Image

ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച: രാജു തോമസ്)

Published on 02 June, 2024
ചിന്താവിഷ്‌ടനായ ശ്രീരാമൻ (തുടർച്ച: രാജു തോമസ്)

നറുപുഷ്പമലങ്കരിച്ചയാ
ശരണേ തങ്ങിയതാർഷസൗരഭം; *2
ഒരു വിഗ്രഹമുണ്ടു പാർക്കുവാൻ--
വരമർത്ഥിക്കുകി,ലെന്തുതാനതാം!

സുഖഭോഗമതൊക്കെയും വെടി-
ഞൊരു താപസമാത്രനായ് ഭഗവൻ
ഒരുപോളയുറങ്ങിടാതെയും
പലനാളങ്ങനെ പോക്കി ഖിന്നനായ്.

ബഹുവത്സരമായൊലിക്കുമാ
മുറിവെത്തഴുകി ക്ലാന്തനിർഭഗൻ
അഴലാർന്നുമിടംവലംതിരി-
ഞുഴറീ സന്തതചിന്തഹേതുവാൽ:

‘ഒരു ന്യൂനതയെന്നി പൂർണ്ണമാ-
യൊരു ജന്മം പതിവല്ല ഭൂമിയിൽ;
മതി മാനവദുഃഖതിക്തകം,
മൃതിതാനിന്നഭികാമ്യമായതേ.’

‘സതിരത്നമെനിക്കു ലഭ്യമാ-
യതു ഞാൻ കാട്ടിലെറിഞ്ഞുപൊയിപോൽ!
നിധി വീണ്ടൂമതാ--എടുത്തിടാൻ
കഴിയാതായതുമെത്ര കഷ്ടമേ!

അവസാനപുനർസമാഗമേ,
അവമാനം മതിയോളമാകെയാൽ,
അവനീശ്വരി വിശ്വസിച്ചതി-
ല്ലവിടെതാനുടനൂണുപോയവൾ.

’ചുവരപ്പുറമുള്ള കാവലാ-
ളരുതേ കേൾക്കുക ഞാൻ വിതുമ്പുകിൽ--
ഉര പേറിന പൗരവാസനയ്-
ക്കറിവീലാ മമ ധർമ്മസങ്കടം.

‘വഴിയില്ല എനിക്കു പൗരർപോൽ
മിഴിനീരും മനവും പൊഴിക്കുവാൻ;
മിഴിയും മനവും തുളുമ്പുന്നൂ,
കഴിയില്ലാ കരയാതിരിക്കുവാൻ.

’ഹൃദയാശ്രു, പവിത്രയാം നദീ,
നൃപനും നിസ്വനുമൊക്കെ നീ മതി;
കിണയും കൊടുഖേദമാറ്റിയേ
തണുവേറ്റീടുക തപ്തഹൃത്തിനും.

‘കരിയാത്ത വൃണത്തിലൂടെയുൾ-
മകരന്ദം ചറമായൊലിപ്പിതോ!
അരുതാം വിധിതീർപ്പുരയ്‌ക്കയാ-
ലിരിയാതായ് മനവും ശരീരവും.’
(തുടരും)
ഇതൊരു ശുദ്ധകവിതയാണ്‌; സമകാലിക ‘രാമനിസ’വുമായി ഒരു ബന്ധവും ഇവിടില്ല.
*2. കാഞ്ചനസീതയ്‌ക്കു നേദിച്ച പുഷ്പങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും പരിമളം

Read part 1 https://emalayalee.com/vartha/316057

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക