Image

പോരിന് കേഡറുകളുമില്ലാതെ തെറ്റ് തിരുത്തിത്തിരുത്തി നിവരാതാവുമ്പോള്‍... (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 15 June, 2024
 പോരിന് കേഡറുകളുമില്ലാതെ തെറ്റ് തിരുത്തിത്തിരുത്തി നിവരാതാവുമ്പോള്‍...  (എ.എസ് ശ്രീകുമാര്‍)

പണി തീരാത്ത ഒരുപാട് കാര്യങ്ങള്‍ ലോകത്തിലുണ്ട്. എന്നാല്‍ പണിക്കുറ്റം തീര്‍ത്താലും തീരാത്ത ഓരേയൊരു രാഷ്ട്രീയ പാര്‍ട്ടിയേ ഈ ഇഹലോകത്തിലുള്ളൂ. അതിന്റെ പേരാണ് സി.പി.എം അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്സിസ്റ്റ്. ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് സഖാക്കളുടെ നൂലുപോലുള്ള വേര് ശേഷിക്കുന്നത്. തെറ്റ് തിരുത്തി, തെറ്റ് തിരുത്തി അത് വട്ടംവളഞ്ഞ് ഒരു പരുവത്തിലായിക്കഴിഞ്ഞു. നേരേയൊന്ന് നിവര്‍ന്ന് നിന്ന് തെറ്റ് തിരുത്താനുള്ള ശേഷി ആ തൊഴിലാളി വര്‍ഗ പാര്‍ട്ടിക്കില്ല. കാരണം 'തൊഴി' ഇഷ്ടം മാതിരി കിട്ടിയിട്ടുണ്ട്.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും മുട്ടന്‍ പണി കിട്ടി. സെക്രട്ടേറിയറ്റിലെ വലിയ വെള്ള തൂണും ചാരി നിന്നപ്പോള്‍ കാവിക്കാര്‍ കേഡര്‍ വോട്ടും കൊണ്ടുപോയി. പക്ഷേ, സി.പി.എമ്മിനേക്കാള്‍ അതിന്റെ വലയത്തില്‍ പെട്ടുപോയ  ഘടകകക്ഷികളും പ്രത്യേകിച്ച് പാലായിലെ ജോസ്മോനുമാണ് കടുത്ത ഇച്ഛാഭംഗം. പതിവുള്ള രാജ്യസഭാ സീറ്റ് എന്ന നെല്ലിക്കാ മിഠായി കൊടുത്ത് പാലാ മോന്റെ കരച്ചിലടക്കിയെങ്കിലും അതിലും വലിയ കാര്യങ്ങളാണ് അരിക്കൊമ്പന്റെ രൂപത്തില്‍ ദേ, മുന്നില്‍ നില്‍ക്കുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം കഴിഞ്ഞ തവണത്തെ 'സ്റ്റാറ്റസ് ക്വോ' നിലനിര്‍ത്തിയതില്‍ സി.പി.എമ്മിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. 2019-ലെ സോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കിട്ടിയിരുന്നു. എ.എം ആരീഫിലൂടെ ആലപ്പുഴ മണ്ഡലമാണത്. അത് 'കനല്‍ ഒരു തരി' ആയി വിശേഷിപ്പിക്കപ്പെട്ടു. ഇക്കുറി ആലപ്പുഴയിലെ ആ തരി കെട്ടപ്പോഴും എല്‍.ഡി.എഫിന് ഒരു സീറ്റേയുള്ളൂ. ആലത്തൂരില്‍ വിജയിച്ച മന്ത്രി കെ രാധാകൃഷ്ണനാണ് പാര്‍ട്ടിയുടെ മാനംകാത്ത  'കനല്‍ ഒരു തരി' ആയി മാറിയത്. ആലപ്പുഴയില്‍ നിന്ന് തരി ആലത്തൂരിലേയ്ക്ക് മാറിക്കത്തിയെങ്കിലും തരികിട തുടരുമോയെന്നാണ് ശേഷിക്കുന്ന അണികളുടെ ഒരു ആന്തല്‍.

പാര്‍ട്ടി തെറ്റ് തിരുത്തുമത്രേ. ഇത് ചുമ്മാതുള്ള ഒരു തിരുത്തലല്ല. അതിഭയങ്കരമായ ഒരു തിരുത്തലാണ്. നല്ലതുപോലെ തോറ്റു അതുകൊണ്ട് നല്ലതുപോലെ തന്നെ തിരുത്തണം എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ''തിരഞ്ഞെടുപ്പില്‍ നമ്മള്‍ തോറ്റു, നല്ലതുപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നു പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉള്ള പ്രവണതകള്‍ ഉണ്ട്. അവ കാണാതിരുന്നിട്ട് കാര്യമില്ല...'' എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇത്തരുണത്തില്‍ 1991-ല്‍ പുറത്തിറങ്ങിയ 'സന്ദേശം' എന്ന ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലുണ്ടായ രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ മലയാളചലചിത്രത്തെക്കുറിച്ചോര്‍ക്കുകയാണ്. അതില്‍ അന്നും ഇന്നും എന്നും പ്രസക്തമായ ഒരു സീനുണ്ട്. പ്രത്യേകിച്ച് ശങ്കരാടി അവതരിപ്പിച്ച കുമാരപിള്ള എന്ന കഥാപാത്രവും ബോബി കൊട്ടാരക്കര വേഷം നല്‍കിയ ഉത്തമന്‍ എന്ന കാരക്ടറും തമ്മിലുള്ള ഡയലോഗ്. ആവര്‍ത്തന വിരസതയില്ലാത്തതാണ് ആ സംഭാഷണം...

കുമാരപിള്ള: ''താത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. മറ്റൊന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമ്മുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് സംഭവിച്ചത്...''

ഉത്തമന്‍: ''മനസ്സിലായില്ല...''

കുമാരപിള്ള: ''അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ..?''

ഉത്തമന്‍: ''എന്തു കൊണ്ടു നമ്മള്‍ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങ് പരഞ്ഞാലെന്താ..? ഈ പ്രതിക്രിയാ വാതകവും കൊളോണിയലിസവുമെന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതെന്തിനാ..?''

ദേ, അതു തന്നെയാണ് ഗോവിന്ദന്‍ സഖാവേ നാട്ടുകാര്‍ക്കും പിന്നെ നിങ്ങളുടെ പിറകേ നടന്ന സഖാക്കള്‍ക്കും ചോദിക്കാനുള്ളത്. എന്നാപ്പിന്നെ കേട്ടോളൂ സഖാവിന്റെ മറുപടി. ''രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള പ്രവണതകള്‍ ഉണ്ട്. ആ പ്രവണത ഈ മുതലാളിത്ത സമൂഹത്തില്‍ അരിച്ചരിച്ച് നമ്മുടെ പാര്‍ട്ടി കേഡറുകളിലും നമ്മളിലെല്ലാം തന്നെയും  തന്നെയുണ്ടാകും. അതെല്ലാം തൂത്തെറിഞ്ഞുകൊണ്ടു മാത്രമേ നല്ല തിരുത്തലുകള്‍ നടത്താനാകൂ. സംഘടനാ രംഗത്തും തിരുത്തലുകള്‍ വേണം...''

''ങ്..ഹാ... ഇപ്പോഴേതാണ്ട് മനസ്സിലായി വരുന്നുണ്ട്...''

എന്തുകൊണ്ടു തോറ്റു എന്ന കാര്യം നല്ലതുപോലെ കണ്ടുപിടിക്കണം എന്നു സഖാവ് സമ്മതിച്ച സ്ഥിതിക്ക് കാര്യങ്ങള്‍ ആ വഴിക്ക് പുരോഗമിക്കട്ടെ. പക്ഷേ, ഒരു കാര്യമുണ്ട്. ഈ കണ്ടുപിടുത്തം അടുത്തെങ്ങാനും നടക്കുമോ..? ഇപ്പോള്‍ അങ്ങ് തിരുവനന്തപുരം തൊട്ട് കാസര്‍ഗോഡ് മണ്ഡലങ്ങള്‍ വരെയുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് നഷ്ടമില്ല. ഭയങ്കര നേട്ടമാണ് അവരുണ്ടാക്കിയത്. ബി.ജെ.പി അക്കൗണ്ടും തുറന്ന് കേന്ദ്ര മന്ത്രിസഭയിലുമെത്തി. സി.പി.എമ്മനെ സംബന്ധിച്ചാണെങ്കില്‍ കടിച്ചതും പിടിച്ചതും ഒറ്റാലില്‍ കിടന്നതും പോയിക്കിട്ടി എന്നു മാത്രം. ആ തിരുത്തലൊന്ന് വേഗം നടത്തിയാല്‍ കൂടെയുള്ളത് വഴുതിപ്പോവില്ലെന്നാശ്വസിക്കാം.

ശരി, ഇപ്പൊ, തെറ്റ് തിരുത്താന്‍ തീരുമാനിച്ച് പുറപ്പെട്ടിട്ട് അര മണിക്കൂറായല്ലോ. വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പ് പുറപ്പെട്ടോ... പക്ഷേ ഉത്തമാ പാര്‍ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക