Image

നീ കാണുന്ന അവളുടെ മുഖം ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 09 July, 2024
നീ കാണുന്ന അവളുടെ  മുഖം  ( കവിത : പുഷ്പമ്മ ചാണ്ടി )

നീ കാണണമെന്ന്  ആഗ്രഹിച്ച 
മുഖഭാവങ്ങൾ മാത്രം വെളിയിൽ  കാണിക്കുന്നവൾ

മുറിപാടുകളിൽ ലേപനം പുരട്ടി ,  
മഴവില്ലിന്റെ സപ്തവർണങ്ങൾ പുറത്തുകാട്ടിയ ചിരിയാണവൾക്ക് , 
അടച്ച വാതിലിനപ്പുറം  കണ്ണാടിയിൽ
ദുഃഖത്തിന്റെ വിരലടയാളം പതിച്ച ചിരിയിലും 
ഉള്ളിലെ വെളിച്ചം ഇനിയും അണയാതെ സൂക്ഷിക്കുമവൾ 
സ്ത്രീയാണവൾ
തീവ്രവേദനയിലും പുഞ്ചിരിക്കുന്നവൾ .
തകർന്ന ആത്മാവിൽ  നഷ്ടങ്ങളുടെ കണക്കുകൾ
നിരത്തി  ഇനിയൊരിക്കലും തുറക്കാത്ത 
പുസ്തകത്തിന്റെ താളുകളിൽ വീണ കണ്ണുനീർകണം
തുടച്ചു മാറ്റി പുസ്തകം മടക്കി വെച്ചവൾ .
അവളുടെ ചിന്തകളിൽ 
വീണു നിറയുമോർമ്മകൾ കാഴ്ചകൾ 
അവൾക്കു മാത്രം അറിയാവുന്ന യഥാർത്ഥ കഥകൾ 
അതിലവൾ കണ്ട മുഖം അവൾക്കു മാത്രം 
അറിയുന്ന മുഖം ...
സങ്കീർണ്ണതയുടെ ആഴത്തിൽ ആയിരം
മുഖമുള്ളവരോടൊപ്പം നടന്നു നീങ്ങുമ്പോൾ 
വിവിധ മുഖമുള്ളവളെയാരും തിരിച്ചറിഞ്ഞില്ല ..
അടച്ച വാതിലിനപ്പുറം അവളെ 
കണ്ടവരുമില്ല.
എന്തെന്നാൽ രണ്ടു ഹൃദയം പേറിയവൾ, 
നാല് ശ്വാസകോശങ്ങൾ കൊണ്ട് ശ്വസിച്ചവൾ ..
ഉള്ളിൽ ജീവനെ നിലനിർത്താൻ ഉറക്കം വെടിഞ്ഞവൾ ..
 

ഒരേസമയം ചിരിച്ചും കരഞ്ഞും
രണ്ടു ലോകങ്ങളുടെ ഭാരം  ഒറ്റയ്ക്ക് ചുമന്നവൾ ...
അവൾ അമ്മയാണ് ... 
വേദനകളിലും ആമോദം കണ്ടെത്തുന്നവൾ...
പുറമെ ചിരിച്ചും , ചിരിപ്പിച്ചും ...
അവളായി അവൾ മാത്രമായി...
 

Join WhatsApp News
Padmaja 2024-07-09 10:36:33
Great
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക