Image

ആരവങ്ങൾ ( കവിത : രാധാമണി രാജ് )

Published on 30 June, 2024
ആരവങ്ങൾ ( കവിത : രാധാമണി രാജ് )

പോരാടി തോറ്റവന്
ഇനിയുള്ളവഴി പിന്നെയും
പടവെട്ടുകയെന്നതാവാം
അതേ രണ്ടുതുള്ളി
കണ്ണീരിനോടവന്‍
പടവെട്ടി മുന്നേറുമ്പോള്‍
ലോകം 
അവന്‍റെ ഉള്ളം കയ്യില്‍
മെല്ലെയൊന്ന് തേങ്ങിയോ

ഉറച്ച കാലടികളവനളന്ന്
പടിയിറങ്ങുമ്പോള്‍
കാലുകളിലേക്കവന്‍
തുന്നിക്കുറിക്കുന്നത്
യുഗങ്ങള്‍ തിട്ടൂരമിട്ട
അവഗണിക്കപ്പെട്ട
ആരൊക്കെയോ
അലറിക്കരഞ്ഞതിന്‍റെയും
പൊട്ടിത്തറിച്ചതിന്‍റെയും
വേഗതകളായിരുന്നു

നന്മതിന്മകളുടെ
പടയണിപ്പാട്ടുകള്‍
ഉള്ളുവേവുകളുടെ തീരത്തിരുന്ന്
വിരിയാതിരുന്ന
ഇതളുകളടര്‍ത്തി
മുങ്ങാത്തോണി
പണിതിറക്കാനുള്ള
പാടുകേടുകളുടെ
ഈണം മെല്ലെ മെല്ലെ
മൂളിക്കൊണ്ടിരുന്നു
പുഴയിറമ്പുകളില്‍
തെളിയുന്ന നിഴലുകളുടെ
ആരവങ്ങള്‍ദൂരെദൂരെയുള്ള
ഒച്ചയനക്കങ്ങളകന്നൊരു
മുക്കിലോ മൂലയിലോ
പാത്തു  പതുങ്ങി
ഇരിക്കുന്നുണ്ടാവും

അപ്പോഴും
കല്ലില്‍ വരച്ച ചിലപടങ്ങള്‍
എത്ര നിസ്സാരമായാണ്
കാലങ്ങളെ
യുഗങ്ങളുടെ
സെക്കന്‍റുകളില്‍
നിലക്കാത്തവേഗതകളിലേക്ക്
ചേര്‍ത്തു വലിച്ചുകെട്ടുന്നത്...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക