Image

കളകൾ (കവിത: വേണുനമ്പ്യാർ)

Published on 11 June, 2024
കളകൾ (കവിത: വേണുനമ്പ്യാർ)

ഒരു കാലം 
നല്ലതറിഞ്ഞു
ചില കാലം 
നല്ലത് ചെയ്തു

മോഹമുണ്ടിനി  
വാഴാൻ
നിത്യതയിൽ
ഒരു നന്മമരമായി
ഒന്നുമറിയാതെ
പ്രത്യേകിച്ചൊന്നും ചെയ്യാതെ

അതിനു നീ സമ്മതം മൂളുമൊ
ഈ കപടലോകം വിടുമൊ

അറിവിനും ആചാരത്തിനുമപ്പുറത്തെ
ഏകാന്തകാന്താരത്തിൽ
വെറുതെയിരിക്കുക
പേരിടാനാകാത്ത ആ നിർവൃതിയിൽ
അലിഞ്ഞങ്ങനെ 
മുഷിച്ചിലറിയാതെ
വെറുതെയിരിക്കുക

അതിനു നീ സമ്മതം മൂളുമൊ
ഈ കപടലോകം വിടുമൊ

ഞാൻ ഒരു നിസ്സാരൻ
കാനേഷുമാരിയിലെ കണക്ക് 
എങ്കിലും സ്നേഹവചനഗീതങ്ങളിലൂടെ 
കാലത്തിനു 
പിടി കൊടുക്കാനാകാതെ
ഉയരണം പടരണം
മരിച്ചതിനു ശേഷമായിരിക്കും 
ഒരു പക്ഷെ ഞാനൊരു
കവിയായി ജനിക്കുക

സഹജമായി
സ്വച്ഛന്ദമായി
പഴുത്തില 
പൊഴിയുന്നതു പോലെ
കാറ്റിൽ ആടിയാടി 
പുഞ്ചിരി തൂകി 
പൊഴിയണമെന്നുണ്ട്

ജീവനോടെയിരിക്കെത്തന്നെ
നിഗൂഢതയുടെ
പുസ്തകത്താളുകൾ  
മറിച്ചു നോക്കണമെന്നുണ്ട്

അതിനു നീ സമ്മതം മൂളുമൊ
ഈ കപടലോകം വിടുമൊ

ഞാറ് നട്ട് വളർന്ന 
ഒരു കണ്ടത്തിലെ
കളകൾ പോലെ
കാലേക്കൂട്ടി
പിഴുതെറിയണം
ഒന്നൊന്നായി
സമഗ്രമായി -
എല്ലുകൾ ധമനികൾ
മേദസ്സ് ശിരസ്സ്
മനസ്സ് ബുദ്ധി അഹങ്കാരം
കരൾ പ്രാണൻ

ഒന്നുമാകാതെ
ഒന്നുമാകാനാകാതെ
സ്ഥലകാലത്തെ ഉരുമ്മാതെ
ചുമ്മാ അനാസക്തിയുടെ
പൂർണ്ണതയിൽ
നിർമമനായി
ഇരിക്കുന്ന അവസ്ഥ

കേവലസത്തയുടെ
നിർവൃതിയിലലിഞ്ഞ്
അനന്തതയെ സ്പർശിക്കണം
നിത്യതയെ പുണരണം
ഒരു വെള്ളിനക്ഷത്രമായി
പരിലസിക്കണം

നീയും വിട്ടു കള
സുബോധത്തിൽത്തന്നെ
എല്ലാം വിട്ടു കള
എന്നെയടക്കം വിട്ടു കള
സരളമായി
സമഗ്രമായി
തുറന്ന കണ്ണോടെ
മരണത്തിന്റെ ഇരുണ്ട
താഴ് വരയിലേക്ക് കടക്ക
നഗ്നപാദയായി
പതുക്കെ
ധ്യാനപൂർവ്വം
ഒന്നിനെയും നോവിക്കാതെ
തെളിമയുടെ നിറകുടമായി

എന്നിട്ട് അറിഞ്ഞതിൽ നിന്നും
അജ്ഞേയതയിലേക്ക് കുതിക്കൂ
സ്വതന്ത്രയായ ഒരു കിളിയെപ്പോലെ

നഷ്ടം ഇവിടെ ചെറുതെങ്കിലും
അവിടെ ലാഭം വലുതാകും
കുടുസ്സിനു പകരം വിസ്തൃതി
കണ്ണെത്താത്ത മറ്റൊരു നീലവിസ്തൃതി

നമുക്കവിടെ
കണ്ടുമുട്ടാതെ കണ്ടുമുട്ടണം
പരിചിതരായ
അപരിചിതരെപ്പോലെ!

എന്നെപ്പോലെ നീയും
കൊക്കും നഖവും തങ്കത്തൂവലുകളും
കലുങ്കിൽ ഉപേക്ഷിക്കുമെന്ന്
കരുതട്ടെ!

അവയൊക്കെ കളകൾ 
നാളെയുടെ നല്ലൊരു കൊയ്ത്തുകാലത്തിനായി
കാലേക്കൂട്ടി വേരൊടെ 
പിഴുതെറിയേണ്ട   
വെറും കളകൾ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക