Image

തോരാ മഴ നോക്കിയിരിക്കെ : രാധാമണി രാജ്

Published on 28 May, 2024
തോരാ മഴ നോക്കിയിരിക്കെ : രാധാമണി രാജ്

എവിടെയാണങ്കിലും മഴക്കാലങ്ങളില്‍ മനസ്സിലൊരു പറയാനാവാത്ത നൊമ്പരമായി കാരാപ്പുഴയെത്തും.. പേര്പോലെ പകുതി കരയും  പകുതി പുഴയുമായൊരിടം.. രണ്ടുമുറിയും നല്ലൊരു ചായ്പ്പും  വലിയൊരു തിണ്ണയും അടുക്കളയും എളന്തിണ്ണയും നാലുവശവും മുറ്റവും , അതായിരുന്നെന്‍റെ അമ്മവീട്. അതിനുപുറകില്‍ ചെറിയൊരു കെെത്തോടും. കുറച്ചധികം സ്ഥലമുള്ളതില്‍ കൂടുതലും തെങ്ങുകളാണ്. രണ്ടു വലിയ ആഞ്ഞിലികളും മുറ്റത്ത്, അടുക്കളവശത്തായി ഒറ്റത്തടിയായി ഒരുപാടുയരത്തിലെത്തി കുറച്ചധികം കൊമ്പുകളുമായിട്ടൊരു മാവ്. ഉയരം കാരണം മാങ്ങ പറിക്കാറില്ലങ്കിലും ചെനച്ചതും പഴുത്തതുമായിട്ട് ധാരാളം മാങ്ങകള്‍ തരുന്നൊരു മാവായിരുന്നത്. അതിന്‍റെ മാങ്ങയുടെ മണം ഇപ്പോഴും തൊട്ടറിയാം. കര്‍പ്പൂരമാവാണതെന്നാണമ്മച്ചി പറഞ്ഞുതന്നത്. അന്നത്തെ ഒരുരീതിക്ക് പുലയര്‍ക്ക് ഓലമറയുള്ള വീടുകളാണ് അധികവും.

എന്നാലീ വീടിന്‍റെ ഭിത്തികള്‍ നല്ല ഒറപ്പുള്ള മണ്ണിഷ്ടിക  കൊണ്ട് കെട്ടിയതായിരുന്നു. അന്നൊരിക്കലും ഒരു വെള്ളപ്പൊക്കവും ആ വീടിന്‍റെ അകത്ത് കയറിയിട്ടില്ല.ഞാനുണ്ടായതും  രണ്ടരവയസ്സുവരെ വളര്‍ന്നതും അവിടെ ആയിരുന്നു. അതുകഴിഞ്ഞാണ് അച്ചനും അമ്മയും ആ വീട്ടില്‍നിന്ന് ഒരു തോടിനപ്പുറത്തുള്ളൊരു കുത്തിക്കൂട്ടിയ  വീട്ടിലേക്ക് മാറുന്നത് .വളരെ ചെറിയ ഒന്ന്. എന്നാലാ വീടിന്‍റെ മുറ്റത്തതിരില്‍ പടര്‍പ്പന്‍ പുല്ലുകള്‍ ചെത്തിയെടുത്ത് വെച്ച്  പിടിപ്പിച്ച് മുറ്റം കെട്ടിയിരുന്നു. ക്രമേണ അതൊരു ആനവായന്‍ വീടും അതുകഴിഞ്ഞ് രണ്ടുമുറിയും തിണ്ണയും അടുക്കളയുമായി  മാറി. ആവീട് ചിലപ്പോള്‍ തെങ്ങോലകളാലും ചിലപ്പോള്‍ കിഴക്കു ദേശത്തുനിന്നെത്തുന്ന പനയോലകളും  കെട്ടി മേഞ്ഞവയായിരുന്നു. ...തെങ്ങോലകളാണങ്കി വര്‍ഷത്തിലൊരിക്കല്‍ പുരകെട്ടിമ)യണം. എന്നാല്‍ പനയോലകള്‍ മൂന്നാം വര്‍ഷത്തില്‍ മാറിയാല്‍ മതി. വീഞ്ഞപ്പലകളാല്‍ നല്ല ഭംഗിയില്‍ ആയിരുന്നു...

അതും കഴിഞ്ഞാണ്. മൂന്നുമുറിയും അടുക്കളയും തിണ്ണയുമൊക്കെയായിട്ട് ഒരുവീട് മുക്കാല്‍ ഭാഗത്തോളം പണിതീര്‍ത്തതും. പണിതീരാഞ്ഞതുകൊണ്ട് കുറച്ചു തെക്കുവശത്തായി പ്രത്യേകമുണ്ടാക്കിയ കുഞ്ഞൊരടുക്കള ഉണ്ടായിരുന്നു. വെള്ളപ്പൊക്കമായാല്‍ അടുക്കളയില്‍ നിന്നും അപ്പുറത്തേക്ക് ആഹാരം നീന്തിക്കേറിക്കൊണ്ടുവരണം...

തോരാമഴനോക്കിയിരിക്കെ എന്തെല്ലാമോ ഓര്‍ത്തുപോയി. വല്ലാത്തൊരു സങ്കടം . അതിന്നുകളെ ഓര്‍ത്താണ്. പക്ഷേ ഇന്നലെകളെ കൂട്ടുപിടിച്ചാലും തോരാമഴയാണ് അകത്തും പുറത്തും.. വലിയ വെള്ളപ്പൊക്കങ്ങളുണ്ടാവുമ്പോള്‍ വലിയ ചില കെട്ടുവള്ളങ്ങള്‍ തൊഴഞ്ഞും ഊന്നിയുമൊക്കെ തെങ്ങിന്‍റെയും വാഴയുടെയുമൊക്കെ ഇടക്കൂടെ വല്ലപ്പോഴും വന്നിരുന്നു. അതില്‍ വെള്ളപ്പൊക്കത്തില്‍ പെടുന്ന വീട്ടുകാര്‍ക്ക് ചെറിയൊരു കെട്ട് വിറകും ഒരു രണ്ടു കിലോ കപ്പയും ഒാരോ പൊതി കാപ്പിപ്പൊടിയും ചക്കരയുമൊക്കെ ഉണ്ടാവും......വെള്ളത്തില്‍ നിന്നതനത്തി പൊക്കപ്പൊറത്തിരുന്നു കുടിച്ചിട്ടുള്ള ആ കട്ടന്‍റെ ചൂടും സ്വാദും ചൂരും ...... ഊന്നുവടിയെന്നൊക്കെ പറയാമല്ലേ.........

 

തോരാ മഴ നോക്കിയിരിക്കെ : രാധാമണി രാജ്

radhamani raj

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക