Image

ഹിതം ( കവിത : താഹാ ജമാൽ )

Published on 02 June, 2024
ഹിതം ( കവിത : താഹാ ജമാൽ )

പ്രജകൾ നഗ്നരായിരുന്നു
രാജാവിന് ഉടുതുണി തികയാതെ വന്നപ്പോൾ
ഊരിക്കൊടുത്തതാണ്

ഗ്രാമത്തിൽ നഗനത ഒരു പുതപ്പും
നഗരത്തിൽനഗ്നത ഫാഷനുമായി
ശീരോവസ്ത്രങ്ങൾക്ക് നികുതി വന്നതിനാൽ
ചിലർ നികുതികൊടുത്തു മുടിഞ്ഞു
നിക്കറുകൾക്കും
ബെനിയനുകൾക്കും
ബ്രെയ്സറുകൾക്കും നികുതി വന്നതിനാൽ
പലരും സ്വതന്ത്രരായി

രാജാവ് മിക്കവാറും
മറ്റ് കാടുകൾ സന്ദർശിക്കുന്നതിനാൽ
പ്രജകൾ ഊരിക്കൊടുത്തവ തുന്നി
കുർത്തയും, കോട്ടുമാക്കി
ഒരു രാജ്യത്തിന്റെ നഗ്നതയെ മറച്ചു പിടിച്ചു.

കവികൾക്കും ക്രാന്തദർശികൾക്കും
മറ്റ് കാടുകൾ സന്ദർശിക്കാൻ
അനുമതി നിഷേധിച്ചു.
വഴിയരുകിൽ കവിയരങ്ങ് നടത്തിയ പലരേയും
കഴുമരത്തിൽ കെട്ടിതൂക്കി
ചിലരെ ഉന്നംപിടിച്ചില്ലാതാക്കി
രാജാവ് പ്രജാവത്സനായഭിനയിച്ച്
നല്ല നടനുമായി.

പിന്നെ
രാജാവ് മുടന്തഭിനയിച്ചു.
ശബ്ദത്തെ മറികടക്കാൻ ഊമയായഭിനയിച്ചു.
ജൽപനങ്ങൾക്കൊണ്ട് ഒരു കാടിനെതന്നെ
ഭ്രാന്തൻമ്മാരുടെ വീടാക്കി.
ഒടുവിൽ ഭ്രാന്ത്പിടിച്ച കാനന നിഴലുകൾ
രാജാവിനെ കെട്ടിത്തൂക്കി
ഉടുമുണ്ടുരിഞ്ഞ് നഗ്നനാക്കി

നഗ്നത ഒരു കാട്ടിൽ എല്ലാവരെയും
സമത്വത്തിന്റെ അപ്പോ
സ്തലരാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക