Image

ചാനലുകളിലെ അന്തിച്ചര്‍ച്ച : ആര്‍ക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ (ഉയരുന്ന ശബ്ദം-112: ജോളി അടിമത്ര)

Published on 14 June, 2024
ചാനലുകളിലെ അന്തിച്ചര്‍ച്ച : ആര്‍ക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ (ഉയരുന്ന ശബ്ദം-112: ജോളി അടിമത്ര)

അങ്ങനെ മൂന്നാം വട്ടവും ഇന്ത്യയില്‍ ,സോറി ഭാരതത്തില്‍  താമര വിരിഞ്ഞു.താമരക്കുളത്തിലെ  വിത്തുണങ്ങാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവരൊക്കെ നിരാശപ്പെട്ടു.ഭാരതത്തിലെ ജനകോടികള്‍ക്ക് താമര മതിയെന്നുവച്ചാലെന്തു ചെയ്യും.ചുമ്മാ കുശുമ്പുകുത്തയിട്ടെന്തു ഫലം.വന്നു വന്നു ദേ ,കേരളത്തിലും താമര വിരിഞ്ഞു.എന്തെല്ലാം പുകിലായിരുന്നു.വാതുവച്ചവരും നഖം ചൊറിഞ്ഞവരും പുളികുടിച്ചുപോയി.ഇനി എങ്ങനേലും വലിച്ചു താഴെയിടണം.അതിനുള്ള പണിയെടുത്തുതുടങ്ങി..സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്നു തന്നെ അതിനുള്ള വേല തുടങ്ങി.
       
ഒരു ദിവസവും വിടാതെ ഞാന്‍ കാണുന്ന പരിപാടിയാണ് അന്തിചര്‍ച്ച.എന്നുവച്ചാല്‍ എട്ടുമണിയുടെ ചാനല്‍ ചര്‍ച്ച.കഴിഞ്ഞദിവസം ഒരു ചാനലില്‍ നടന്ന ചര്‍ച്ച തീര്‍ത്തും സഹിക്കാന്‍ വയ്യാത്തതായി.ടിവി ഓഫ്‌ചെയ്താണ് രക്ഷപ്പെട്ടത്.  ഒന്നാംനിരയില്‍ നില്‍ക്കുന്ന ഒരു ചാനലാണ്.പക്ഷേ ,ജനം തിരഞ്ഞെടുത്ത  ബിജപി എംപിയെ  മനപൂര്‍വ്വം തേജോവധം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ ചര്‍ച്ച.അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് മണിക്കൂറുകള്‍ തികയും മുമ്പേ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.ചോദ്യം കേട്ടാല്‍ത്തോന്നും സഹതപിക്കയാണെന്ന്.സുരേഷ് ഗോപിയ്ക്ക് സഹമന്ത്രിസ്ഥാനം നല്‍കി പ്രധാനമന്ത്രി അപമാനിക്കയായിരുന്നോ എന്നാണ് ചാനല്‍ നയിച്ച മാധ്യമപ്രവര്‍ത്തകന് അറിയേണ്ടത്.എടാപ്പാ എന്തൊരു കൂത്താണിത്.മോദിജി നേരിട്ട് സുരേഷ്‌ഗോപിയെ ഡല്‍ഹിക്കു വിളിപ്പിക്കുകയായിരുന്നല്ലോ.അതും സത്യപ്രതിജ്ഞയ്ക്കു തൊട്ടു മുമ്പ് . മോദിജിയുടെ മനസ്സിലുള്ളതെല്ലാം ചാനല്‍ ചര്‍ച്ചയ്ക്കു വരുന്ന പാവം ബിജെപി പ്രവര്‍ത്തകന്‍  വെളിപ്പെടുത്താന്‍ പറഞ്ഞാല്‍ ചുറ്റിപ്പോകയല്ലേയുള്ളു.കേരളത്തിലെ സാധാരണക്കാരായ  പാര്‍ട്ടിപ്രവര്‍ത്തകര്‍ ചാനല്‍ ചര്‍ച്ചയ്ക്കു വന്നിരുന്നുകൊടുക്കുമ്പോള്‍ നേരിടുന്ന ചോദ്യകൂരമ്പുകള്‍ ഭയങ്കരംതന്നെ.' കേരളത്തില്‍നിന്ന് ഗംഭീരവിജയം നേടി പാര്‍ലമെന്റിലെത്തിയ  ഏക വ്യക്തി ശ്രീ.സുരേഷ് ഗോപിയെ സഹമന്ത്രിയാക്കിയതിനു പിന്നിലെ കാരണം എന്താണ് ? .എന്തുകൊണ്ട് ക്യാബിനറ്റ് പദവി നല്‍കിയില്ല.സുരേഷ് ഗോപി സ്ഥാനം വേണ്ടെന്നു പ്രധാനമന്ത്രിയോട് പറഞ്ഞതായി കേട്ടത് ശരിയാണോ ?.പ്രധാനമന്ത്രിയുടെ മനസ്സില്‍ എന്താണ് തുടങ്ങി മര്യാദകെട്ട ചോദ്യങ്ങളുമായി കുറെ അവതാരകരുടെ വിളയാട്ടം.കഷ്ടം തന്നെ.അതിനൊക്കെ മറുപടി പറയേണ്ടത് ചര്‍ച്ചയ്ക്ക് വിളികേട്ട് എത്തുന്ന മനുഷ്യന്‍മാര്‍.അതിന് കുറേ സ്ഥിരം കുറ്റികളുണ്ട്.അവരാണ് അവസാന വാക്ക്.കേരളത്തിലെ ബാക്കിയുള്ള  മാധ്യമപ്രവര്‍ത്തകരെക്കൂടി അപമാനിക്കയാണ് ഈ ചാനല്‍കേസരികളെന്ന്  മറക്കരുത്.
                 
സുരേഷ് ഗോപി ഒരു പച്ചനുഷ്യനാണ് .അദ്ദേഹത്തിന്റെ  നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലമാണ് ഈ വിജയം.എത്രയെത്ര അപമാനിക്കലുകള്‍,ട്രോളുകള്‍,പരിഹാസങ്ങള്‍,തേജോവധം...ഒരു മാധ്യമപ്രവര്‍ത്തകയെത്തന്നെ ഗോദായിലിറക്കി പീഢനപരാതികൊടുപ്പിച്ച് അദ്ദേഹത്തെ ആക്രമിച്ചു.മാതാവിനു ചെമ്പുകിരീടം നല്‍കിയെന്നു പറഞ്ഞ് കരിവാരിത്തേച്ചു.കുടുംബത്തെപ്പോലും അപമാനിക്കുന്ന മര്യാദകെട്ട വേട്ടയാടലുകള്‍.അതൊക്കെ  കണ്ടു മനസ്സ് മടുത്താവണം സുരേഷ് ഗോപിയെ തൃശൂരുകാര്‍ നെഞ്ചിലേറ്റിയത്.സിനിമയിലെ പഞ്ചുഡയലോഗുകള്‍ മണിമണിപോലെ അടിച്ചുവിടുന്ന വെറുമൊരു നടന്‍ മാത്രമല്ല സുരേഷ് ഗോപിയെന്നും അതിനപ്പുറത്ത് ഒരു അലിവുള്ള മനസ്സിനുടമയാണെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹം തെളിയിച്ചുകഴിഞ്ഞു.ജാതിയും മതവുമൊന്നും നോക്കാതെ സഹായത്തിന് അര്‍ഹതപ്പെട്ടവരെ മനുഷ്യരായി മാത്രം കാണാനുള്ള അദ്ദേഹത്തിന്റെ മനസ്സ് വ്യത്യസ്തമാണ് ..ചട്ടിസമരം നടത്തിയ മറിയക്കുട്ടിയെപ്പോലുള്ളവരെ തേടിച്ചെന്ന് ചേര്‍ത്തുപിടിക്കാനുള്ള മനസ്സ് നമ്മുടെ ഹൃദയത്തില്‍ അദ്ദേഹത്തിന് ഇരിപ്പടമൊരുക്കി.എന്തെങ്കിലും നാടിനുവേണ്ടി ചെയ്യാന്‍ മനസ്സും കഴിവും തന്റേടവുമുള്ള ആണൊരുത്തനാണ് സുരേഷ് ഗോപിയെന്ന് കേരളത്തിലെ ജനങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു.കുറേക്കാലമായി കേരളരാഷ്ട്രീയത്തിലെ വെറും ഞഞ്ഞാപിഞ്ഞകളെ കണ്ടു മനംമടുത്ത നമ്മള്‍ക്ക് ഒരാശ്വാസമാണ് സുരേഷ്‌ഗോപിയുടെ വരവ്.ഇതിനു മുമ്പും സിനിമാതാരങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ അരങ്ങേറിയിട്ടുണ്ട്.അവര്‍ക്കൊക്കെ വോട്ടുകൊടുത്തവരെ നിരാശപ്പെടുത്തിയ അനുഭവങ്ങളും കണ്‍മുന്നിലുണ്ട്.നാടിനുവേണ്ടി ഒന്നും ചെയ്യാതെ കുത്തിയിരിക്കുന്നവര്‍.അവര്‍ക്കെതിരെ ഒരക്ഷരം ഉരിയടുന്നില്ല .പകരം സുരേഷ് ഗോപിയെ എങ്ങനെ കെട്ടുകെട്ടിക്കാമെന്ന് റിസര്‍ച്ചിലാണ് കുറേ മാധ്യമശിങ്കങ്ങള്‍.പത്രധര്‍മത്തിന്റെ അന്തസ്സിനെത്തന്നെ ചോദ്യം ചെയ്യാനിറങ്ങിത്തിരിച്ചിരിക്കുന്ന അവതാരങ്ങള്‍എന്തായാലും .സുരേഷ് ഗോപിയില്‍ ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്.വരും ദിവസങ്ങളില്‍ നമ്മള്‍ക്കത് കാണാം.
               
എനിക്ക് ഗരുതുല്യനാണ് കുര്യന്‍ജി..സത്യസന്ധനായ ഒരാള്‍  ഞങ്ങള്‍ കോട്ടയംകാരുടെ സ്വന്തം കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യന്‍. മാധ്യമങ്ങളുടെ  വലിയ ഏറൊന്നും കിട്ടാത്ത ആളാണ്് കുര്യന്‍ജി. ചാനല്‍ ചര്‍ച്ചയിലെ സ്ഥിരം സാന്നിധ്യം.ഒരു മനുഷ്യന്‍ പ്രതിഫലം ഇച്ഛിക്കാതെ 44 വര്‍ഷമായി തുടരുന്ന പാര്‍ട്ടിപ്രവര്‍ത്തനങ്ങളുടെ , കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ അംഗീകാരം..1980-ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ പ്രവര്‍ത്തകനായി സ്വയം സമര്‍പ്പിച്ച  വ്യക്തിയാണ്. തന്റെ ജീവിതം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച ഒരു മനുഷ്യന്‍.ഒന്നും വെട്ടിപ്പിടിച്ചില്ല.കട്ടുമുടിച്ചില്ല.പാര്‍ട്ടിയെ വിറ്റുതിന്നില്ല.സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുമ്പുവരെ സാധാരണക്കാരനായ രാഷ്ട്രീയക്കാരനായി ഒതുങ്ങിക്കഴിഞ്ഞുകൂടിയ ആദര്‍ശധീരനായ മനുഷ്യനാണ്  ജോര്‍ജ് കുര്യന്‍.പല ഗൗരവതരമായ ചുമതലകളും പാര്‍ട്ടി ഇതിനു മുമ്പ് അദ്ദേഹത്തെ ഭരമേല്‍പ്പിച്ചിട്ടുണ്ട്്.ക്രൈസ്തവര്‍ക്കിടയിലെ ഒരാള്‍  നാലുപതിറ്റാണ്ടിലേറെയായി ബിജെപിക്കാരനായി ജീവിച്ചുകൂടുക എന്നത് ഒരത്ഭുതം തന്നെയാണ്.കത്തോലിക്കര്‍ സാധാരണ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും വിട്ടൊരു കളിക്കും പോകാത്തവരാണ്.വിശ്വാസത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടുതന്നെ അദ്ദേഹം പാര്‍ട്ടിക്കൊപ്പം മുന്നേറി.എന്നു വച്ചാല്‍ കൈസര്‍ക്കുള്ളത്  കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും പപ്പാതി നല്‍കി വിജയിച്ച ഒരാള്‍.ആ മനസ്സില്‍ എന്തു രഹസ്യവും സുരക്ഷിതമാണ്.അതിനു തെളിവാണ് മന്ത്രിയാകുന്ന വാര്‍ത്ത അറിഞ്ഞ് കാണക്കാരി നമ്പ്യാര്‍കുളത്തെ  വിട്ടിലെത്തിയ പത്രപ്രവര്‍ത്തകരുടെ മുന്നില്‍ അദ്ദേഹത്തിന്റെ ഭാര്യഅന്നമ്മ അന്തം വിട്ടത്.ഭാര്യപോലുമറിയാതെ സൂക്ഷിച്ച ആ വലിയ രഹസ്യം.അതാണ് അദ്ദേഹത്തിന്റെ പ്രതിബദ്ധത. എന്തുകൊണ്ട് അദ്ദേഹത്തിന് ഈ അംഗീകാരത്തിന് ഇത്രയും വൈകി എന്നതു മാത്രമാണ് എന്നെ അതിശയിപ്പിക്കുന്നത്.
                
മണിപ്പൂര്‍ കലാപം തുടങ്ങിയ കാലത്ത് ഞാന്‍ അദ്ദേഹത്തോട് വളരെ ആശങ്കയോടെ സംസാരിച്ചിരുന്നു.ഗോത്രവര്‍ഗ്ഗക്കാര്‍ തമ്മില്‍ നടത്തുന്ന ഏറ്റുമുട്ടലുകളെ വര്‍ഗ്ഗീയവത്കരിച്ച്  അരക്ഷിതത്വം എന്ന് പറഞ്ഞുപരത്താന്‍ ചിലരുടെ നീക്കമുണ്ടായി.ക്രൈസ്തവ നേതാക്കളില്‍ ചിലര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം കേരളത്തില്‍ പരത്തുന്ന പല വാര്‍ത്തകളും കല്ലുവച്ച നുണകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഇപ്പോള്‍ കുറേ നാളുകളായി ആ നുണപ്രചാരകരെ കാണുന്നേയില്ല.എവിടെപ്പോയോ ആവോ.എന്തായാലും ബിജെപിയ്ക്കും ക്രൈസ്തവര്‍ക്കുമിടയിലെ ഒരു പാലമാണ് കുര്യന്‍ജി.ഇതുവരെ അതൊരു തടിപ്പാലമായിരുന്നെങ്കില്‍ പുതിയ സ്ഥാനലബ്ധിയോടെ ഇനി അതൊരു ഉരുക്കുപാലമാണ്.ക്രൈസ്തവരുടെ ആശങ്കകള്‍ പരിഹരിക്കാനും പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കാനും ന്യൂനപക്ഷക്ഷേമ  സഹമന്ത്രികൂടിയായ  ശ്രീ ജോര്‍ജ് കുര്യനു കഴിയും .അതു തന്നെയാണ് പാര്‍ട്ടിയുടെ ലക്ഷ്യവും എന്നതില്‍ തര്‍ക്കമില്ല..

ഈ സമയത്ത് ഓര്‍മിക്കേണ്ട മറ്റൊരു വ്യക്തി പ്രാഫ.ഒ.എം മാത്യുവാണ്.ജീവിതത്തിന്റെ നല്ലൊരു സമയവും ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്  അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ കിട്ടിയില്ല എന്നതാണ് സത്യം.ജേണലിസം ബിരുദാനന്തര ബിരുദകോഴ്‌സിനു പഠിക്കുമ്പോള്‍ എന്റെ അധ്യാപകനായിരുന്നു അദ്ദേഹം.പാര്‍ട്ടിയെപ്പറ്റി സംസാരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ അഭിമാനവും സന്തോഷവും  ഇപ്പോഴും ഓര്‍മിക്കുന്നു.തന്റെ പാര്‍ട്ടി കേരളത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയതിന്റെ ആനന്ദത്തിലായിരിക്കും പ്രായാധിക്യത്തിലും പ്രാഫ.ഒ.എം മാത്യു.
         
എന്തായാലും വലിയൊരു മാറ്റത്തിന്റെ തുടക്കമാണിത്.ഇടത്-വലത് ,വലത്- ഇടത് എന്നിങ്ങനെ രണ്ടു പാര്‍ട്ടികള്‍ മാത്രം മാറിമാറി നിരങ്ങി വെളുപ്പിച്ച സംസ്ഥാനത്ത് മൂന്നാമതൊരു പാര്‍ട്ടി സക്രിയമാവുകയായി.ഇനി പോരുകള്‍ മുറുകും.ഏറുകള്‍ പെരുകും.കാലുമാറ്റവും കൂറുമാറ്റവും അരങ്ങു തകര്‍ക്കും.രണ്ടുവര്‍ഷം കഴിഞ്ഞു നേരിടാന്‍ പോകുന്ന നിയമാസഭാ തിരഞ്ഞെടുപ്പില്‍ ചില മാജിക്കുകള്‍ പ്രതീക്ഷിക്കുകയാണ് കേരള ജനത.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക