ഇന്നിൻ്റെ പകൽ
എത്ര ശാന്തമാണതേ
മുന്നിലുള്ളൊരു നടപ്പാത
കാറ്റുണ്ട് വെയിലുണ്ടതിൽ
ഇടയ്ക്കുണ്ടിടിമിന്നൽ
ഇടവപ്പാതിപ്പെയ്ത്ത്
കലമ്പൽ കൂട്ടും കാട്ടു-
പക്ഷിയും മേഘക്കാടും
പിന്നിലെ നിഴൽ മങ്ങി..
ഒളിവച്ചോടിപ്പോയ
മങ്ങിയ മൗനത്തിൻ്റെ
നരച്ച ശിരസ്സിന്മേൽ
അമാവാസികൾ
കൂടുകൂട്ടിയ കാലത്തിൻ്റെ
നടുക്കം മനസ്സിൻ്റെ
കോണിലിന്നുണ്ടെങ്കിലും
മഴ വന്നതിൽ വീണ്
മായിച്ചു കളഞ്ഞതിൻ
കറുത്ത പാടും കുരുക്കിട്ടൊരു
നിലാച്ചില്ലും
ഇരുട്ടിൽ കാൽതട്ടിയ
കല്ലിനെ രാകിക്കൊത്തി-
മിനുക്കിയൊരു
പുസ്തകത്തിൻ്റെ
വേരിൽ ചേർത്തു
കല്ലുകൾ, പൂക്കൾ
വീണതെല്ലാമുണ്ടീവീടിൻ്റെ
കൺകണ്ട ദിക്കിൽ
പുരാവസ്തുക്കൾ
സൂക്ഷിപ്പുകൾ
ഓർമ്മയിൽ മായ്ചാൽ
ഓർമ്മിപ്പിക്കുവാൻ വീണ്ടും
വാശി കൂട്ടുന്ന കാലത്തിൻ്റെ
കറുപ്പിൻ സൂചിത്തുമ്പിൽ
കൊരുത്തെടുത്തു
ദശപുഷ്പങ്ങൾ ഭൂമിക്കൊരു
കരുതൽ പോലെയവ
വളരുന്നുണ്ടിന്നിലായ്
പിന്നിൽ നിന്നെയ്ത്തുണ്ടതിൽ
കാണുന്ന നിലാവിൻ്റെ
ജന്യവർഗ്ഗങ്ങൾ മനസ്സാക്ഷിയെ
ഹോമിച്ചവ
വർണ്ണതാലങ്ങൾ മുന്നിൽ
പിന്നിലെ കൂരമ്പിൻ്റെ
സ്വർണ്ണമൂടികൾ കണ്ട്
പണ്ടെന്നോ മയങ്ങിയ
ഇന്നലെകളിൽ നിന്ന്
സ്ഫുടം ചെയ്തെടുത്തൊരു
ഇന്നിൻ്റെ ഗാനം
ഋതുഭാഷയിൽ
മഴക്കാലം!