ഗാന്ധിജി മഹാത്മാവായത് തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം അധികാരത്തിനു പുറത്തു നിന്നു അധികാരത്തിന്റെ അഹങ്കാര അനീതികളെയും അന്യായങ്ങളെയും വിവേചനങ്ങളെയും സത്യാഗ്രഹമാർഗത്തിലൂടെ എതിർത്തത് കൊണ്ടാണ്.
ഗാന്ധിജിയുടെ സത്യാഗ്രഹ സമരങ്ങൾ തുടങ്ങിയത് സൗത് ആഫ്രിക്കയിലെ അന്യായ വിവേചനങ്ങളെ എതിർത്തു കൊണ്ടാണ്. അതു ചെയ്തത് വാക്കിലും പ്രവർത്തിയിലും കൂടിയുള്ള വേറിട്ട വഴികളിലൂടെയാണ്. നിരന്തര ചിന്തിച്ചു അന്നന്നുള്ള സാഹചര്യങ്ങളോട് എഴുത്തിലൂടെയും സാമൂഹിക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനമാക്കിയും സമരവും സംഘർഷവും സംവാദവും സമവായവും ഒരുമിച്ചു കൊണ്ടുപോയി സത്യാഗ്രഹമെന്ന പൊളിറ്റിക്കൽ പ്രാക്സിസ്ഉണ്ടാക്കിയതിനാലാണ്.
മാർക്സ് മുപ്പതു കൊല്ലക്കാലം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ ഇരുന്നു വായിച്ചുകൂട്ടി എഴുതിയത് മൂന്നു പുസ്തകങ്ങൾ. മാർക്സ് സാമൂഹിക മാറ്റത്തിന്റെ തിയറി എഴുതി. അതു പ്രയോഗിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. അതു കുറച്ചെങ്കിലും പ്രയോഗിക്കാൻ സാധിച്ചത് ലെനിനാണ്. അതു പ്രയോഗിക്കുന്നതിന് മുമ്പ് ലെനിനും മരിച്ചു. പിന്നെ വന്ന സ്റ്റാലിനു മാർക്സ് എഴുതിയ മാനവികതയക്ക് കടക വിരുദ്ധമായ ഏകധിപത്യമായി പരിണമിച്ചു.
ഗാന്ധിജി അമ്പത് കൊല്ലം അടിസ്ഥാനതലത്തിൽ സാമൂഹിക പ്രവർത്തനം നടത്തി നിരന്തരം ഗാന്ധി എഴുതിയത് എല്ലാം കൂടി നൂറു വോളിയമുണ്ട്. ഗാന്ധിജി സാമൂഹിക മാറ്റത്തിന്റെ തിയറിയല്ല എഴുതിയത്. അതു നിരന്തരം പ്രയോഗിച്ചു ചിന്തിച്ചു എഴുതിയ ലോക കാഴ്ചപ്പാടുകളിലൂടെയാണ്. ഗാന്ധിയുടെ തിയറി അദ്ദേഹത്തിന്റെ ജീവിത പ്രയോഗമായിരുന്നു. അതുകൊണ്ടാണ് my life is my message എന്നു പറയാനുള്ള ആത്മധൈര്യവും ഉൽക്കാഴ്ചകളും ഗാന്ധിജിക്കുണ്ടായത്.
അതു അന്നന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് സത്യസന്ധമായും സർഗാത്മമായും ക്രിയാത്മകവൂമായുള്ള പ്രതികരണമായിരുന്നു. അതു കൊണ്ടു ഗാന്ധിജി നിരന്തരം പുതുക്കി കൊണ്ടിരുന്നു. 1880കളിലെ ലെ ഗാന്ധിയും 1890 കളെ ഗാന്ധിയും ഇരുപതാം നൂറ്റാണ്ടിലെ ഗാന്ധിയും വ്യത്യസ്തമായതു അദ്ദേഹം മരണവരെയും മരണം കഴിഞ്ഞും നിരന്തരം പുതുക്കി പരിണമിച്ചു കൊണ്ടിരുന്നത് കൊണ്ടാണ്. ജീവിതം തന്നെ സത്യാന്വേഷണ പരീക്ഷണമായി നിരന്തരം മാറ്റിയത് കൊണ്ടാണ്. ഇത് അറിയാത്തവരാണ് ഗാന്ധിജിയിൽ വംശീയതയൊക്കെ ആരോപിച്ചത്.
1869 ഒക്ടോബർ രണ്ടിനുജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയല്ല 1948 ജനുവരി മുപ്പത്തിന് വെടിവച്ചുകൊല്ലപ്പെട്ട മഹാത്മ ഗാന്ധി. കാരണം നിരന്തരം പരിണമിച്ച ഒരു ഇവോൾവ്ഡ് സത്യാഗ്രഹ മനുഷ്യനായത് കൊണ്ടാണ് അദ്ദേഹം മഹാത്മവായത്.
ഗാന്ധിജി എന്നും അധികാരത്തിനു പുറത്തു നിന്ന് അധികാര ഘടനകളെ മാറ്റുവാൻ ശ്രമിക്കുകയാണ് ചെയ്തത്. ഗാന്ധിജി 1915 ൽ വന്നപ്പോൾ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ഏറ്റവും ദുർബല ശിഥില അവസ്ഥയിൽ ആയിരുന്നു. ആദ്യ അഞ്ചു കൊല്ലം ഗാന്ധിജി അന്നത്തെ ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സിന്റെ പുറത്തുള്ള സമരങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലുമായിരുന്നു. ഗാന്ധിജി എ ഐ സി സി പ്രസിഡന്റ് ആയതു 1924 ൽ ഒരു വർഷം മാത്രമാണ്. പക്ഷെ ആ ഒറ്റ വർഷം കൊണ്ടു അദ്ദേഹം കൊണ്ഗ്രെസ്സിനെ മാറ്റി ആദ്യമായി അതിന് നിയത സംഘടന രൂപം നൽകി. പിന്നെ അദ്ദേഹം മാറി നിന്ന് ചെറുപ്പക്കാരായ കൊണ്ഗ്രെസ്സ് നേതാക്കളെ വളർത്തി അവസരങ്ങൾ നൽകിയ
കൊണ്ഗ്രെസ്സിന്റെ ചീഫ് ലീഡർഷിപ് മെന്റർ ആകുകയായിരുന്നു. നാൽപതു വയസ്സിൽ 1929 ൽ ജവഹർലാൽ നെഹ്‌റു എ ഐ സി സി പ്രസിഡന്റ് ആയി.
ഗാന്ധിജിയുടെ ജീവിതവും രാഷ്ട്രീയവും എല്ലാം അദ്ദേഹത്തിൻറ് സത്യാന്വേഷണ പരീക്ഷണങ്ങളയും അന്വേഷണങ്ങളും ആയിരുന്നു. അതു കൊണ്ടു കൂടിയാണ് ഗാന്ധി ജീവിതത്തിൽ നിരന്തരം ഇവോൾവ് ചെയ്ത് മഹാത്മാവായത്. ഗാന്ധിജി മാത്രമാണ് മരണശേഷവും ഇവോൾവ് ചെയ്തു ലോകത്തെ സ്വാധീനിച്ച ഏക ഇന്ത്യക്കാരൻ. അമേരിക്കയിലെ സിവിൽ റൈറ്സ് മൂവേമെന്റൽ ഗാന്ധി ഉണ്ടായിരുന്നു സൗത്ത് ആഫ്രിക്കയിലെ സ്വാതന്ത്ര്യ സമരത്തിലും ഗാന്ധിജി ഉണ്ടായിരുന്നു. മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ടേലയും ഗാന്ധിജിയുടെ അഹിംസയും സത്യാഗ്രഹവും പിന്തുടർന്നവരാണ്.
ജനീവയിൽ യൂ എൻ ഹ്യൂമൻ റൈറ്റ് കൗൺസിലിനുമുന്നിൽ ഗാന്ധിജിയുണ്ട്. ജോർജിയിലെ മഹാത്മ ഗാന്ധി സെന്റർ ഉദ്ഘാടനത്തിൽ ഗാന്ധിജി കുറിച്ച് സംസാരിച്ചത് ഓർമ്മകൾ ഉണ്ട്. ഗാന്ധിയെ കുറിച്ചു ആയിരകണക്കിന് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ആ പുസ്തകങ്ങൾ വായിക്കാത്തവർക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരുടെ പിൻഗാമികൾക്കും ഗാന്ധിജി അറിയാൻ വഴിയില്ല. ഗോഡ്‌സെയുടെ പിൻഗാമികളെ ഗാന്ധിജി ഇന്നും അലോസരപ്പെടുത്തുന്നുണ്ട്.
ഗാന്ധിജി അധികാരത്തിൽ നീന്ന് മാറി നടന്നു അധികാരത്തെ അതിജീവിച്ചു സമാധാനത്തിന്റെ രക്ത സാക്ഷിയായി മരിച്ചു കഴിഞ്ഞും ലോകത്തെ സ്വാധീനീച്ചു കൊണ്ടിരിക്കുന്നു. സ്വന്തം ജീവിതം കൊണ്ടു ചരിത്രത്തിന്റെ സ്ക്രീപ്റ്റ് എഴുതിയത് കൊണ്ടാണ് ഗാന്ധി ഇന്നും സജീവമായി വർത്തിക്കുന്നത്.
അധികാരത്തിൽ നിന്നു മാറി നടന്ന ഗാന്ധിജിയെ അധികാരത്തിന്റെ കറൻസി നോട്ടക്കിയതായിരിക്കും ഗാന്ധിജി ആദ്യം എതിർക്കുക.
അധികാരത്തിൽ നിന്ന് എന്നും മാറി നടന്ന ഗാന്ധിജിയും അധികാരം ഒരു വലിയ ജനായത്ത ഉത്തരവാദിത്തമായി മാറ്റങ്ങൾ സ്വപ്‌നങ്ങൾ കണ്ട നെഹ്‌റുവുമൊക്കെ ഇന്നും ഇന്ത്യയിൽ ഇപ്പോൾ പാഠങ്ങൾ അല്ല. വെറും പടങ്ങൾ മാത്രമായിരിക്കുന്നു എന്നതാണ് നമ്മുടെ രാജ്യവും അധികാര പാർട്ടികളുംനേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി.
അധികാരത്തിൽ നിന്ന് മാറി നടന്ന സത്യാഗ്രഹ ഗാന്ധിയും അധികാരം തികഞ്ഞ ജനായത്ത ഉത്തരവാദിത്തമായി ജീവിച്ച ജവഹാർലാൽ നെഹ്‌റുവിൽ നിന്ന് എത്രയോ അകലെയാണ് അധികാരത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർ. അധികാരത്തിനു വേണ്ടി മാത്രം ജീവിക്കുന്ന അധികാര സൗകര്യ ശീതളിമക്കു വേണ്ടി മാത്രം രാഷ്ട്രീയം കളിക്കുന്നവർ ഗാന്ധിജിയിൽ നിന്ന് ഏറെ അകലെയാണ്.
അധികാരത്തിന്റ നിരന്തര വിമർശനകനായ ഗാന്ധിജി ഇന്നത്തെ അധികാര ആർത്തിപണ്ടാരങ്ങൾ ഗാന്ധിജിയുടെ കറൻസിയും ഗാന്ധിജിയുടെ പേരുമോക്കെ ഉപയോഗിക്കുമ്പോൾ മഹാത്മഗാന്ധി കരയുന്നുണ്ടാകും.
ഗാന്ധിജി സ്വപ്‌നങ്ങൾകണ്ട് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഇന്ത്യയിൽ ഇന്ന് അധികാരത്തിൽ അടക്കി വാഴുന്ന സ്വാതന്ത്ര്യങ്ങൾ പതിയെ ഇല്ലായ്മചെയ്യുന്നു അദ്ദേഹത്തിന്റെ നാട്ടുകാരെ ഓർത്തു ഗാന്ധിജി കരയുന്നുണ്ടാവും.
അധികാരത്തിന്റെ അതിക്യ അഹങ്കാരത്തിന്റ് സ്വയം ദൈവമകാൻ ശ്രമിക്കുന്നുവരെകണ്ടു ദൈവമേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് പോലും അറിയില്ല എന്നോർത്ത് മഹാത്മ ഗാന്ധി വിലപിക്കുന്നുണ്ടാകും.
പണ്ട് യേശു എരുശേലേം പള്ളിയിൽ ചെന്നു ചാട്ടവാർ എടുത്തു പറഞ്ഞത് പൊലെ ഗാന്ധിജി പറയുന്നുണ്ടാകും.
മഹാത്മഗാന്ധിയുടെ വിലാപങ്ങൾ തിരിച്ചറിഞ്ഞില്ലങ്കിൽ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സഹോദര്യത്തിനും വീണ്ടുടുപ്പുണ്ടാകയില്ല
മഹാത്മ ഗാന്ധിജിയുടെ വിലാപങ്ങൾ കണ്ടെത്തിയാൽ കൊണ്ഗ്രെസ്സ് ആശയാദർശങ്ങൾ വീണ്ടെടുക്കപ്പെട്ടുണരും.
ഗാന്ധിജിയുടെ വിലാപങ്ങൾ അറിയാത്ത അധികാര ആർത്തിപണ്ടാരങ്ങളെ ചരിത്രം ഓർമിക്കില്ല.
കൊണ്ഗ്രെസ്സ് ഭാവി ഇന്ത്യയുടെതാണോ അതോ ഭൂതകാല കുളിരാണോ എന്ന് വിമര്ശനാത്മകമായി ചിന്തിക്കുന്ന കൊണ്ഗ്രെസ്സ് നേതൃത്വമാണ് വേണ്ടത്. അധികാരത്തിന് അപ്പുറം നിന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കാൻ ആത്മധൈര്യമുള്ള രാഷ്ട്രീയ ധൈര്യമാണ് വേണ്ടത്. അധികാരത്തിന്റെ ആർത്തി പണ്ടാരങ്ങൾക്ക് അപ്പുറതുള്ള പുതിയ രാഷ്ട്രീയമാണ് ഉണ്ടാകേണ്ടത്.
ജനങ്ങളെ വിശ്വസിച്ചു ജനങ്ങളോടുത്തരവാദിത്തവും സത്യസന്ധതയുമുള്ള രാഷ്ട്രീയത്തിൽ മഹാത്മ ഗാന്ധിയും ജവഹാർലാൽ നെഹ്‌റുവും തിരിച്ചുവരും.
ഗാന്ധിജിയിൽ നിന്ന് പുതിയ പാഠങ്ങളാണുൾക്കൊള്ളേണ്ടത്. ഗാന്ധിജിയുടെ പുതിയ പടങ്ങൾ അല്ല വേണ്ടത്. ഗാന്ധിജിയുടെ വിലാപ പാഠങ്ങളാണ് വേണ്ടത്.
ജെ എസ്
പിൻകുറി :ഗാന്ധിജിയെകുറിച്ചു ഇവിടെ നാലഞ്ചു കുറിപ്പുകൾ ഇട്ടിട്ടുണ്ട് നേരത്തെയും എഴുതിയിട്ടുണ്ട്. മാർട്ടിൻ ലൂഥർ കിംഗ്,നെൽസൺ മണ്ടെല, ചേ, അങ്ങനെ പലരെയുംയും കുറിച്ചു എഴുതിയത് ചേർത്തു ഒരു പുസ്തകമാക്കണം. ഇത് എഴുതിയിട്ട് രണ്ടു വർഷമായന്നു തോന്നുന്നു