൊരു വിഷമം. എന്തെങ്കിലും തനിക്ക് ചെയ്യണം ആ മനുഷ്യനുവേണ്ടി... അവൾ മനസിലുറപ്പിച്ചു. വൈകുന്നേരമാകാൻ തിടുക്കമായി...

ഓഫീസ് വിട്ട ഉടനെ അവൾ ബാഗുമെടുത്ത് ഓടി വെളിയിലിറങ്ങി. ആൽമരച്ചുവട് ശൂന്യമായിരുന്നു. അവൾ നാലുവശവും പരതി. ആരെയും കണ്ടില്ല. അവൾക്ക് വല്ലാത്ത നിരാശയും ഉത്കണ്ഠയും സങ്കടവുമൊക്കെ തോന്നി. എന്തോ നഷ്ടപ്പെട്ട മട്ടിൽ നിൽക്കുമ്പോഴേക്കും കാറുമായി ശിവൻ എത്തി.ലയയുടെ മുഖത്ത് ഭാവവ്യത്യാസം കണ്ടെങ്കിലും അവൻ അത് കണ്ടതായി ഭാവിച്ചില്ല. പതിവു വഴിയല്ലാതെ കാർ വേറൊരു വഴിയിലേക്ക് തിരിച്ചപ്പോൾ ഒരു ചോദ്യചിഹ്നം പോലെ ലയ ശിവനെ നോക്കി.കാർ നേരെ പോയത് അവിടുത്തെ പ്രശസ്തമായ 'കാരുണ്യ' എന്ന സ്ഥാപനത്തിലേക്കാണ്. അശരണരും അനാഥരുമായ കുറേപ്പേർ വസിക്കുന്ന ഒരിടം. അതിൻ്റെ മാനേജർ ശിവേട്ടൻ്റെ കൂട്ടുകാരനാണ്. ഇതിപ്പൊ എന്തിനാ ഇങ്ങോട്ട് വന്നതെന്ന് ചോദിക്കുന്നതിന് മുന്നേ ശിവൻ പറഞ്ഞു. "നീ ഇറങ്ങിയെ".ലയ ഇറങ്ങി. കൂടെ ശിവനും. രണ്ടു പേരെയും ശിവൻ്റെ കൂട്ടുകാരൻ സ്വീകരിച്ചിരുത്തി.  കൂട്ടുകാരൻ അകത്തേക്ക് നോക്കി പറഞ്ഞു, ഇന്ന് കൊണ്ടുവന്ന ആളിനെ കൊണ്ടുവരൂ. ലയ ജിജ്ഞാസയോടെ വാതിൽക്കലേക്ക് നോക്കി. വന്ന ആളിനെ ഒറ്റ നോട്ടത്തിൽ അവൾക്ക് മനസിലാക്കാനായില്ല. ശിവൻ പറഞ്ഞു ഒന്ന് "സൂക്ഷിച്ച് നോക്കിയെ, ഇദ്ദേഹത്തെയാണോ നീ ആ ആൽമരച്ചുവട്ടിൽ കണ്ടത്?" ലയക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. മുടിയൊക്കെ വെട്ടി, താടിയൊക്കെ വൃത്തിയാക്കി, കുളിച്ച്, വൃത്തിയുള്ള വേഷത്തിൽ നിൽക്കുന്ന, ഒരു നല്ല മനുഷ്യൻ.......
"ഇത്....ഇതെങ്ങനെ..... "
ശിവൻ്റെകൂട്ടുകാരൻപറഞ്ഞു.   ഇങ്ങനെയൊരാളെപ്പറ്റി ഇന്നലെ ഇവൻ പറഞ്ഞിരുന്നു. ഇന്ന് നിന്നെ ഓഫീസിലാക്കിയിട്ട്അവൻനേരെ ഇവിടെയാണ് വന്നത്. ഞങ്ങൾ പോയി നിർബന്ധിച്ച്കൂട്ടിക്കൊണ്ടു വന്നു. ഏതോ കോളേജിലെപ്രൊഫസർആയിരുന്നെന്ന് കയ്യിലുണ്ടായിരുന്നഡയറിയിൽ നിന്നുമറിയാൻ കഴിഞ്ഞു. ഇദ്ദേഹമൊരു നല്ലഎഴുത്തുകാരൻകൂടിയാണെന്ന് തോന്നുന്നു.ഡയറി മുഴുവൻ അവളോടുള്ളതീവ്രപ്രണയമാണ്. പേര് പറഞ്ഞിട്ടില്ല. ആ പ്രണയത്തിൻ്റെ മരണമായിരിക്കാം അദ്ദേഹത്തെ ഈ കോലത്തിലെത്തിച്ചതെന്ന് തോന്നുന്നു.ഒന്നുമങ്ങനെ പറയുന്നില്ല. എന്നാലും ഇദ്ദേഹം ഒരു മുഴുഭ്രാന്തനല്ല, ഇദ്ദേഹത്തിൻ്റെ എഴുത്തുകൾ നമുക്ക് ഒരു പുസ്തകമോ മറ്റോ ആക്കാൻ ശ്രമിക്കാം, ഒരു അതിജീവന മാർഗ്ഗവുമാകും അദ്ദേഹത്തിന് ഭാവിയിൽ..... 

ലയ പരിസരം മറന്ന് ശിവനെ കെട്ടിപ്പിടിച്ചു. "വെറുതെ എന്നെ ടെൻഷൻ അടിപ്പിക്കുന്നതാ ഈ ഏട്ടൻ"സ്നേഹപൂർവ്വം അവൾ ആ കൈത്തണ്ടയിൽ ഒരു നുള്ളുകൊടുത്തു.....

അവർ തിരികെ പോകാനിറങ്ങി. കാറിനടുത്തെത്തിയപ്പോൾ ഒന്നു കൂടി ലയ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി. അവൾക്ക് മനസിലോർമ്മ വന്നത് മഹാകവികുമാരനാശാൻ്റെ പ്രണയകാവ്യമായ 'ലീല'യിലെ വരികളാണ്.
"ദേഹം വെടിഞ്ഞാൽ തീരുന്നില്ലീ 
പ്രണയജടിലം ദേഹി തൻ ദേഹബന്ധം "

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക