
കണക്ക് വീട്ടിലെ
ഒഴിഞ്ഞ
കസേരകളോരോന്നായി
പോയവരെ നോക്കി
പല്ലിളിച്ചും
ചുണ്ടു മലര്‍ത്തി ചിരിച്ചും
കണ്ണു നനച്ചു മിരുന്നു ....
ഒരു കസേര
പറഞ്ഞതിങ്ങനെ:
വെള്ളം കോരവേ
പഞ്ചായത്ത് കിണറിന്‍
ചുറ്റുവട്ടം മറിഞ്ഞ്
വീണു മരിച്ചൊരമ്മയെ,
നിര്‍മ്മാണ വൈകല്യം
മറയ്ക്കാന്‍
നീ എഴുതിയില്ലേ:
'പഞ്ചായത്തിനപമാനമുണ്ടാക്കാന്‍
ചാടി മരിച്ചോ തള്ളേ ...'
മറ്റൊരു കസേര
അലറിക്കരഞ്ഞു :
'എത്ര വട്ടമാക്കുട്ടി ചൊന്നു :
അച്ഛന്റെ പെന്‍ഷനൊന്ന്
ശരിയാക്കൂ....
മരിക്കാറായ
അമ്മയെ ചികിത്സിക്കാനാ
മറ്റാരുമെനിക്കില്ല,
സാറേ ....'
ഒരു കാലൊടിഞ്ഞ്
മൂന്നു കാലില്‍ തുടിക്കും
കസേരയൊന്നു ചൊന്നു :
'അച്ഛനുമമ്മയും
ക്യാന്‍സര്‍ രോഗികള്‍
ചികിത്സയ്‌ക്കെന്തെങ്കിലും
കിട്ടുവാന്‍
പതിനെട്ടുപടികള്‍
ഒരു കാലില്ലാത്ത മകന്‍
വടികുത്തിയെന്നേ കേറുന്നു ...
നീയവന്റെ മുഷിഞ്ഞ
കുപ്പായ പോക്കറ്റ്
നോക്കിപ്പറഞ്ഞോ..
' കാലി പോക്കറ്റിനായി
ഞാനെന്തെഴുതും
മുക്കാലാ .....'
പല പല കസാലകള്‍
മൂകക്കിളികളായി...
ചിലര്‍ കണ്ണടച്ചു
സ്വയം പുകഴ്ത്തി
ചിലരിത്
ആഗോള പ്രതിഭാസമെന്ന്
ഒരുളിപ്പുമില്ലാതെ പറഞ്ഞു.
എങ്കിലും
തെളിഞ്ഞ
വിരി ചുറ്റിയ കസേരകള്‍,
നൂറ് പലരില്‍
ചിലരെങ്കിലും .
നന്മതന്‍
കൈത്താങ്ങ് ചലിപ്പിച്ചു
പറഞ്ഞു:
'നിങ്ങളെത്ര നല്ലവര്‍
ആര്‍ദ്ര മിഴികളൊപ്പി
യെത്ര ജീവിതം നയിച്ചവര്‍....'