മരണത്തെയും
പ്രണയിക്കാൻ
പഠിക്കണം
എന്നെങ്കിലും
വിരുന്നെത്തും എന്ന്
ഉറച്ചു വിശ്വസിക്കാവുന്ന
ഒരേയൊരു അതിഥി.
ചിലപ്പോൾ അത്
കവിളുകളിലെ
ചുളിവുകളിൽ തലോടി
മേഘങ്ങൾക്കിടയിലേക്ക്
നമ്മളെ
നക്ഷത്രമായി
എറിഞ്ഞേക്കാം
മറ്റ് ചിലപ്പോൾ
കുഴിയിൽ വീണ
കണ്ണുകളിൽ മുകർന്ന്
ആഴമേറിയ
ഒരിരുൾ ചുഴിയിലേക്കു
കൂട്ടി കൊണ്ടു പോയി
ഇക്കിളിപ്പെടുത്തിയേക്കാം.
അന്ത്യ ശ്വാസത്തെ
തന്റെ കവിളിൽ
തട്ടുന്ന
ചുംബനമുദ്രകൾ
ആക്കിയേക്കാം.
അവസാനം ഇറ്റിക്കുന്ന
ഒരു തുള്ളി ദാഹജലത്തെ
ഒരു ഹിമബിന്ദുവാക്കി
ഹൃദയത്തിന്റെ
പിടയലിൽ
ചേർത്ത് വെച്ചേക്കാം.
മരണവും
ഒരു ലഹരിയായിരിക്കും
ഭൂമിജീവിതം
ഇനി മതിയെന്ന് പറഞ്ഞ്
സ്വർഗ്ഗത്തിൽ
വേദനകളില്ലാത്ത
മറ്റൊരിടം
തീർക്കാൻ
മരണത്തിനല്ലാതെ
മറ്റാർക്കാണ്
കഴിയുക?