Image

അത്ഭുതകരമായ രക്ഷപെടൽ: സൗത്‌വെസ്റ് വിമാനം 16,000 അടിയിൽ നിന്നു 400 അടിയിലേക്കു പതിച്ചു കടലിനോടു അടുത്തെത്തി (പിപിഎം)

Published on 15 June, 2024
അത്ഭുതകരമായ രക്ഷപെടൽ:  സൗത്‌വെസ്റ് വിമാനം 16,000 അടിയിൽ നിന്നു 400 അടിയിലേക്കു പതിച്ചു കടലിനോടു അടുത്തെത്തി (പിപിഎം)

ഹവായിയിൽ പ്രതികൂല കാലാവസ്ഥയിൽ സൗത്‌വെസ്റ് എയർലൈൻസിന്റെ വിമാനം 16,000 അടി ഉയരത്തിൽ നിന്നു 400 അടിയിലേക്കു പതിച്ചു. പസിഫിക് സമുദ്രത്തിന്റെ വെറും 400 അടി ഉയരത്തിൽ എത്തിയ വിമാനം വലിയൊരു ദുരന്തത്തിൽ നിന്നു കഷ്ടിച്ചാണ് രക്ഷപെട്ടത്.

ഏപ്രിലിൽ ഉണ്ടായ സംഭവം ഇപ്പോഴാണ് പുറത്തു വന്നത്. ഏപ്രിൽ 11നു ഹവായി ദ്വീപുകളെ ബന്ധിപ്പിച്ചു പറക്കുകയായിരുന്നു ബോയിങ് 737 മാക്‌സ് 8 വിമാനം. ഹോണോലുലു ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നു കൗവായ് ദ്വീപിലേക്കായിരുന്നു  ഫ്ലൈറ്റ് നമ്പർ 2786 പറന്നത്.

ഹവായിയുടെ കൗവായ് ദ്വീപിനു അടുത്തു വച്ചു മോശപ്പെട്ട കാലാവസ്ഥ നേരിട്ടപ്പോൾ പൈലറ്റ് പെട്ടെന്നു വിമാനത്തിന്റെ ദിശ മാറ്റി. ബ്ലൂംബെർഗ് പുറത്തു വിട്ട സൗത്‌വെസ്റ് ആഭ്യന്തര മെമ്മോ അനുസരിച്ചു വിമാനം  പൈലറ്റ് ചെയ്തിരുന്നത് പുതിയൊരാളാണ്. ഫ്ലൈറ്റ് 100 മൈൽ മാത്രം നീളമുള്ളതാണെങ്കിലും പുതിയൊരു പൈലറ്റിനെ പ്രതികൂല കാലാവസ്ഥയിൽ ചുമതല ഏൽപിച്ചത് ഉചിതമായില്ല എന്ന വിമർശനം ഉണ്ടായിട്ടുണ്ട്.

അദ്ദേഹത്തിൽ നിന്നുണ്ടായ സാങ്കേതിക പിഴവ് മൂലമാണ് വിമാനം പെട്ടെന്നു താഴേക്കു പതിച്ചതെന്നു മെമ്മോയിൽ വിശദീകരിക്കുന്നു.  

ആ ഘട്ടത്തിൽ മിനിട്ടിനു 8,500 അടി ഉയരത്തിലേക്കു എടുക്കാൻ ക്യാപ്റ്റൻ പൈലറ്റിനോട് നിർദേശിച്ചു. ഹോണോലുലുവിൽ നിന്നു 22 മിനിറ്റ് കൊണ്ട് എത്തേണ്ട വിമാനം ഒന്നര മണിക്കൂർ കഴിഞ്ഞു അവിടെ തന്നെ തിരിച്ചെത്തി.

യാത്രക്കാരിൽ ആർക്കും തന്നെ പരുക്കേറ്റില്ല. എഫ് എ എ അന്വേഷണം നടത്തുന്നുണ്ട്.

Southwest flight dipped from 16,000 feet to 400 in minutes 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക