ഈ പ്രവേശനോൽസവ വേദിയിൽ നിൽക്കുമ്പോൾ
ബാല്യ കാലമൊരു സ്മൃതിയായ് നിറയുന്നു..
വർണ്ണബലൂണുകൾ പാറിപ്പറക്കുമ്പോൾ
ഓർമ്മയിൽ വിദ്യാലയ സ്മരണകളിരമ്പുന്നു..
വർഷങ്ങൾ എത്ര കൊഴിഞ്ഞു പോയെങ്കിലും
ഓർമ്മയിൽ ഒളി മിന്നി നിൽക്കുകയാണിന്നും
എന്റെ അഭിമാന വിദ്യാലയം ആദ്യ--
വിജ്ഞാനമെന്നിൽ പകർന്ന കലാലയം..
ബെല്ലടി കേൾക്കുമ്പോൾ പുസ്തകക്കെട്ടുമായ്
ഓടി വന്നെത്തുന്ന ക്ളാസ്സിലെ ഓർമ്മകൾ..
ആദ്യാക്ഷരമെന്നിൽ പകർന്ന ഗുരുനാഥർ
ആദ്യമായ് നൽകിയ സ്നേഹത്തിൻ ഓർമ്മകൾ...
ഇന്നും കൊതിയൂറും മധുരമായ് നിൽക്കുന്നു
ഉപ്പുമാവിന്റെ ഗൃഹാതുര ഗന്ധങ്ങൾ..
ആഴ്ച്ചയിൽ അവസാന പീരിഡിൽ കുമാരൻ സാർ
ലൈബ്രറി പുസ്തകം നൽകിയ നാളുകൾ..
ഓരോ പടവുകൾ മുന്നിലെത്തുമ്പോഴും ഇല്ല,
മറക്കില്ല, ഞാനാദ്യ പടവുകൾ..
എന്നെ ഞാനാക്കിയ സ്നേഹത്തിൻ പടവുകൾ
കൈ പിടിച്ചെന്നെ ഉയർത്തിയ പടവുകൾ..