(ശ്രീരാമകഥാന്ത്യമാണ് കാവ്യസന്ദർഭം. രാജധർമ്മപരതയാൽ
സംഭവിച്ചുപോയ സിതാദേവീനഷ്ടത്തിൽ പശ്ചാത്താപവിവശനായി രാമൻ.)
രവിപോലൊളിവീശി രാമനോ,
ഭവമാലിന്യമിയന്നിടാതെയും,
പ്രഭയാൽ കനൽ ഗുപ്‌തമാക്കിയും,
കൃപയാൽ പോറ്റി ജനത്തെ നീണ്ടനാൾ.
അഥവാ, കഥ പൂർണ്ണമാകുവാ-
നധികം സംഗതി വേണമെന്നപോൽ,
വെറുതെ യുഗകേതുപാറിനി-
ന്നറിയിച്ചൂ, സുഖമത്രെ ജീവിതം.
പരിഹാരകയാഗമായിരം *1
വിരഹാൽ നോറ്റ വിഭാര്യമന്നവൻ
ചരിതവ്യ മഹൽപഥങ്ങളിൽ
പരിചോടാ അയനം തുടർന്നിനാൻ.
ഭൃഗുശാപമതാലെ സത്തമൻ
രഘുരാമന്നിഹ ജീവിതം ചിരം
അതിശുദ്ധമൊരേ ദീക്ഷയിലും
അതിശോകം നൽകി ജായഭക്തിയിൽ.
നിലയറ്റു പറഞ്ഞുപോയ് സ്വയം
പലവട്ടം മനുവംശമൗലിയും:
ശരിയാവുകയില്ല ജീവിതം--
ഇതുപോൽ കർമ്മവിപാകമെന്തഹോ!
(തുടരും)
*1. സ്വർഗ്ഗാരോഹണസമയത്ത് ശ്രീരാമന്റെ വയസ്സ് 11,000 വർഷം എന്നു സങ്കല്പം. ത്രേതായുഗത്തിൽ ശരാശാരി മനുഷ്യായുസ്സ് 10,000 വർഷമായിരുന്നുപോൽ. സീതാനഷ്ടത്തിൽ പശ്ചാത്താപവി വശനായ ആ പത്നീവ്രതൻ ഒരോ വർഷവും അശ്വമേധയാഗം നടത്തി എന്നു കേൾവി.