Image

പാഴൂർ പടിപ്പുരയിൽ : പി.സീമ

Published on 27 June, 2024
പാഴൂർ പടിപ്പുരയിൽ  : പി.സീമ

ജീവിതം പ്രതിസന്ധികൾ മാത്രം നൽകുമ്പോൾ ചുറ്റിനും വെളിച്ചത്തിന്റെ  ഒരു കിരണം പോലും ഇല്ലാതാകുമ്പോൾ, ചെറിയ ചെറിയ സന്തോഷങ്ങളുടെ നക്ഷത്രത്തിളക്കം പോലും മായുമ്പോൾ  അറിയാതെ മനസ്സിൽ കടന്ന് വന്നത് തുടർയാത്ര യെക്കുറിച്ചുള്ള ഭയം,  ആശങ്കകൾ എന്നിവ തന്നെയാണ്. കാരണം അടി യൊഴുക്കുകളും ചുഴികളും മറി കടന്നാൽ അല്ലെ   ആഴക്കടലിന്റെ മറുകരയിൽ എത്തു.
അങ്ങനെ പ്രശസ്തമായ പാഴൂർ പടി പ്പുരയിൽ പോയി. ജ്യോത്സ്യവിധികൾ കുറിച്ച് പോന്നപ്പോഴാണ് ആ അനുഭവമുണ്ടായത്.  

പച്ചനിറത്തിൽ ഇൻഡോർ ചെടികൾ നിരത്തി വെച്ചിരുന്ന   മനോഹരമായ സിറ്റ് ഔട്ടിൽ നിന്നു മുറ്റത്തേക്ക് ഉള്ള പടവുകൾ ഇറങ്ങുന്നതിനിടയിൽ ആണ് എന്റെ ഇടത് കാതിലെ ജിമിക്കി ഊരി താഴെ പോയത്. കാതിന്റെ തട്ടിനു കനമില്ലാത്തത് കൊണ്ട് തൂങ്ങാതിരിക്കാൻ ജിമിക്കിയുമായി ബന്ധിപ്പിച്ചിരുന്ന സ്വർണ്ണത്തിന്റെ ചെറിയ നൂൽ വണ്ണമുള്ള സംഭവവും ജിമിക്കിയും മാത്രം പടിയിൽ കിടന്നു. കമ്മലും ആണിയും കാണ്മാനില്ല. മുറ്റത്തു ഇറങ്ങി ഒരു വട്ടം കണ്ണ് കൂർപ്പിച്ചു നോക്കി എങ്കിലും അവ ഒളിവിൽ തന്നെ.

അപ്പോൾ അകത്തു നിന്ന ചേച്ചിയെക്കൂടി വിളിച്ചു വിവരം പറഞ്ഞു. ചേച്ചി  വന്നു നോക്കിയപ്പോഴേ കമ്മൽ കിട്ടി. "ആ ചേച്ചിയുടെ കാഴ്ചശക്തി കണ്ടോ നിങ്ങളെ എന്തിന് കൊള്ളാം" എന്ന് ഞാൻ   കണ്ണടയ്ക്കുള്ളിൽ ചുമ്മാതിരുന്ന എന്റെ കണ്ണുകളോട് ചോദിച്ചു. ഇനി ആണി വേണം. അത് നോക്കാൻ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ ആൺകുട്ടിയും വന്നു. കമ്മൽ നോക്കി അത് പോലെ  തന്നെയാണോ ആണിയും അത് നീണ്ടിട്ടല്ലേ എന്ന് കുട്ടി ചോദിച്ചു  ചുറ്റിനും പരതി .കുട്ടികൾക്ക് പെട്ടെന്ന് കാണാൻ പറ്റുമല്ലോ. പക്ഷെ ആണി അവിടെങ്ങുമില്ല.

ആ ചേച്ചി "ഇപ്പൊ എന്താ സ്വർണ്ണത്തിന്റെ വില  കഷ്ടായി "എന്ന് പറഞ്ഞു ചൂലുമായി വന്നു വളരെ ആത്മാർത്ഥതയോടെ മുറ്റം ചേർത്ത ടിച്ചു. കുറച്ചു പൊടി അല്ലാതെ ഒന്നും കിട്ടിയില്ല. അരികിലും മൂലയിലും മുറ്റത്തിന്റെ ചെരിവിലും ഒന്നും ആണിയെ കാണ്മാനില്ല.  കിട്ടുകയാണെങ്കിൽ  വിവരം അറിയിക്കാൻ നമ്പറും പേരും എഴുതി കൊടുത്തിട്ടു പോരുകയേ നിർവാഹമുള്ളൂ എന്ന് മനസ്സിലാക്കി ഞാൻ അങ്ങനെ ചെയ്തു. അപ്പോൾ ആ ചേച്ചി  എന്റെ ചുരിദാർ സിറ്റ് ഔട്ടിൽ വെച്ചു തന്നെ ഒന്ന് കുടഞ്ഞു. "അകത്തോട്ടു പോയേൽ ഇറങ്ങി വരും" എന്ന് പറഞ്ഞെങ്കിലും ആണി വീണ്ടും ഒളിവിൽ തന്നെ.

നിരാശയോടെ  അവിടെ നിന്നും ഇറങ്ങുമ്പോൾ ഞങ്ങൾ അത്ര നേരവും  സൂക്ഷ്മമായി പരതിയ, അതേ കോണിൽ, അടിച്ചു വാരിയ മുറ്റത്തു തന്നെ   "ഞാൻ ഇവിടുണ്ടേ" എന്ന് സ്വർണ്ണനിറത്തിൽ ആണി തിളങ്ങുന്നു.  അപ്പോൾ സിറ്റ് ഔട്ടിന്റെ അറ്റത്തു നിന്ന ഞാൻ ഇറങ്ങും മുൻപു വീണതെങ്കിൽ അത് താഴെ വീഴുന്നത് കാണേണ്ടതായിരുന്നല്ലോ. അത്ര നേരവും ഞങ്ങൾ പരതിയിട്ട് കാണാൻ പറ്റാത്ത വിധം ആ സാധനം എവിടെ മറഞ്ഞിരുന്നു എന്നത് ഒരു വിസ്മയമായി ഇപ്പോഴും അവശേഷി ക്കുന്നു.  ആ ഭാഗത്താണ് ഏറ്റവും ഏറെ നോക്കിയതും അടിച്ചു വാരിയതും  അപ്പോഴും ശ്രദ്ധിച്ചതും.

കിട്ടിയതുമായി പോന്നപ്പോൾ സാരമില്ല ഇത് പോലെ തന്നെ മാഞ്ഞും പിന്നെ തെളിഞ്ഞും   മോഹിച്ചും വെറുതെ മോഹിപ്പിച്ചും മുന്നേറുന്ന ഒന്നാണല്ലോ ജീവിതം എന്ന് സമാധാനിച്ചു. ഒപ്പം തീവില കൊടുത്തു വാങ്ങേണ്ടി വരുമായിരുന്ന ആണിയുടെ കാശു കൈയിൽ നിന്നു ചോർന്നു പോയില്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്തു. ആർക്കും വാരിയെടുക്കാൻ ആകാത്ത വിധം  കാൽക്കീഴിലെ മണ്ണ് അറിയാതെ ചോർന്നൊലിച്ചു പോകുന്നവൾക്ക് ഒരു കമ്മലിന്റെ ആണിയുടെ നഷ്ടം ഒന്നുമല്ലെങ്കിലും  അതും ഒരു നഷ്ടം തന്നെ അല്ലെ?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക