Image

സുൽത്താനില്ലാത്ത മുപ്പത് വർഷങ്ങൾ...(ലേഖനം: നൈന മണ്ണഞ്ചേരി)

Published on 05 July, 2024
സുൽത്താനില്ലാത്ത മുപ്പത് വർഷങ്ങൾ...(ലേഖനം:  നൈന മണ്ണഞ്ചേരി)

മലയാളത്തിന്റെ  പ്രിയ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് മുപ്പത് വർഷം തികയുന്നു. മലയാള സാഹിത്യ തറവാട്ടിൽ പകരം വെക്കാനില്ലാത്ത സാഹിത്യ പ്രതിഭയായിരുന്നല്ലോ ബഷീർ..ആർക്കും അനുകരിക്കാൻ കഴിയാത്ത അനന്യ ശൈലി കൊണ്ട് മലയാളി മനസ്സിൽ ഇടം പിടിച്ച പ്രിയ എഴുത്തുകാരൻ,  ബേപ്പൂർ സുൽത്താൻ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരത്തണലിൽ ‘’സോജാരാജകുമാരി’’യും കേട്ട് കിടന്നിരുന്ന ചാരുകസേര കാത്തിരിക്കുന്നു, ഇനിയും ഒരു പകരക്കാരനെ തേടി..

കേവലം ഹാസ്യത്തിന് വേണ്ടി ഹാസ്യമെഴുതുകയായിരുന്നില്ല ബഷീർ, ജീവൻ തുടിക്കുന്ന നാടൻ കഥാപാത്രങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സ്വാഭാവികമായ നർമ്മമായിരുന്നു ബഷീർ കൃതികളിൽ കാണാൻ കഴിയുക, ആ കഥാപാത്രങ്ങൾ പലരു ജീവിച്ചിരിക്കുന്നവരുമായിരുന്നു. അത് അദ്ദേഹത്തിന്റെ ബന്ധുക്കളാവാം, അയൽവാസികളാവാം, സുഹൃത്തുക്കളാവാം..ബഷീർ മരിച്ച് എത്ര കഴിഞ്ഞാണ് ബഷീറിന്റെ കഥാപാത്രങ്ങളായ സഹോദരി പാത്തുമയും ആടും അനുജൻ അബ്ദുൽ ഖാദറുമൊക്കെ ഈ ലോകത്തു നിന്ന് കടന്നു പോയത്..

നർമ്മത്തിലൂടെ ജീവിതം പറഞ്ഞ കൃതികളായിരുന്നു അദ്ദേഹത്തിന്റെത്. ‘’ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നി’’ലെ കുഞ്ഞു പാത്തുമ്മയെയും ഉമ്മയെയും മറക്കാൻ കഴിയുകയില്ലല്ലോ?. പണ്ടത്തെ പ്രതാപവും പറഞ്ഞ് നടന്ന് അവസാനം ഉപ്പുപ്പാടെ ആന കുയ്യാനയായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ അത് സമൂഹത്തിൽ ഇല്ലാത്ത പൊങ്ങച്ചം നടിച്ചു നടക്കുന്ന എല്ലാവർക്കുമുള്ള താക്കീതുമായിരുന്നു. നർമ്മത്തിലൂടെ സാമൂഹ്യ വിമർശനങ്ങളായിരുനു പലപ്പോഴും ബഷീർ തൊടുത്തു വിട്ടത്..

നർമ്മം മാത്രമല്ല മനസ്സിനെ പിടിച്ചുലക്കുന്ന കഥകളും ബഷീർ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇന്നും നമ്മുടെ മനസ്സിൽ തീരാ വേദനയായി നിൽക്കുന്ന ‘’ബാല്യകാലസഖി’’യിലെ മജീദും സുഹറയും.. അതിന്റെ ആമുഖത്തിൽ പ്രശസ്ത നിരൂപകനായിരുന്ന എം.പി.പോൾ പറഞ്ഞതു പോലെ ‘’ഇത് ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്, അതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു..’’ അനുവാചക മനസ്സിൽ ഇപ്പോഴും നൊമ്പരം പകരുന്ന ഒരു ജീവിത ഏടു തന്നെയായിരുന്നു ബാല്യകാലസഖി.

ദുർഗ്രഹതയില്ലാതെ ഏതൊരു സാധാരണക്കാരനും പ്രാപ്യമായ ഭാഷയായിരുന്നു ബഷീറിന്റെ ഭാഷ, അതു കൊണ്ട് തന്നെയാണ് ഇപ്പോഴും ബെസ്റ്റ് സെല്ലറായി ആ കൃതികൾ നിലനിൽക്കുന്നതും. നീട്ടിവലിച്ചെഴുതിയില്ലെങ്കിലും ആ കഥകൾ മലയാളിയുടെ ഹൃദയത്തിൽ ചേക്കേറി, ജീവിതാനുഭവങ്ങൾ തേടി അദ്ദേഹത്തിന് മറ്റെങ്ങും പോകേണ്ടി വന്നില്ല, എഴുതാവുന്നതിനുമപ്പുറം അനുഭവങ്ങൾ സ്വന്തം ജീവിതത്തിൽ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.. അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത സ്വന്തം ജീവിതം പകർത്തി വെക്കുകയാണ് ബഷീർ ചെയ്തത്.

നർമ്മംകൊണ്ട് വചിരിപ്പിച്ച അതേ തൂലിക കൊണ്ട് തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ വായനക്കാരുടെ മനസ്സിൽ സങ്കടപ്പുഴ തീർക്കാനും ബഷീറിന് കഴിഞ്ഞു.സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്നവരായിരുന്നു ബഷീറിന്റെ കഥാപാത്രങ്ങൾ.ജയിൽപുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ബഷീറിന്റെ കഥാപാത്രങ്ങളായി. അവരുടെ ജീവിതം അവരുടെ ഭാഷയിൽ മറയേതുമില്ലാതെ അദ്ദേഹം ആവിഷ്ക്കരിച്ചു,

അതുവരെ സാഹിത്യത്തിന് അന്യമായിരുന്ന താഴെക്കിടക്കാരുടെ ചിന്തകൾക്കും വിചാര വികാരങ്ങൾക്കും ബഷീർ തന്റെ കൃതികളിൽ ഇടം നൽകി. അത് വായനാക്കരന്റെ ഹൃദയതതിലേക്ക് ഒരു ചാട്ടുളി പോലെ തറച്ചു കയറി. പലപ്പോഴും സമൂഹത്തിലെ, സമുദായത്തിലെ അനാചാരങ്ങളെ ഹാസ്യത്തിലൂന്നിയ വിമർശനങ്ങളിലൂടെ ബഷീർ ആവിഷ്ക്കരിച്ചു..

ബഷീറിന്റെ വേർപാടിനു ശേഷമാണ് ഒരിക്കൽ അദ്ദേഹത്തിന്റെ പ്രിയപ്പെട വയലാലിൽ വീട്ടിൽ പോകാൻ കഴിഞ്ഞത്. അന്ന് അദേഹത്തിന്റെ പ്രിയ പത്നി ഫാബി ബാഷീർ ഉണ്ടായിരുന്ന സമയമാണ്. ബഷീറിന്റെ ഓർമ്മകൾ നിറഞ്ഞ മണ്ണിൽ കുറച്ചു നേരം ചിലവഴിക്കാൻ കഴിഞ്ഞതും . മക്കളായ അനീസിനെയും ഷാഹിനയെയുമൊക്കെ കാണാൻ കഴിഞ്ഞതും ഇന്നും ധന്യമായ ഒരോർമ്മയായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു, അതേ പോലെ ഓരോ മലയാളിയുടെ മനസ്സിലും അനശ്വരമായ  ആ ഓർമ്മകൾ നിറഞ്ഞു നിൽക്കുമെന്നതിൽ സംശയമില്ല..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക