Image

മിഷേലിന് വേണ്ടി കോറസ് (ഏബ്രഹാം തോമസ്)

Published on 04 July, 2024
മിഷേലിന് വേണ്ടി കോറസ് (ഏബ്രഹാം തോമസ്)

ആദ്യ പ്രസിഡെൻഷ്യൽ സംവാദത്തിനു ശേഷം പ്രസിഡന്റ് ജോ ബൈഡനെ അനുകൂലിച്ചും പ്രതികൂലിച്ചും തങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണ് എന്ന് കരുതുന്ന മിക്കവാറും എല്ലാവരും പത്രത്താളുകളും ടെലിവിഷൻ ചാനലുകളും കയ്യടക്കിയിരിക്കുകയാണ്. ഇതുവരെ നിശ്ശബ്ദത പാലിച്ചിരുന്ന വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറും ഇപ്പോൾ ഒരു നീണ്ട വിശദീകരണവുമായി രംഗത്തെത്തി.


 ഡിബേറ്റില് പ്രസിഡന്റ് ശോഭിക്കാതെ പോകാൻ കാരണങ്ങൾ യാത്രാക്ഷീണവും അദ്ദേഹത്തെ അലട്ടികൊണ്ടിരുന്ന ജലദോഷവും ആയിരുന്നു എന്ന് പിയർ പറഞ്ഞു. അസുഖകരങ്ങളായ ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നവർ, അധികാരത്തിൽ ഇരിക്കുന്നവരോ അവർക്കു വേണ്ടി സംസാരിക്കുന്നവരോ, അസഹിഷ്ണുത പ്രകടിപ്പിക്കാറുണ്ട്. പ്രസ് സെക്രട്ടറിയുടെ സമീപനത്തിലും ഇത് പ്രകടമായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുന്നുവോ, ബൈഡൻ ഇപ്പോഴും ഉച്ചക്ക് ശേഷം ഉറങ്ങാറുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ മറുപടി അർഹിക്കുന്നവയല്ല എന്ന് പ്രസ് സെക്രട്ടറിയുടെ സമീപനം വ്യകതമാക്കി.


'എന്നെ ആരും തള്ളി പുറത്താക്കുന്നില്ല. ഞാനാണ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി,' ഒരു കോൺഫറൻസ് കോളിൽ ബൈഡൻ പറഞ്ഞു. ഒരു യോഗം കഴിഞ്ഞു പത്രക്കാരുടെ ചോദ്യങ്ങൾക്കു മറുപടി പറയാതെ മുന്നോട്ടു പോയ പ്രെസിഡന്റാണ്‌ പിന്നീട് ഇങ്ങനെ ഒരു കോൺഫറൻസ് കാൾ നടത്തിയത്. ബൈഡനു പകരം ആര് എന്ന ചർച്ച ഗൗരവപൂർവം പാർട്ടിയിലും രാഷ്ട്രീയ, മാധ്യമ കേന്ദ്രങ്ങളിലും നടന്നു കൊണ്ടിരിക്കുമ്പോഴാണ് ബൈഡന്റെ ഈ ഉറപ്പു പുറത്തു വന്നത്. ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും തിരക്കിട്ട ചർച്ചകൾ നടത്തുന്നതായി റിപ്പോര്ട്ടുകൾ പറയുന്നു. ട്രംപിന് ഹാരിസിനെ പരാജയപെടുത്തുവാൻ കഴിയും എന്ന് പാർട്ടിക്കാർ മുന്നറിയിപ്പ് നൽകുന്നു.


മുൻ പ്രഥമ വനിത മിഷേൽ ഒബാമക്കായി വലിയ ലോബിയിങ് നടക്കുന്നുണ്ട്. തനിക്കു പ്രസിഡന്റ് പദവിയിൽ താല്പര്യം ഇല്ല എന്ന് മിഷേൽ പറഞ്ഞിരുന്നു. എന്നാൽ സമ്മർദ്ദം ഏറിയാൽ അവർ സമ്മതിക്കാനാണ് സാധ്യത. പക്ഷെ ഹാരിസിനെ മാറ്റി നിർത്തി മിഷേലിനെ സ്വീകരിച്ചാൽ അത് പാർട്ടിയിലെ ഒരു വിഭാഗത്തിന് സ്വീകാര്യമായിരിക്കില്ല. ഒബാമ ഉയർന്നു വന്നു പാർട്ടി നോമിനേഷൻ നേടാൻ അന്നത്തെ പ്രസിഡന്റിന്റെ സ്റ്റേറ്റ് ഓഫ്സ് ദി നേഷൻ പ്രഭാഷണത്തിന് ഒബാമയുടെ മറുപടിക്കു നൽകിയ വലിയ പ്രചാരണവും തുടർന്ന് ഒരു ജന വിഭാഗത്തിന്റെ പിന്തുണ ബോധപൂർവം കെട്ടിപൊക്കുകയും ചെയ്തതും ഒബാമയെ പെട്ടെന്ന് ദേശീയതലത്തിൽ ഉയർത്തി. പരസ്യമായി ഒരു ജന വിഭാഗത്തിന് ഒപ്പം പോകാൻ മാധ്യമങ്ങളും മറ്റു നേതാക്കളും തയ്യാറായിരുന്നു. ഒബാമയുടെ വാഗ്ധോരണി ജനപ്രീതി വർധിപ്പിച്ചു. കുറഞ്ഞ വർഷങ്ങളിൽ അമേരിക്ക ഒട്ടാകെ ഒബാമ തരംഗമായി. മിഷേലിന് ഇതിനു കഴിയുമോ എന്ന് പറയാനാകില്ല. ഇത് വരെയുള്ള അവരുടെ പ്രവർത്തനങ്ങൾ അവർ പ്രതിനിധാനം ചെയ്യുന്ന  സമൂഹത്തിൽ, അതും ഇല്ലിനോയിൽ മാത്രം ഒതുങ്ങി നില്ക്കു്ന്ന അവസ്ഥയിലാണ്. ദേശീയ തലത്തിൽ ഇത് പ്രചരിപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. എങ്കിലും ഒരു പകരക്കാരി, അതും നിർണായ ഘട്ടത്തിൽ കണ്ടെത്തിയ ഒരു  ന്യൂനപക്ഷക്കാരി, എന്നീ  നിലകളിൽ മിഷേലിന് ഗണ്യമായ പിന്തുണയും അംഗീകാരവും ലഭിച്ചു എന്ന് വരാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക