തിരികെ കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട, കടം കൊടുത്ത പണം കയ്യിൽ വന്നപ്പോഴാണ്
എങ്ങോട്ടെങ്കിലും ഒരു യാത്രപോയാലോ എന്ന ആലോചന വന്നത്.
രണ്ടാം ശനിയാഴ്ചയും ഞായറും കൂടി ഒത്തുവരുകയും ചെയ്തു.
മഞ്ഞുപൊഴിയുന്ന ഡിസംബറിന്റെ തുടക്കം....കുട്ടികൾക്കായിരുന്നു ഏറെ സന്തോഷം..
"എങ്ങോട്ടേക്കാ പോകുന്നതെന്നു തീരുമാനിച്ചോ അമ്മയും മക്കളും.?.."
"ഇല്ല"
"റോഡിലേക്കിറങ്ങുമ്പോൾ വണ്ടി ഏതു ഭാഗത്തേക്ക് തിരിയണമെന്നു നിങ്ങളു പറയുന്നപോലെ..
വലതോട്ടാണെങ്കിൽ തൃശൂരു, പാലക്കാടു വഴി കോയമ്പത്തൂരുവരെ
പോകാം..
ഇടതുഭാഗത്തേക്കാണെങ്കിൽ ആലുവ, എറണാകുളം വഴി ആലപ്പുഴ, കുമരകംവരെയൊക്കെ പോകാം.."
" വലതോട്ട് തിരിയാം..
ആ ഭാഗത്തേക്ക് നമ്മളധികം
യാത്രചെയ്തിട്ടില്ല..
കോയമ്പത്തൂർ ചെന്നിട്ട് പോത്തീസിൽ നിന്നല്പം പർച്ചേസ്. അതുകഴിഞ്ഞ്, കമ്പം-തേനി വരെച്ചെന്ന് കുട്ടികളെ മുന്തിരിത്തോട്ടം കാണിച്ചു തിരിച്ചു പോരാം."
"എങ്കിലങ്ങനെ..."
പുതിയ കാറിൽ, കുടുംബ സമേതമുളള കന്നി യാത്രയാണ്.
അവധിദിവസത്തിന്റെ തിരക്കില്ലായ്മ, റോഡിൽ വാഹനങ്ങൾ തീരെക്കുറവ്...
"നീ അല്പം ഡ്രൈവുചെയ്യുന്നോ..?"
“തിരികെ വരുമ്പോഴാവട്ടെ.”
സ്റ്റിയറിംഗിൽ താളംപിടിച്ച് പാട്ടുപാടി ആസ്വദിച്ചാണ് ഗോപുവിന്റെ ഡ്രൈവിംഗ്..
സാമാന്യം വേഗത്തിലായിരുന്നതുകൊണ്ടാവും പാലക്കാട്
അടുക്കാറായിരിക്കുന്നു..
'കുഴൽമന്ദം,' ബോർഡുകണ്ടു..
തന്റെ കാൽച്ചുവട്ടിലേക്ക്
ഉരുണ്ടുവന്ന വെള്ളക്കുപ്പി
എടുക്കാൻ ശ്രമിച്ചതാണ് ഗോപു..
സ്റ്റിയറിംഗ് ഒന്നു പാളി..
കാറ്, റോഡിന്നോരം
ചേർന്ന് വയലിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചരിവിലൂടെ
നിരങ്ങിയിറങ്ങാൻ തുടങ്ങി..
പുഴവെള്ളം കയറി നിറഞ്ഞു കിടക്കുകയാണ് വയൽ... പിറകെയുണ്ടായിരുന്ന
ബസ്സു നിർത്തി യാത്രക്കാർ ഓടിവരുന്നുണ്ട്...
ആർക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥ..
ഒരു നിമിഷം..!
വയലിന്നതിരിട്ടുനിന്ന തടി വണ്ണമുളള കൂറ്റൻ മരത്തിൽ ചാരിയവെച്ചതുപോലെ കാറും അതിനുള്ളിൽ നാലുപേരും.. ! രക്ഷപെട്ടെന്ന് വിശ്വസിക്കാൻ കഴിയാതെ..
ഒരു വലിയ
അപകടമാണ് ഒഴിവായത്.
ക്രെയിൻ കൊണ്ടുവന്നാണ്കാറുയർത്തി റോഡിൽ വച്ചത്.. സ്റ്റാർട്ടാവുന്നില്ല....മരത്തിൽ ഇടിച്ചുനിന്ന ഭാഗം അകത്തോട്ട്ഒരുപാട് അമങ്ങിയിട്ടുണ്ട്.. പണികഴിഞ്ഞു വണ്ടി കിട്ടാൻ ദിവസങ്ങൾ എടുത്തേക്കും..
അതുവരെ ഉപയോഗിക്കാൻ കമ്പനിയുടെതന്നെ മറ്റൊരു കാറു തന്നു..
"നമ്മളിനി തിരിച്ചു വീട്ടിലേക്കു പോകുന്നോ..
അതോ തീരുമാനിച്ചപോലെ
യാത്ര തുടരണോ..
മക്കളു പറ..."
മോൾക്കു തിരികെ
പോകണമെന്നായിരുന്നു.. മോനു മറിച്ചും...
"ഏതായാലും ഇന്നത്തെ ദിവസം പോയി..! നമുക്ക്
പോത്തീസിൽ പോയിട്ടു പോരാം.."
കോയമ്പത്തൂരേക്ക്.
ട്രിപ്പിന്റെ ആകെയുളള മൂടുപോയിക്കിട്ടിയെങ്കിലും ഒരു വലിയ അപകടത്തിൽനിന്നു രക്ഷപ്പെടാനായതിന്റെ ആശ്വാസം..
" വസ്ത്രശേഖരങ്ങളുടെ മഹാവിസ്മയം
പോത്തീസിന്റെ ഉള്ളകങ്ങളിലൂടെ നടന്ന്, നോക്കിക്കാണുകയായിരുന്നു എനിക്കു മുഖ്യം..
എന്തൊരു തിരക്ക്..
കുട്ടികളുടെ ഡ്രസ്
ഐറ്റങ്ങൾക്ക് എന്താ വില..!
സാരിസെക്ഷനിൽ ..ഏതെടുക്കണമെന്ന കൺഫ്യൂഷൻ കൂട്ടുന്ന സാരികൾ.. മൂന്നെണ്ണംമാത്രമായി തിരഞ്ഞെടുക്കാൻ
പാടായിരുന്നു.
ഗോപുവിനുള്ള
ഷർട്ടുകളുടെ സെലക്ഷൻ എന്നും എന്റേതുമാത്രമായിരിക്കും..
മൂന്നു ബാഗുകളിലായി എല്ലാം പായ്ക്കുചെയ്തു
തന്നു..
"നമ്മളെടുത്തതൊക്കെ അവിടെയും കിട്ടും..
വലിയ വില വ്യത്യാസമൊന്നും എനിക്കു തോന്നിച്ചില്ല.."
"നിനക്കായിരുന്നല്ലോ
പോത്തീസിൽ വരണമെന്ന നിർബന്ധം."
"അതേ...വന്നതുകൊണ്ടു നഷ്ടമൊന്നുമുണ്ടായില്ല. പ്രതിമകളിൽ
ഉടുപ്പിച്ചുനിർത്തിയിരുന്ന ലക്ഷങ്ങൾ വിലവരുന്ന മംഗല്യപ്പട്ടുകൾ കാണാൻ സാധിച്ചില്ലേ.."
വിശക്കുന്നില്ലേ ആർക്കും..
എന്തെങ്കിലും കഴിക്കണ്ടേ..?
നമ്മുടെ കാറിൽനിന്ന് വെള്ളവും സ്നാക്സും എടുക്കാൻ മറന്നു.
നട്ടുച്ചയിലെ കത്തിനിൽക്കുന്ന സൂര്യൻ.....
പക്ഷേ.. വെയിലിനു ചൂടു കുറവാണെന്നു തോന്നി..
പർച്ചേസു കവറുകൾ
കാറിന്റെ ഡിക്കിയിൽവെച്ചിട്ട്
ഡ്രൈവിംഗ് സീറ്റിലേക്കു കയറാൻ തുടങ്ങുമ്പോഴാണ്
"സാർ"എന്ന സംബോധനയോടെ
ഒരു ചെറുപ്പക്കാരൻ പയ്യൻ ഗോപുവിന്റെ അടുത്തേക്ക് വരുന്നത്..
"ഗോപീചന്ദ് സാർ അല്ലേ.. ചാനലുകളിലെ ചർച്ചകളിൽ സാറിനെ ധാരാളം കണ്ടിട്ടുണ്ട്....
നേരിട്ടു കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം..
സാർ..ഞാൻ ഗോകുൽ.."
"എറണാകുളത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്യുന്നു...
കമ്പനിയാവശ്യത്തിനു കോയമ്പത്തൂരു വന്നതാണ്.. തിരികെ പോകാൻ നില്ക്കുമ്പോഴാണ്
പോത്തീസിൽനിന്നും ഇറങ്ങിവരുന്ന
സാറിനേയും കുടുംബത്തേയും കണ്ടത്.."
മാഡം...ഭവൻസിലെ
അദ്ധ്യാപിക,
മകനും മകളും അവിടുത്തെ വിദ്യാർത്ഥികളും..
എല്ലാ വിവരങ്ങളും അറിയാം സാർ.."
"സാർ, സാറിന്റെ അച്ഛൻ, പെരുമ്പാവൂർ, മൂഴിക്കൽ തറവാട്ടിലെ
ചന്ദ്രശേഖരക്കൈമളാണ് എന്റെയും അച്ഛൻ..
അമ്മ പറഞ്ഞുതന്ന അറിവേയുള്ളു അച്ഛനെക്കുറിച്ചെനിക്ക്..
എനിക്കൊരു ചേട്ടനുണ്ടെന്നും
പേര് ഗോപീചന്ദ് ആണെന്നും
അമ്മ പറഞ്ഞിരുന്നു."
കാതുകളെ വിശ്വസിക്കാൻ കഴിയാത്ത ഞെട്ടലിൽനിന്ന്
ഗോപീചന്ദ് ഉണർന്നപ്പോഴേക്കും
ഗോകുൽ എന്ന ചെറുപ്പക്കാരൻ നടന്നു മറഞ്ഞിരുന്നു..