Image

ലോക കേരള സഭ: വെറും വെറുതേ (രാജു മൈലപ്രാ)

Published on 26 June, 2024
ലോക കേരള സഭ: വെറും വെറുതേ (രാജു മൈലപ്രാ)

പണ്ടൊക്കെ ചില ഡോഗ്സ്, മാർക്കറ്റിൽ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കാര്യമൊന്നുമില്ല, വെറുതെ ഒന്ന് കറങ്ങി അടിച്ചു പോരാൻ- ഇടയ്ക്ക് മീൻ ചന്തയിലും, ഇറച്ചി കടയിലും ഒന്ന് തല കാണിക്കും- ഒരു മീന്തലയോ, എല്ലിൻകഷണമോ കിട്ടിയാൽ കിട്ടി- അത്ര തന്നെ !

‘പട്ടിക്ക് ഒരു ജോലിയും ഇല്ല, നിൽക്കാൻ ഒട്ടും നേരവും ഇല്ല’, എന്ന് പറഞ്ഞതുപോലെയാണ് ചില സ്വയം പ്രഖ്യാപിത ‘അമേരിക്കൻ മലയാളി നേതാക്കന്മാർ, ഇടയ്ക്കിടെ കേരളത്തിൽ പോയി മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയെടുത്ത്, അമേരിക്കൻ മലയാളികളുടെ ചില അടിയന്തര പ്രശ്നങ്ങൾ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി; ഈ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടും എന്ന് അദ്ദേഹം ഉറപ്പു നൽകി’ എന്ന തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച് സായൂജ്യമടയുന്നത്.

‘ലോക കേരള സഭ’ യിൽ പങ്കെടുക്കുവാൻ പോകുമ്പോൾ ഫോട്ടോയോടൊപ്പം തങ്ങളുടെ എന്തെല്ലാം ക്വാളിഫിക്കേഷൻസിന്റെ വിവരങ്ങളാണ് ചേർക്കുന്നത്. തിരിച്ചുവരുമ്പോൾ എല്ലാത്തിന്റെയും അണ്ണാക്കിൽ പഴം തിരുകി വെച്ചിരിക്കുകയാണ്. ഒന്നിനും മിണ്ടാട്ടമില്ല.

പക്ഷേ അമേരിക്കൻ മലയാളികൾ നിരാശപ്പെടരുത്. കേരളീയ തനത് കലകളുടെ പ്രചരണാർത്ഥം ഉടൻതന്നെ മന്ത്രിമാരുടെ ലോകപര്യടനം ഉണ്ട്. ആദ്യത്തെ നറുക്കു വീണത് ന്യൂയോർക്കിനാണ്. കഥകളി, പുലിക്കളി, കസേരകളി, തുടങ്ങിയ വിവിധ കളികൾ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പൗര പ്രമുഖൻമാരുടെ സാന്നിധ്യത്തിൽ നടത്തപ്പെടും. അസംബ്ലിയിലെ ഡെസ്ക് നൃത്തം, കസേര മറിച്ചിടൽ തുടങ്ങിയ അഡിഷണൽ അട്രാക്ഷൻസും ഉണ്ടാവും. ഇത് കഴിയുമ്പോൾ കേരളത്തിന്റെ വിനോദ മേഖല വീണ്ടും വികസിക്കും. ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ സായിപ്പന്മാർ കേരളത്തിലേക്ക് കുതിക്കും.

(കഥകളി എന്ന കലാരൂപത്തിന് ഇന്നും കേരളത്തിൽ പോലും കാണികളില്ല. കുറേ ശുംഭന്മാർ പണ്ഡിതനാണെന്ന ഭാവേന അവിടെ ഉറക്കംതൂങ്ങി ഇരിക്കുന്നത് കാണാം).

ഏതാണ്ട് നേരത്തെ സൂചിപ്പിച്ച ശ്വാനന്മാരുടെ ഗതികേടാണ് കേരളത്തിലെ എംപിമാർക്ക്. ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല, വെറുതെ വായും പൊളിച്ച് ഇരിക്കും. രാഹുൽഗാന്ധി ചിരിക്കുമ്പോൾ കൂടെ ചിരിക്കും. ചിലപ്പോൾ വെറുതെ കാര്യമറിയാതെ ഡെസ്കിലിട്ടിടിക്കും. ‘മേം’ കർത്താവായി വരുമ്പോൾ ‘ഹും’ മാലാഖയായി വരും, തുമാരാ നാം ക്യാ ഹൈ ?, അച്ഛാ, അരേ സാലേ തുടങ്ങിയ ബേസിക് ഹിന്ദി എങ്കിലും പഠിച്ചിട്ട് വേണ്ടേ പോകാൻ ?

അല്ലെങ്കിൽ നല്ല മണി മണി പോലെ ഇംഗ്ലീഷ് കാച്ചിവിടുന്ന ചിന്താ ജെറോമിനെയോ, ബിന്ദു ടീച്ചറയോ ശ്രീമതി ടീച്ചറയോ പാർലമെൻറിലേക്ക് അയക്കണമായിരുന്നു. ഇവരുടെയൊക്കെ ഇംഗ്ലീഷ് പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ, ഹിന്ദിക്കാരന്റെ ചെവിയിൽ അമിട്ട് പൊട്ടിയേനേ!

യാതൊരുവിധ ആരോപണങ്ങളും ഇന്നുവരെ കേൾപ്പിച്ചിട്ടില്ലാത്ത, മാന്യനും, മര്യാദക്കാരനും, മുൻമന്ത്രിയും, സ്പീക്കറുമായ കെ. രാധാകൃഷ്ണനെ, മന്ത്രി സ്ഥാനം രാജി വെപ്പിച്ചിട്ട്, ആലത്തൂരിൽ നിന്നും വടക്കോട്ട് വണ്ടി കയറ്റി വിട്ടിട്ടുണ്ട്. മാന്യനും, മര്യാദക്കാരനെന്നുമുള്ളതൊന്നും ഒരു പാർലമെൻറ് അംഗം ആകുവാനുള്ള ക്വാളിഫിക്കേഷൻ ഒന്നുമല്ല. ആ പാവത്തിന് ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല. നേരത്തെ പറഞ്ഞതുപോലെ രാഹുൽ ഗാന്ധി ചിരിക്കുമ്പോൾ കൂടെ ചിരിക്കാം. അസംബ്ലിയിൽ അവർ കീരിയും പാമ്പും ആണെങ്കിൽത്തന്നെ, പാർലമെൻറിൽ അവർ മച്ചാനും മച്ചാനും ആണല്ലോ !

ഇതിനിടെ ബ്രാഹ്മണ കുടുംബത്തിൽ പിറന്ന ഐ.എ.എസ് കാരി ദിവ്യ അയ്യർ, പിന്നോക്ക സമുദായത്തിൽപ്പെട്ട രാധാകൃഷ്ണൻ സാറിനെ കെട്ടിപ്പിടിച്ചു സ്നേഹപ്രകടനം നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. നിർദോഷമായ ഒരു സ്നേഹപ്രകടനം, എന്നാൽ മറിച്ച് രാധാകൃഷ്ണൻ, ദിവ്യ അയ്യരെ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം നടത്തിയിരുന്നെങ്കിൽ കാണാമായിരുന്നു കളി. പാവം സുരേഷ് ഗോപി, ഒരു പെൺകൊച്ചിന്റെ തോളത്ത് ഒന്നു തോട്ടത്തിന് പെട്ട് പങ്കപ്പാട് എന്റമ്മോ ! ഓർമ്മിപ്പിക്കരുതേ ! (ഒരു ‘നർമ്മ സാഹിത്യകാരൻ’ എന്ന ലേബൽ എനിക്ക് നൽകാൻ പ്രമുഖ പങ്കു വഹിച്ചിട്ടുള്ള ശ്രീ ജോർജ്ജ് എബ്രഹാമുമായുള്ള ബന്ധം ‘ലോക കേരള സഭയ്ക്ക് സാധ്യതകൾ’ ഏറെ എന്ന് അദ്ദേഹം പ്രസ്താവിച്ചതോടുകൂടി ഞാൻ ഉപേക്ഷിക്കുകയാണ്. ബി.ജെ.പി.യിൽ ചേർന്ന പത്മജയുമായുള്ള ബന്ധം മുരളിയേട്ടൻ മുറിച്ചതുപോലെ !
 

Join WhatsApp News
Mohini 2024-06-26 01:54:13
കലാമണ്ഡലം വെളുത്ത സത്യഭാമയുടെ പ്രത്യയേക ആകാഷനോടു കൂടിയുള്ള മോഹിനിയാട്ടം തീർച്ചയായും വേണം. അതുപോലെ 'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചിടുവാൻ കാരണഭൂതൻ...' എന്ന മെഗാ തിരുവാതിരയും വേണം. ടൈം സ്കയറിൽ ആയിരിക്കുമല്ലോ പരിപാടി നടുക്കുന്നത്. ആ സമയത്തു കറുത്ത വർഗക്കാർക്കു അവിടെ പ്രവേശനം നിരോധിക്കണം. വെളുത്ത ഭാമാക്കും, കരണഭൂതനും കറുപ്പ് കണ്ടു കൂടല്ലോ.പറ്റുമെങ്കിൽ ഇസ്രായേലിനു എതിരായി ഒരു പ്രമേയും കൂടി പാസാക്കണം. നമ്മുടെ കേരളാ ലോക സഭ നേതാക്കൻമാർ അവിടെക്കാണുമല്ലോ.
A.C.George 2024-06-26 02:39:25
ദയവായി ആരും, കറുത്ത ടായി (Tie) മലയാളത്തിൽ കണ്ട കോണകം, പിന്നെ കറുത്ത ഒരു വസ്ത്രവും, പ്രത്യേകിച്ച് കറുത്ത ഷഡ്ഡി പോലും ധരിച്ചുകൊണ്ടു വരാതിരിക്കുക. അങ്ങനെ വല്ലതും ആരെങ്കിലും ചെയ്താൽ അവിടെ അതിഭയങ്കരമായ രക്ഷാപ്രവർത്തനം " . അതായത് പൂച്ചട്ടി ചെടിച്ചട്ടി തുടങ്ങിയവ ഉപയോഗിച്ചുള്ള ഏറും തട്ടും മുട്ട് തുടങ്ങിയ കേരള കലകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം, അതും നിങ്ങളുടെ രക്ഷയ്ക്കായുള്ള ഒരു പ്രവർത്തനം അരങ്ങേറും എന്നുള്ള മുന്നറിയിപ്പ് തരുന്നു. . അവസാനം അത് ആരും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്ന് പറഞ്ഞേക്കരുത്.
Varghese C.P. 2024-06-26 03:13:13
എന്റെ രാജുസാറെ വെറുതെ എഴുതാമെന്നേയുള്ളു. ഈ പ്രാഞ്ചികളുടെ വാൽ ഒരിക്കലും നിവരുകയില്ല. പിണറായി രാജാവ് എഴുന്നള്ളുമ്പോൾ എയർപോർട്ട് മുതൽ ഇവർ പെട്ടിയും ചുമന്നു കൊണ്ട് പിറകെ നടക്കുന്നതിന്റെ വാർത്ത ഇമലയാളിയിൽ കാണാം. ഇതിനെല്ലാം കേരളത്തിലെ പാവങ്ങളുടെ നികുതിപ്പണം ആണല്ലോ ധൂർത്തടിക്കുന്നത് എന്നോർക്കുമ്പോൾ സത്യത്തിൽ ഇവരോട് പുച്ഛം തോന്നുന്നു.
George Abraham 2024-06-27 01:15:06
Dear Raju, Unlike Muraleedharan, I cannot give upon my friend! Your writings make me laugh in the arena of division and distress. Thanks for the compliment.
11പല്ലിൽതാഴെ ഉള്ളവർക്ക് 2024-06-29 13:14:34
മലയാളികൾ പൊതുവെ വാൾമാർട്ട് ഷോപ്പർ മനോഭാവം ഉള്ളവരാണ്. ഒരു കടയിൽ എല്ലാം ലഭിക്കണം. ചെക്ക് ഔട്ട് ലൈനിൽ മുന്നിൽ ആരും കാണാൻ പാടില്ല. ഒരു കാർട്ട് നിറയെ സാധനകൾ പക്ഷെ എക്സ്പ്രസ്സ് ലൈനിൽ നിൽക്കണം. സെൽഫ് ചെക്ക് ഔട്ട് ഉപയോഗിക്കില്ല. മുടിവെട്ട് , മാനിഖുർ, ടാക്സ് , കാർ റിപ്പയർ എല്ലാം ഒറ്റ അടിക്കു സാധിക്കണം. ഇത്തരം കസ്റ്റമേഴ്‌സിനു വാൾമാർട്ട് ടെൻറ്റൽ ക്ലിനിക്ക് തുടങ്ങുന്നു. 11 പല്ലിൽ താഴെ ഉള്ളവർക്ക് എക്സ്പ്രസ്സ് സെൽഫ് ചെക്ക് ഔട്ട് ഉണ്ടായിരിക്കും. -നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക