Image

ഫോമാ പ്രവർത്തനത്തിൽ കൂടുതൽ സമയം ചെലവിടാൻ മോഹം: അനുപമ കൃഷ്ണൻ (അഭിമുഖം)

Published on 14 June, 2024
ഫോമാ പ്രവർത്തനത്തിൽ കൂടുതൽ സമയം ചെലവിടാൻ മോഹം: അനുപമ  കൃഷ്ണൻ (അഭിമുഖം)

വ്യവസായ രംഗത്ത് വലിയ വിജയം നേടിയ കമ്പനിയുടെ നേതൃത്വത്തിലുള്ള അനുപമ കൃഷ്ണൻ ഫോമാ  ജോ. ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നത് സംഘടനക്കും മലയാളി സമൂഹത്തിനും അഭിമാനം പകരുന്നു. വ്യവസായ-സാമ്പത്തിക രംഗങ്ങളിൽ വിജയം നേടുന്നവർ സാമൂഹ്യ സേവനത്തോട് താൽപര്യക്കുറവ് കാട്ടുന്നതാണ് നാം പൊതുവെ കാണുന്നത്. അനുപമ  കൃഷ്‌ണൻ അതിനു അപവാദമായി മുന്നോട്ടു വന്നത് അഭിനന്ദനമർഹിക്കുന്നു.

സ്റ്റേഡിയം, പാർക്കിംഗ് ലോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രകാശം ചൊരിയുന്ന വലിയ ബൾബുകൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗ്ലോബൽ സപ്ലൈ ചെയിൻ ഡയറക്ടർ ആണ് അനുപമ കൃഷ്ണൻ.    ഭർത്താവ് സാബു കൃഷ്ണനൊപ്പം  അവർ  ഈ  സ്വന്തം സ്ഥാപനത്തെ ദി നയിക്കുന്നു.

സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഫോമാ പോലുള്ള ഒരു ദേശീയ സംഘടന കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു  എന്ന തിരിച്ചറിവിലാണ് അവർ സംഘടനയിലും മത്സരരംഗത്തും  എത്തിയത്.

കേരള അസോസിയേഷൻ ഓഫ് ഒഹായോ (കെ.എ.ഓ) പ്രസിഡന്റ് എന്ന നിലയിൽ സമൂഹത്തിന്റെ വ്യത്യസ്തമായ പ്രശ്നങ്ങൾ കണ്ടെത്താനും അവക്ക് തന്നാലായ  പരിഹാരം കണ്ടെത്താനും ഉള്ള പ്രവർത്തനങ്ങൾ ആണ് ഒരു കേന്ദ്ര സംഘടനയിൽ പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.

സാമൂഹ്യനീതിക്ക് വേണ്ടി വാദിക്കുകയും അതിൽ വ്യക്തമായ മാറ്റമുണ്ടാക്കുകയും ചെയ്തതിനു   അനുപമയ്ക്ക് ഒരു  ട്രാക്ക് റെക്കോർഡുണ്ട്.

കമ്പനി ബോർഡ് റൂമിൽ മാത്രമല്ല, ഗ്രേറ്റ് ലേക്സ് വിമൻസ് ഫോറത്തിന്റെ ചെയർപേഴ്സണെന്ന നിലയിലും തന്റെ സമയവും വൈദഗ്ധ്യവും ഉപയോഗിച്ചു സ്ത്രീകളെ ഉന്നതിയിലേക്ക് നയിക്കാനും ശാക്തീകരിക്കാനും  അവർ മുന്നിലുണ്ടായിരുന്നു.  ഇതിനായി  വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. കേരള അസോസിയേഷൻ ഓഫ് ഒഹായോയുടെ   പ്രസിഡന്റായും (2023) അതിനു മുൻപ്  വൈസ് പ്രസിഡന്റായും  സജീവമായ  സാമൂഹിക ഇടപെടുകളിലൂടെ സ്വന്തം പ്രതിബദ്ധത അടയാളപ്പെടുത്തുകയും ചെയ്തു.

സാമൂഹിക പ്രവർത്തനങ്ങളിൽ ഏറെ പ്രാധാന്യം നൽകിയത് മാനസികാരോഗ്യത്തെപ്പറ്റി അവബോധം ഉണ്ടാക്കാനാണ്.  അസോസിയേഷൻ  പ്രസിഡൻറായിരിക്കുമ്പോൾ,  സമൂഹത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്,  മാനസിക ക്ഷേമത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാൻ  ലക്ഷ്യമിട്ടുള്ള   വീഡിയോ കാമ്പെയ്ൻ ആരംഭിക്കാൻ  അവർ മുന്നിട്ടിറങ്ങി.

കോഴിക്കോട്ടുകാരി എങ്കിലും പഠിച്ചത് ബാങ്കളൂരിൽ ആയിരുന്നു. അതിനാൽ മലയാളം  എഴുതാനും വായിക്കാനും പ്രയാസം.  പിതാവ് ആർമി ഓഫീസർ ആയിരുന്നു. അമ്മ സെൻട്രൽ ഗവണ്മെന്റിന്റെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥ. സഹോദരി പൂർണിമ ഹ്യൂസ്റ്റണിലുണ്ട്.

ഊർജ്ജസ്വലമായ വ്യക്തിത്വമാണ് അനുപമ കൃഷ്ണനെ വ്യത്യസ്തയാക്കുന്നത്. ഒരുവട്ടം അവരോട് സംസാരിക്കുമ്പോൾ തന്നെ അത് വ്യക്തമാകും.  ഏറ്റെടുക്കുന്ന കാര്യങ്ങളിലൊക്കെ ഉന്നതമായ  സാംസ്‌കാരിക പാരമ്പര്യവും ശക്തമായ പ്രവർത്തന നൈതികതയും (വർക്ക് എത്തിക്ക്സ്)  കാത്തുസൂക്ഷിക്കുന്ന അവർ 1998-ൽ  ഒഹായോയിലെത്തി.  

അക്കാഡമിക് നേട്ടങ്ങളിൽ ഇന്റർനാഷണൽ ബിസിനസ്സിൽ എം.ബി.എയും ഉൾപ്പെടുന്നു.  

എല്ലാവരുടെയും ശബ്ദം കേൾക്കുകയും എല്ലാവർക്കും ഊണ് മേശയിൽ ഒരു സ്ഥാനം നൽകുകയും ചെയ്താലേ സാമൂഹിക ഉന്നമനം  സാധ്യമാകു എന്നവർ കരുതുന്നു. എല്ലാവരും വലിപ്പചെറുപ്പമില്ലാതെ ഒന്നിക്കുകയും എല്ലാ ശബ്ദങ്ങളും കേൾക്കുകയും വിലമതിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ പുരോഗതി ഉണ്ടാവുക  എന്നാണ് അനുപമയുടെ വിശ്വാസവും നിലപാടും.

കുട്ടികളിലെ കാൻസറിനെതിരെ പോരാടുന്ന ദ പ്രയേഴ്സ് ഫ്രം മരിയ ഫൗണ്ടേഷൻ എന്ന പ്രാദേശിക സംഘടനയ്ക്കായി അവർ  ധനസമാഹരണ പരിപാടി  വിജയകരമായി സംഘടിപ്പിച്ചു.   KAO യുടെ പിക്‌നിക് വഴി തുക സമാഹരിച്ചും  ഫൗണ്ടേഷന് നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു വ്യക്തിയുടെ ചികിത്സാ ചെലവുകൾക്ക് വേണ്ടി ജയകരമായ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ൻ  സംഘടിപ്പിക്കാനും  അനുപമ മുന്നോട്ടു വന്നു.

കലാരംഗത്തും അവരുടെ താല്പര്യം ശ്രദ്ധേയമാണ്.  ക്ലീവ്‌ലാൻഡിലെ റെഡ്‌കോട്ട് സന്നദ്ധപ്രവർത്തകയായി  
പ്ലേഹൗസ് സ്ക്വയറിൽ അനുപമയെ കാണാം.

വായന, സംഗീതം,  യാത്ര,  സിനിമ എന്നിവയിലൊക്കെ ആനന്ദം കണ്ടെത്തുന്ന അനുപമ  ടെന്നീസിൽ  സജീവമാണ്. 10K റൺ, ഹാഫ് മാരത്തൺ എന്നിവയിലും അനുപമ കായികക്ഷമത കാട്ടുന്നു. ആരോഗ്യപരിപാലനത്തിനു താൻ ഏറെ പരിഗണന കൊടുക്കുന്നുവന്നവർ പറഞ്ഞു.

അനുപമ കൃഷ്ണനുമായി ഇ-മലയാളി നടത്തിയ അഭിമുഖത്തിൽ നിന്ന്

പ്രചരണം എങ്ങനെ പോകുന്നു?

പ്രചരണം നല്ലരീതിയില്‍ പോകുന്നു. ഇതൊരു ഇന്ററസ്റ്റിംഗ് ജേര്‍ണിയാണ്. എല്ലാം നല്ല അനുഭവങ്ങളാണ്. ഇലക്ഷന്‍ അടുക്കും തോറും കാര്യങ്ങൾ  കുറച്ചു വേഗത്തിലാണ് പോകുന്നത്. ഇനി മൂന്നുമാസമേ ഉള്ളൂ. അതുവേഗം തന്നെ പോകുമല്ലോ.

വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ജനങ്ങളുമായി ബന്ധപ്പെടുമ്പോള്‍ അവരുടെ പ്രതികരണം എങ്ങനെയാണ്?

പല സ്ഥലങ്ങളില്‍ ഉള്ള ആളുമായി ബന്ധപ്പെടുമ്പോള്‍ അവരുടെ സ്വീകാര്യത വളരെ നല്ല അനുഭവമായിരുന്നു. അവര്‍  ഒരു സുഹൃത്തായിട്ടാണ് കാണുന്നത്. അതൊരു  പ്രചോദനമാണ്. ഫോമ എന്ന സംഘടനയോടുള്ള  ജനങ്ങളുടെ സ്‌നേഹമാണ് ഇവിടെ കാണുന്നത്. വിവിധ സ്ഥലങ്ങളിലെ നല്ല ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു. ഓരോ മീറ്റിംഗ്  കഴിയുമ്പോഴും ഞാന്‍ വളരെ സന്തോഷത്തിലാണ്.

ഫോമ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ എങ്ങനെ കാണുന്നു?  

നമ്മളെ ബന്ധപ്പെടുന്ന ആളുകള്‍ ഫോമയുമായി വളരെ കാലമായി ബന്ധമുള്ള ആളുകളാണ്. അവര്‍ക്ക് ഫോമയ്ക്കു എന്തുചെയ്യാന്‍ പറ്റും എന്നറിയാം. അതില്‍ കുറച്ചു പുതിയ ആളുകളുണ്ട്. ഫോമയെ പറ്റി അറിയില്ലെങ്കിലും അവര്‍ നമ്മളുമായി സംസാരിക്കുമ്പോള്‍ ക്യൂറിയസാണ്. നമ്മള്‍ എന്താണ് ചെയ്യുന്നത്, എന്താണ് ഫോമാ എന്ന് ചോദിച്ചുകൊണ്ടിരിക്കും. കുറച്ചു പേര്‍ ചോദിച്ചിട്ടുണ്ട്. എന്താണ് ഫോമാ ചെയ്യുന്നത് എന്നെല്ലാം.

തെരഞ്ഞെടുപ്പു പ്രചരണം വ്യക്തിജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു. ഇതിനായി സമയം ചെലവഴിക്കുന്നത്  അര്‍ത്ഥപൂര്‍ണ്ണമായി തോന്നുണ്ടോ?

പ്രചരണത്തിനു  കുറച്ചു സമയം കണ്ടെത്തണം. അത്  സാമൂഹിക ജീവിതത്തെ  എങ്ങനെ ബാധിക്കുന്നു എന്നു ചോദിച്ചാല്‍ എനിക്ക് അതു ഒരു ബുദ്ധിമുട്ടായി തോന്നുന്നില്ല. ഞാന്‍ അതിനെ സോഷ്യലൈസേഷന്റെ ഭാഗമായിട്ടാണ് കാണുന്നത്. നമ്മള്‍ കൂടുതല്‍ ആളുകളെ വിളിക്കണം, അതെല്ലാം ഇതിന്റെ ഭാഗമാണ്. എനിക്ക് തോന്നുന്നത് ഞാന്‍ കൂടുതല്‍ സമയം ഇതില്‍ ചിലവഴിക്കണമെന്നാണ്.

ജോലി വളരെ പ്രധാനമാണ്. ഇലക്ഷന്‍ അടുക്കും തോറും എങ്ങനെ പോകുമെന്നറിയില്ല. ചിലപ്പോള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കുറവായിരിക്കും. കുടുംബം എന്നെ വളരെയധികം മനസിലാക്കുന്നു. എന്നാല്‍ ഇതൊരു ചെറിയ കാലയളവാണ്.എന്റെ കുടുംബത്തിലും സുഹൃത്തുക്കളുക്കും അറിയാം ഞാന്‍ ഇലക്ഷനില്‍ നില്‍ക്കുന്നത്. അതുകൊണ്ട് അവരെല്ലാം സപ്പോര്‍ട്ടീവാണ്. ഇതുവരെ ഒരു സോഷ്യല്‍ കൂട്ടായ്മയ്ക്കും നോ പറയേണ്ടി വന്നിട്ടില്ല.

ഭർത്താവ് സാബുവിന്റെ സപ്പോര്‍ട്ട് അറിയാം. ബാക്കിയുള്ളവരുടെ പ്രതികരണം എങ്ങനെയാണ്.?

അവരുടെ പ്രതികരണം വളരെ പോസിറ്റീവാണ്. എല്ലാവരും വളരെ അധികം എക്‌സൈറ്റഡാണ്. നമ്മുടെ കുടുംബവും നമ്മുടെ സുഹൃത്തുക്കളും കൂടെ നില്‍ക്കുന്നില്ലെങ്കിൽ  ഈ യാത്ര വളരെ ബുദ്ധിമുട്ടായിരിക്കും. ഫോമയുടെ റീജയണില്‍ -ഇപ്പോഴത്തെ ഫോമയുടെ പ്രസിഡന്റിനെ വിളിച്ചപ്പോഴും എല്ലാവരും വളരെ സപ്പോര്‍ട്ടീവാണ്.

വിജയിച്ചാല്‍ അത് വനിതകള്‍ക്കും കിട്ടുന്ന അംഗീകാരമായി കാണുമോ? ഇതിലേക്ക് വരാന്‍ മടിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും.

ഞാന്‍ വിശ്വസിക്കുന്നത് ഇത് ഒരു പോസിറ്റീവ് സ്റ്റെപ്പാണ്. വരാന്‍ മടിച്ചു നില്‍ക്കുന്നവര്‍ക്ക് അത് ഒരു പ്രചോദനമായിരിക്കും. ഇങ്ങനെ ഒരു ഒരാള്‍ നില്‍ക്കുമ്പോല്‍ എനിക്കും ചെയ്യാന്‍ പറ്റുമെന്ന് അവര്‍ക്കും തോന്നും. സ്ത്രീകളെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. കഴിവുള്ള ആളുകളെ കണ്ടെത്തി പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്  ഒരു ആത്മവിശ്വാസം നല്‍കാന്‍ ശ്രമിക്കും.

കടുത്ത മത്സരമാണ് നടക്കുന്നത്. വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?.

ഇതുവരെ അങ്ങനെയൊരു തോന്നല്‍ വന്നിട്ടില്ല. ഇനി മത്സരം കടുത്തു വരുമ്പോള്‍ അങ്ങനെ ഒരു പോയിന്റില്‍ എത്തില്ലെന്ന് വിശ്വസിക്കുന്നു. പോസിറ്റീവായി ചിന്തിക്കണം. ഫോമയില്‍ കുറെ ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ ഇലക്ഷനില്‍ നിന്നിട്ടുണ്ട്. അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട് മടുപ്പ്  തോന്നുമ്പോള്‍ അവരെ വിളിക്കണമെന്ന്. അവര്‍ തീര്‍ച്ചയായും സപ്പോര്‍ട്ടു ചെയ്യുമെന്ന്.

മറ്റു  സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള നിരീക്ഷണം എന്താണ്?

എല്ലാവരും വളരെ അധികം അർപ്പണബോധമുള്ളവരാണ് . എല്ലാവരിലും ഞാന്‍ കണ്ടിരിക്കുന്നത് ഈ സംഘടനയിലുള്ള വിശ്വാസമാണ്. 2008 മുതല്‍ ഞാന്‍ ഈ സംഘടനയിലുണ്ട്. എല്ലാവര്‍ക്കും ഈ സംഘടനയോട് സ്‌നേഹമാണ്. എതിർ  പാനലിലെ ആളുകളുമായും  സംസാരിക്കാറുണ്ട്. എല്ലാവരും ഡെഡിക്കേറ്റഡാണ്. അവര്‍ക്ക് അവരുടെ കഴിവിലും പ്രവര്‍ത്തനങ്ങളിലും വളരെയധികം വിശ്വാസമുണ്ട്.

ഫോമയുടെ കുറെ പദ്ധതികളുണ്ട്. അതില്‍  നല്ലതായി തോന്നിയത് എന്താണ്?

കഴിഞ്ഞ കൊല്ലം ചെയ്ത ചാരിറ്റി  ഇനീഷേറ്റീവ് വളരെ നല്ലതായിരുന്നു. എസ്.ഓ.എസ്. വില്ലേജ -കുറച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഫോമയുടെ പദ്ധതി വളരെയധികം ഇഷ്ടപ്പെട്ടു. സാമ്പത്തികമായി ബുദ്ധിമുട്ടുമുള്ളതും കുടുംബം നഷ്ടപ്പെട്ടതുമായ കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ഫോമയുടെ പദ്ധതി വളരെ നല്ലതാണ്. ഞാന്‍ അവിടെ പോയിരുന്നു അവിടെ അവര്‍ ഈ കുട്ടികള്‍ക്ക് ഒരു കുടുംബാന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.  ഫോമ യു.എസി.ലും കാനഡയിലും എല്ലായിടത്തുമുണ്ട്.

നമുക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍  ജയിച്ചു വന്നാല്‍  യുവജനങ്ങളെ ഫോമയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. അവര്‍ക്കു വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്താല്‍ മാത്രമേ അവരുടെ സപ്പോര്‍ട്ട് നമുക്ക് ലഭിക്കൂ.  എല്ലാവരുടെ ജിവിതത്തിലും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. അവര്‍ക്കു വേണ്ടിയും സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാക്കും. അതില്‍ പ്രത്യേകിച്ച് ഒരു പ്രായപരിധിയില്ല. ചെറുപ്പക്കാരായ അമ്മമാര്‍ക്കു വേണ്ട പിന്തുണ നല്‍കും. ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കു വേണ്ടിയോ മാനസികമായി പിന്തുണ ആവശ്യമുള്ളവര്‍ക്കോ അങ്ങനെ സഹായം ആവശ്യമുള്ള എല്ലാവര്‍ക്കു വേണ്ടിയും ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാക്കും.

ഇതില്‍ ഇറങ്ങിയതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും?

കുറെ നല്ല ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു. വ്യത്യസ്ത ബാക്ക്ഗ്രൗണ്ടിലെ ആളുകലുമായി ബന്ധപ്പെടാൻ  സാധിച്ചു. എടുത്തു പറയേണ്ട ദോഷങ്ങളൊന്നുമില്ല
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക