Image

നമ്മുടെ ഇന്നത്തെ വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും : പ്രകാശൻ കരിവെള്ളൂർ

Published on 07 July, 2024
നമ്മുടെ ഇന്നത്തെ വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും  : പ്രകാശൻ കരിവെള്ളൂർ

സ്വന്തം തൊഴിൽ യാന്ത്രികമായി ചെയ്ത് ( യാന്ത്രികതയ്ക്ക് ഏറ്റക്കുറച്ചിലുണ്ടാവാം ) ഫോണിൽ മുഴുകി , ടീവിയും കണ്ട് സ്വകാര്യ സന്തോഷങ്ങളിൽ അഭിരമിക്കുന്നവരാണ് നമ്മളിൽ മഹാഭൂരിപക്ഷവും . ഷോപ്പിങ്ങ് , കുക്കിങ്ങ് , ഡ്രൈവിങ്ങ് , ടൂറിങ്ങ് എന്നിങ്ങനെ പല പല ആഭിമുഖ്യങ്ങൾ ഉള്ളവർ . സിനിമയും ക്രിക്കറ്റും ഫുട്ബോളുമൊക്കെ ഹരമാകുന്നവരും സ്വാഭാവികമാണ് . മദ്യവും പുരുഷമാത്ര ലഹരിയിൽ നിന്ന് അൽപ്പാൽപ്പമായി സ്ത്രീകളിലേക്കും വ്യാപിക്കാൻ തുടങ്ങി . എന്നാൽ നമ്മുടെ കൂട്ടത്തിൽ എത്രപേർക്കാണ് പുസ്തകങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിച്ചു കൂടാൻ പറ്റാത്ത അനിവാര്യ ഘടകമായിട്ടുള്ളത് ?

ഈ ചോദ്യത്തിന് നെഞ്ചിൽ തൊട്ട് സത്യം പറഞ്ഞാൽ നൂറിൽ പത്തു പേരെങ്കിലുമുണ്ടാകുമോ താനൊരു പുസ്തകജീവിതവും നയിക്കുന്നുണ്ടെന്ന് പറയാൻ ? തീർച്ചയായും ഇല്ല . e - വായന , ആ വായന എന്നൊന്നും പറഞ്ഞ് പ്രശ്നത്തിൻ്റെ വിഷയം ഇല്ലാതാക്കാൻ ശ്രമിക്കേണ്ട . ഇന്ന് നമ്മളിൽ വലിയൊരു വിഭാഗം വായനയെ ജീവിതത്തിന് പുറത്ത് നിർത്തിയവരാണ് . അതിൽ ഒരു കുറ്റബോധം പോലുമില്ലാത്തവരാണ് . എങ്കിലും വായനശാലാ സംഘാടനം , ലൈബ്രറി പ്രവർത്തനം , പുസ്തക ചർച്ച , അനുസ്മരണ ദിനം എന്നെല്ലാം പറഞ്ഞ് കുറേ പ്രകടന പ്രഹസനങ്ങൾക്ക് നേതൃത്വം നൽകാൻ മത്സരബുദ്ധിയോടെ ചാടി വീഴാൻ നമ്മളിൽ പലർക്കും എന്തൊരു ഉത്സാഹമാണ് ! നേതൃത്വം കൊടുക്കുന്നവരുടെ എണ്ണത്തിൻ്റെ നാലിലൊന്നു പോലും അനുയായികളാവാനില്ല എന്നതാണ് ഈ പുത്തൻ അഭിനയ പ്രസ്ഥാനത്തിൻ്റെ പരിഹാസ്യ യാഥാർത്ഥ്യം ! ലൈബ്രറിക്ക് ഗ്രേഡിങ്ങ് , പുസ്തകത്തിന് ഫണ്ട് , കമ്മറ്റിക്ക് ഭാരവാഹി - ഇതിനൊക്കെയുള്ള തുറുപ്പുചീട്ടാണ് "ബഹു വിധമോഹികൾ "ക്ക് വായനശാല . വായന അവരുടെ ശീലത്തിലേ ഇല്ല . എങ്കിലും വായനശാല കണ്ടു പിടിച്ചതേ തങ്ങളാണെന്ന കാര്യത്തിൽ അവർക്ക് യാതൊരു സംശയവുമില്ല . ടീ ഡി രാമകൃഷ്ണൻ ആരാണ് എന്നറിയാത്തവരാണ് ലൈബ്രറിയിലേക്ക് പുതിയ നോവൽ തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെടുക . വിമർശനകൃതികളുടെ ലിസ്റ്റിലില്ലല്ലോ എന്ന് ചോദിച്ചാൽ സർക്കാരിനെ വിമർശിക്കുന്നതൊന്നും വേണ്ട എന്ന പരമഭക്തൻ്റെ ഉത്തരം !
 

( തുടരും )

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക