Image

ചങ്കുവെട്ടിയിലെ അബുക്ക (ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 22 June, 2024
ചങ്കുവെട്ടിയിലെ അബുക്ക (ജോൺ കുറിഞ്ഞിരപ്പള്ളി)

ചങ്കുവെട്ടി എന്നപേര് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും.മലപ്പുറം ഡിസ്ട്രിക്ടിൽ  കോട്ടക്കൽ അടുത്തുള്ള ഒരു സ്ഥലപേരാണ് ചങ്കുവെട്ടി. വേറെ പേര് ഒന്നും ഈ സ്ഥലത്തിന് ഇടാൻ കിട്ടിയില്ലേ എന്ന് നിങ്ങളേപോലെ തന്നെ ഞാനും ആലോചിക്കാറുണ്ട്.

കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ നിന്നും ചങ്കുവെട്ടിയിലേക്ക് നടന്നു പോകുന്ന വഴിക്കാണ് ഞാൻ അബുക്കയെ പരിചയപ്പെടുന്നത്.അബൂക്ക ,ഒരു ചെറിയ കടയും അതിനോട് ചേർന്ന് ഇളനീർ കച്ചവടവും നടത്തുകയാണ്. ഒരു കൊച്ചു കട അത്രയേയുള്ളു. ഞാൻ ചെല്ലുമ്പോൾ അബുക്ക അവിടെ ഇളനീർ വാങ്ങാൻ വന്ന ഏതാനും ചെറുപ്പക്കാർക്ക് അത് ഭംഗിയായി ചെത്തി കൊടുക്കുകയാണ്. അബുക്കയ്ക്ക് ഒരു എഴുപത് എഴുപത്തഞ്ച് ഞ്ചു വയസ്സ് പ്രായം കാണും. വളരെ മെലിഞ്ഞിട്ടാണ് അബുക്ക.നൂലുകൊണ്ട് തീർത്തതാണ് ആ വിരലുകൾ എന്നു തോന്നും.എങ്കിലും യാതൊരു പിഴവും ഇല്ലാതെ ഭംഗിയായി ഇളനീർ ചെത്തുന്നത് കാണാൻ നല്ല ശേലാണ്.

കഴിഞ്ഞ വർഷം ഞാൻ അബുക്കയുടെ കടയിൽ ചെന്ന ദിവസം അബുക്ക കൃത്യമായി ഓർമ്മിച്ചെടുത്തു. വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോൾ അബുക്ക കുട്ടിക്കാലം മുതലുള്ള തൻ്റെ കഠിനാദ്ധ്വാനത്തിൻ്റെ ചരിത്രം പറഞ്ഞ് എന്നെ ഞെട്ടിച്ചു.കഠിനമായി ജോലി ചെയ്ത് ഈ എഴുപതുകളിലും കുടുംബം പുലർത്തുന്നു.

മറ്റൊരു ദിവസം ഞാൻ നടക്കാനിറങ്ങിയപ്പോൾ അബുക്കയുടെ കട അടഞ്ഞുകിടക്കുന്നു. മനസ്സിലേക്ക് അരുതാത്ത ചിന്തകൾകടന്നു വരുന്നു, അബുക്കായ്ക്ക് എന്തു പറ്റിയോ ആവോ? ഞാൻ ആ കടയിലേക്ക് നോക്കി റോഡരുകിൽ അങ്ങിനെ നിന്നു.പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അബുക്ക.

“ഇതെന്താ കട തുറക്കാത്തത് എന്ന് ഞാൻ വിചാരിക്കുകയായിരുന്നു ".

അബുക്കപൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു, അങ്ങനെയൊന്നും അബുക്കപോകില്ല മോനെ, ഇങ്ങക്ക് ഇളനീര് വെട്ടിത്തരാൻ അബു ക്ക എന്നും ഇവിടെ ഉണ്ടാകും.ഇന്ന് വെള്ളിയഴ്ചയല്ലേ. പള്ളീൽ പോയതാ.”

ശരിയാണ് ഇന്ന് വെള്ളിയാഴ്ചയാണ് ,ഓർമ്മിച്ചില്ല.

അതാണ് എൻ്റെയും  ആഗ്രഹം, അബുക്കയെപ്പോലുള്ളവർ ഒരു പ്രചോദനമാണ്, അദ്ധ്വാനത്തിൻ്റെ മഹത്വം മനസ്സിലാക്കുന്നവർക്ക്.

ചില ജന്മങ്ങൾ അങ്ങിനെയാണ്. അവരുടെ സ്നേഹം കൊണ്ടും പെരുമാറ്റങ്ങൾ കൊണ്ടും നമ്മളെ അവർ കീഴടക്കി കളയും. കുറച്ചു ദിവസമായി അബു ക്കയെ കാണാൻ തീരെ സമയം കിട്ടിയില്ല. എനിക്ക് തിരിച്ചു പോകാൻ സമയം ആയിരിക്കുന്നു. അബൂക്കയോട് യാത്ര പറയുവാനായി ഞാൻ കടയിൽ ചെന്നു. എന്നെ കണ്ടപ്പോഴെ ഒരു നിറഞ്ഞ ചിരി പാസ്സാക്കി അബുക്ക .ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പായി അബൂക്ക പറഞ്ഞു " അപ്പോൾ ഇങ്ങളു പോകുവാല്ലേ?"

"ഉം "

" ഇങ്ങളൊക്കെ മൊബയിൽ കുത്തി കളിക്കുബോൾ ഞമ്മൾക്കും ബേണ്ടേ, അല്പം പുരോഗതി ?"

" എന്താ അബൂക്ക?"

" ഞമ്മളു ഇളനീര് വെട്ടുന്ന ഒരു മെഷീൻ വാങ്ങി. വയസ്സായില്ലേ ? ഒന്നു കൈ തെറ്റിയാൽ തീർന്നു."

അബൂക്ക നിറഞ്ഞ ചിരിയോടെ തന്റെ ഇളനീർ വെട്ടി തയ്യാറാക്കുന്ന മെഷീൻ എനിക്ക് കാണിച്ചു തന്നു. ഒരു നല്ല മൂർച്ചയുള്ള കത്തി ഒരു സ്റ്റാൻറിൽ പിടിപ്പിച്ചിരിക്കുന്നു. അതിന്റെ ഹാൻഡിൽ തിരിക്കുമ്പോൾ താഴെ വച്ചിരിക്കുന്ന ഇളനീർ ഭംഗിയായി മുറിച്ചെടുക്കാം. അങ്ങിനെ മെഷീൻ പ്രവർത്തനം വിശദീകരിക്കുന്നതിനിടയിൽ ഒരു ഇളനീർ ചെത്തി എനിക്കു തന്നു. ഇളനീർ കടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു,

" അബുക്ക, ഞാൻ നാളെ കാലത്തു തിരിച്ചു പോകും. വീണ്ടും കാണാം." അബൂക്ക ഒന്നും മിണ്ടിയില്ല. ഏതാനും ദിവസങ്ങളിലെ പരിചയമേയുള്ളു ഞങ്ങൾ തമ്മിൽ. പക്ഷേ എത്രയോ വർഷങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു എന്ന തോന്നലാണ്.

മുന്നോട്ടു നടക്കുന്നതിനിടയിൽ ഞാൻ ആലോചിച്ചു.ഇപ്പോൾ അബുക്ക എന്തു ചെയ്യുക ആയിരിക്കും.? ഞാൻ തിരിഞ്ഞു നോക്കി . അബുക്ക അവിടെ ഞാൻ പോകുന്നതും നോക്കി അങ്ങിനെ നിൽക്കുന്നു. ഞാൻ തിരിഞ്ഞു നോക്കും എന്ന് അബുക്കയ്ക്ക് നല്ല നിശ്ചയം ആയിരുന്നു എന്നു തോന്നുന്നു. അബുക്ക അവിടെ നിന്ന് കൈ വീശി കാണിച്ചു.

എഴുപത്തിരണ്ടു വയസ്സുള്ള അബുക്ക കഠിനാദ്ധ്യാനം ചെയ്ത് ഇപ്പോഴും കുഡുംബം പുലർത്തുന്നു.

എന്നാലും എനിക്ക് ഏറെ ഇഷ്ടം മെഷീൻ ഉപയോഗിക്കാതെ കൈ കൊണ്ട് ഇളനീർ ചെത്തി തരുന്ന അബുക്കയെ ആണന്നുള്ള വിവരം അബുക്ക അറിയണ്ട.

വീണ്ടും കാണുന്നതുവരെ ഗുഡ് ബൈ,അബുക്ക.

Join WhatsApp News
Sunil 2024-06-22 15:24:42
Thanks. Nice to read.
യു-എ.നസീർ 2024-06-24 23:43:11
കോട്ടക്കൽ ചങ്കുെ വെട്ടിക്കാരനായ ഒരു അമേരിക്കൻ മലയാളി എന്ന താൽപര്യത്താൽ താങ്കളുടെ സമ്മതത്തോടെ ഈ ലേഖനം നാട്ടിലെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക