Image

കുട്ടന്റെ കല്യാണം (അവസാന ഭാഗം-2: രാജേഷ് നായര്‍, മിഷിഗണ്‍)

Published on 29 June, 2024
കുട്ടന്റെ കല്യാണം (അവസാന ഭാഗം-2: രാജേഷ് നായര്‍, മിഷിഗണ്‍)

രണ്ടു ദിവസം കഴിഞ്ഞ് അളിയൻറെ വിളി, എന്റെ ഒരു കൂട്ടുകാരൻറെ ബന്ധത്തിൽ ഒരു പെൺകുട്ടിയുണ്ട് നഴ്സിംഗ് പഠിച്ചതാണ് എറണാകുളത്ത് ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ (മാധ്യമ ഭാഷ)ജോലി ചെയ്യുന്നു. നാളെ പെൺകുട്ടി വീട്ടിൽ കാണും. പിറ്റേന്ന് തന്നെ പോകാം, കൂട്ടുകാരന്റെ ഓട്ടോയിൽ അളിയനേയും കൂട്ടി കുട്ടൻ പുറപ്പെട്ടു...
അച്ഛൻറെ വീട്ടിൽ ചെന്ന് കസിനെ ഏർപ്പാടാക്കി.. അവിടെത്തുന്ന സമയം നോക്കി ഫോണിലേക്കൊന്ന് വിളിക്കാൻ 2002 കാലമാണ്. മൊബൈൽ ഫോണിലേക്ക് ഒരു കോൾ വരുന്നത് തന്നെ ഒരു അന്തസായി കാണുന്ന കാലം. പോകുന്ന വഴിഅളിയനോട് ഒരു ഡി മാൻറു കൂടി വച്ചു. പെൺകുട്ടിയോട് ഒറ്റയ്ക്ക് സംസാരിക്കണം
അങ്ങനെ പെൺകുട്ടിയുടെ വീട് എത്തി.

ദിവസേന ക്ഷേത്ര ദർശനം പതിവുള്ള കുട്ടന്റെ ചന്ദനക്കുറിയൊക്കെ കണ്ടതും ദൈവവിശ്വാസികളായ മുത്തിന്റെ കുടുംബാംഗങ്ങൾക്ക് ചെക്കനെ"ക്ഷ പിടിച്ചു. ചെക്കൻ കൊള്ളാമല്ലോ.. സുന്ദരനും. പോരാത്തതിന് ചെക്കന്റെ കുടുംബ പേരുകേട്ടപ്പോൾ അതേ നാട്ടുകാരിയായ അമ്മയ്ക്ക് അവരെ കുറിച്ച് പറയാൻ നൂറു നാവ്.
ആകെ അന്തം വിട്ട് നിൽക്കുകയാണ് മുത്ത്.. ചെക്കനോട് ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ ഇവർ കല്യാണം ഉറപ്പിക്കുമോ... കുട്ടന്റെ ഇരട്ടി നിലപാടുകൾ ഉള്ള ആളാണ് മുത്ത്, കാത്തിരുന്ന് കാണാം അവൾ ഓർത്തു. അച്ഛൻറെ വിളി വന്നു, മോളെ ചായ കൊണ്ടുവരൂ.
പരമ്പരാഗത രീതി തന്നെ, ചായയും ആയി പെൺകുട്ടി എത്തി. ചായ കൊടുത്ത ഉടനെ അളിയൻ പറഞ്ഞു, "ഇവനു കുട്ടിയോട് ഒന്ന് സംസാരിക്കണം".
കൊള്ളാമല്ലോ അഞ്ചാറു പെണ്ണുകാണൽ കഴിഞ്ഞെങ്കിലും ഒരാൾ പോലും സംസാരിക്കണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല .. ഇനി സ്ത്രീധനം എത്ര കിട്ടും എന്ന് അറിയാൻ, ആണോ ആവോ. എന്തായാലും നോക്കാം... മുത്തിന്റെ
"ജോലിയൊക്കെ എങ്ങനെ പോകുന്നു?" "സുഖം" "നഴ്സിംഗ് സ്വന്തം ഇഷ്ടപ്രകാരം തന്നെ എടുത്ത പ്രൊഫഷൻ ആണോ"? "അല്ലാതെ നാട്ടുകാരുടെ ഇഷ്ട‌ത്തിലാണോ!! " മനസ്സിൽ തോന്നിയതവൾപറഞ്ഞില്ല.
അടുത്ത ചോദ്യം അവളെ ഞെട്ടിച്ചു "എത്ര ശതമാനം മാർക്ക് ഉണ്ടായിരുന്നു " .ഇതെന്താ ജോലിക്കുള്ള അഭിമുഖമാണോ അതോ പെണ്ണുകാണലോ.." മനസ്സിലുയർന്ന ഉത്തരം അതായിരുന്നെങ്കിലും ഒന്നാലോചിച്ച് കൃത്യമായ ശതമാനം പറഞ്ഞു.അത് കേട്ടപ്പോൾ കുട്ടൻ ഒന്ന് ചിരിച്ചു .. "ക്ലാസ് ടോപ്പും ഗോൾഡ് മെഡലിസ്റ്റും ഒക്കെ ആയിട്ട് എന്തുകൊണ്ട് ഹയർ സ്റ്റഡിക്ക് പോയില്ല?" "അതിപ്പോ പഠനശേഷം ജോലിക്ക് കയറിയല്ലേയുള്ളൂ .. അതു കൊണ്ടാ.. ഇനീം പഠിക്കണമെന്നുണ്ട്. പ്രൈവറ്റ് ആയി ബി എ പാസായിട്ടുണ്ട് ഇപ്പോൾ എം എ പഠിക്കുന്നുമുണ്ട്."
മേശയിൽ ഇരുന്ന വീണയിലേക്കായി കുട്ടൻറെ നോട്ടം, "ഞാൻ വീണ വായിക്കും ആറു വർഷമായി പഠിക്കുന്നു." കുട്ടൻ ഫ്ലാറ്റ്... മനസ്സുകൊണ്ട് കുട്ടൻ കല്യാണം ഉറപ്പിച്ചു. എന്നോട് ഒന്നും ചോദിക്കാനില്ലേ എന്ന കുട്ടന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി.
പെണ്ണുകാണൽ കഴിഞ്ഞു പുറത്തിറങ്ങിയകുട്ടനോട് അളിയന്റെയും കൂട്ടുകാരന്റെയും ചോദ്യം എന്താണ് നിൻ്റെ അഭിപ്രായം. ഇതു മതിയെന്ന് കുട്ടനും ..നാളെ മറ്റൊരുപെണ്ണ് കാണൽ കൂടി ഉറപ്പിച്ചിരുന്നതാ... അതിനി തല്ക്കാലം വേണ്ട' ഇവരുടെ വിവരം അറിഞ്ഞ ശേഷം മതി.
സ്ത്രീധന വിരോധി ആണ് താനെന്നുള്ള വിവരമൊക്കെ അളിയൻ മുഖാന്തിരം കുട്ടൻ പെൺ വീട്ടുകാരെ അറിയിച്ചിരുന്നു.. കല്യാണം നടന്നാലും ഇല്ലെങ്കിലും
തൻറെ നിലപാട് അവർ അറിയണം എന്നുള്ളത് കുട്ടന് നിർബന്ധമായിരുന്നു.. പെൺകുട്ടിക്ക് മുടി അല്പം കുറവാണോ..? കുട്ടന്റെ സംശയം !! നിനക്ക് മാസ ബജറ്റിൽ എണ്ണയുടെ ചിലവ് വളരെയധികം കുറയും അളിയന്റെ മറുപടിയിൽ കൂട്ടച്ചിരി..
അങ്ങനെ രണ്ടു ദിവസത്തിന് ശേഷം പെൺവീട്ടുകാരുടെ ഇഷ്‌ടമായെന്ന മറുപടി.
തിരക്കേറിയ ദിനങ്ങൾ.. വിവാഹ ക്ഷണം, താലിവാങ്ങൽ, വിവാഹ വസ്ത്രം എടുക്കൽ...
കൂടാതെ കുട്ടനും മുത്തും ഇടയ്ക്കിടെ വിളിച്ചു.. കണ്ടുമുട്ടി
അങ്ങനെ ആ അവധിക്കാലത്തെ ഒരു ശുഭമുഹൂർത്തത്തിൽ വായ്കുരവയുടെയും തകിൽ, നാദസ്വര മേളത്തിന്റയും അകമ്പടിയോടെ കുട്ടനും മുത്തും വിവാഹിതരായി.

അവസാനിച്ചു

READ: https://emalayalee.com/vartha/317978

 

Join WhatsApp News
Hemachandran 2024-07-01 16:53:21
Good writing ;
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക