Image

സർപ്രൈസ് വിസിറ്റ് ( കഥ: രമണി അമ്മാൾ )

Published on 05 July, 2024
സർപ്രൈസ് വിസിറ്റ് ( കഥ: രമണി അമ്മാൾ )

കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചപ്പോഴൊന്നും
നാട്ടിലേക്കു വരുന്നതിനേക്കുറിച്ച് ഒരു സൂചനപോലും ജസ്ന  തന്നിരുന്നില്ല...
"ഒപ്പം വർക്കു ചെയ്യുന്ന ഒരു കൂട്ടുകാരി വരുന്നുണ്ടെന്നും.....അവളെ എയർപ്പോട്ടിൽനിന്നും കൂട്ടിക്കൊണ്ടുപോകാൻ 
ആരും വരാനില്ല,
ജിൻസിനോട് കാറെടുത്തുപോയി അവളെ വിളിച്ചുകൊണ്ടാക്കാൻ പറഞ്ഞ്...ആ കുട്ടിയുടെ ഫോട്ടോയും അവൾ വാട്സാപ്പിൽ
അയച്ചിരുന്നു.
"നിനക്കുംകൂടി ഒന്നു വന്നു പൊയ്ക്കൂടേ മോളേ..
രണ്ടര വർഷമായി
പോയിട്ട്...."
“ഈ ഡിസംബറിൽ ഞാൻ വന്നോളാം..അമ്മേ..” എന്നവളു പറഞ്ഞതുമാണ്..
സിവിൽ എഞ്ചിനീയറിംഗു കഴിഞ്ഞു, മൂന്നു കൂട്ടുകാരികളുംകൂടി പോയതാ, യു.കെ.യിൽ മാസ്റ്റർ ഡിഗ്രിയെടുക്കാൻ..
ഡിഗ്രിയെടുത്തു..
പക്ഷേ.. പഠിച്ചതൊന്നുമല്ല പാടാൻ കിട്ടിയത് എന്ന പോലെയായി..
പഠിച്ച ട്രെയ്ഡിൽ ഒരു ജോലി കിട്ടാൻ അവിടെ വലിയ പാടാണുപോലും..
ആമസോണിൽ തരക്കേടില്ലാത്ത ഒരുജോലി തരമായത് മാസങ്ങൾക്കു മുന്നെയാണ്..
ജസ്നയ്ക്ക്ഇരുപത്തിമൂന്നു വയസ്സു കഴിഞ്ഞിരിക്കുന്നു..
അവളുടെ ഈ പ്രായത്തിൽ തന്റെ കല്യാണവും കഴിഞ്ഞു. രണ്ടു കുട്ടികളുമായി...
ഡിഗ്രി കഴിഞ്ഞു തുടർന്നും പഠിക്കണമെന്നും, 
ഒരു ജോലി സമ്പാദിക്കണമെന്നുമൊക്കെ ആഗ്രഹിച്ചു....ഒന്നും നടന്നില്ല....
ഇപ്പൊഴൊന്നും അവൾക്ക് കല്യാണം ആലോചിക്കേണ്ടെന്ന്..!
ഇനി ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ.എന്തോ..?
ജിൻസ്   എയ്റോഡ്രോമിലേക്ക് കാറുമായി പോയിട്ടുണ്ട്..
ആ കുട്ടിയെ വീട്ടിൽകൊണ്ടുവിട്ടിട്ട് അവിടുന്നൂ
ഫുഡ്ഡും കഴിച്ചിട്ടാവും അവന്റെ വരവ്..
പുറത്ത്  മഴയുടെ ലാഞ്ചന.. രാത്രി മുഴുവൻ നിന്നു പെയ്താണ്.. എന്നിട്ടും..
ജസ്നയെ ഒന്നു വിളിച്ചു നോക്കി.. ഫോൺ സ്വിച്ചോഫ്..
ഇന്നു വർക്കിംങ്ഡേ ആണെന്ന കാര്യം മറന്നു...
ഒന്നുംചെയ്യാനില്ലാത്ത മുരടിപ്പ്.. സമയം ഒച്ചിഴയുന്നതുപോലെയാണ് തനിക്ക്..
കിടന്നുകൊണ്ടു 
പത്രം വായിച്ചാൽ ഉറങ്ങിപ്പോകും..
ഉണർന്നിരുന്നിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ..
പുറത്ത് ജന്നലഴികളിലുടെ കാണാൻ കഴിയുന്ന കണ്ണെത്താദൂരം പാടത്ത്, കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയിരിക്കുന്നു..റോഡിലും വെള്ളം കയറി, രണ്ടു ദിവസം  വാഹനങ്ങളൊന്നും
അതുവഴി ഓടുന്നില്ലായിരുന്നു..
പെയ്ത്തുവെള്ളം വറ്റി,
ചേറു കുമിഞ്ഞുകൂടുന്ന പാടത്ത് വരാനിരിക്കുന്നത്
ആമ്പൽ വസന്തമായിരിക്കും..
ജിൻസ് എത്തിയെന്നു തോന്നുന്നു...
പോർച്ചിൽ കാർ
വന്നുനിന്ന ശബ്ദം..
"ആ കൊച്ചിനെ വഴിയിൽ ഇറക്കിവിട്ടേച്ചു പോന്നോടാ... നീ പെട്ടെന്നിങ്ങെത്തിയല്ലോ..." 
"ആദ്യം കഴിക്കാനെടുക്ക്..
പിന്നെ കാര്യം പറയാം..
വിശക്കുന്നു..."
"നീ കഴിച്ചിട്ടേ വരൂന്നു വിചാരിച്ച് ഇവിടെ ഞാനൊന്നും ഉണ്ടാക്കിയില്ല... 
വലിയ വിശപ്പാണെങ്കിൽ പുറത്തുനിന്ന് വല്ലതും ഓർഡറുചെയ്യ്..
നിന്റെ മുഖത്തെന്താ ജിൻസേ ഒരു കള്ള ലക്ഷണം..?"
പുറത്ത് കാറിന്റെ ഡോർ തുറന്നടയുന്ന ശബ്ദം..
"അതാരാ..?"

കാറിന്റെ പിൻസീറ്റിൽ നിന്ന് ജസ്ന ഇറങ്ങുന്നു..
"വരുന്നുണ്ടെന്നൊരു വാക്കുപോലും പറയാതെ....

ഇത്രയും വലിയൊരു സർപ്രൈസ് വേണമായിരുന്നോ...ജസ്ന..?
അതുകൊണ്ടെന്താ…നിനക്കു തന്നെ നഷ്ടം.
ഞാൻ വല്ലതുമൊക്കെ ഉണ്ടാക്കിവയ്ക്കില്ലായിരുന്നൊ...
കഴിച്ചൂടാരുന്നോ...?"
"ഇവളൊറ്റയ്ക്കാരുന്നമ്മേ...
നമ്മളെ പറ്റിച്ചതാ..."

ജസ്ന ഇവിടുന്നു പോയതിലും മെലിഞ്ഞിട്ടുണ്ട്..
 

അവൾക്ക് നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുത്തു ആദ്യ ദിനങ്ങളിൽ .
കൂട്ടത്തിൽ കൂടി കറങ്ങി നടന്നു. റീൽസിൽ കണ്ട റസ്റ്ററന്റുകൾ അന്വേഷിച്ച് കണ്ടുപിടിച്ചു.

പിന്നൊരു ദിവസം പതുക്കെ വിഷയമെടുത്തിട്ടു.
"മോളെ..നിനക്ക് എത്രദിവസത്തെ  അവധിയുണ്ട്...
നല്ലയൊരാലോചന വന്നിട്ടുണ്ട്..പയ്യനും യു.കെ.യിലാ..
നിങ്ങളുതമ്മിൽ നേരത്തെ കണ്ടിട്ടുണ്ടെന്ന്..
തല്ക്കാലം വാക്കുപറഞ്ഞു വച്ചാൽ മതി മോളേ.."

"ഞാനുടനെയൊന്നും കെട്ടാനുദ്ദേശിക്കുന്നില്ല.. 
സമാധാനത്തോടെ ഈ ലൈഫ് കുറച്ചുകാലം കൂടി  ഒന്നാസ്വദിച്ചോട്ടെ അമ്മാ..
ഇരുപത്തിയെട്ടു ദിവസത്തെ ലീവുണ്ട്.. ഏതുനേരവും
കല്യാണക്കാര്യം പറഞ്ഞുകൊണ്ടു വന്നാൽ ലീവുതീരാനൊന്നും ഞാൻ നിക്കൂലാ..."
വിട്ടു പൊയ്ക്കളയും..

പിന്നെയൊന്നും പറഞ്ഞില്ല..
അവൾ റിട്ടേൺ ടിക്കറ്റ് എടുത്തു വച്ചിരുന്ന ദിവസം തിരികെ പോവുകയും ചെയ്തു.
 

Join WhatsApp News
ശ്രീലതാദേവി. R 2024-07-06 00:49:11
Excellent.. വളരെ ഇഷ്ടായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക