Image

മോദിയുടെ റഷ്യൻ സന്ദർശനത്തിൽ ആശങ്ക ഉയർത്തി യുഎസ് വിദേശകാര്യ വകുപ്പ് (പിപിഎം)

Published on 10 July, 2024
മോദിയുടെ റഷ്യൻ സന്ദർശനത്തിൽ ആശങ്ക  ഉയർത്തി യുഎസ് വിദേശകാര്യ വകുപ്പ് (പിപിഎം)

ഇന്ത്യ-റഷ്യ ബന്ധങ്ങളെ കുറിച്ച് യുഎസ് ആശങ്ക പ്രകടിപ്പിച്ചു. 
പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായി നടത്തിയ ചർച്ചകൾക്കു ശേഷം പ്രഖ്യാപിച്ച കരാറുകളെ തുടർന്നാണ് വാഷിംഗ്‌ടൺ ഈ ആശങ്ക ഉയർത്തിയത്.

ഡൽഹിയെ അക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നു  സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. എന്നാൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. "ഇന്ത്യയ്ക്കു റഷ്യയുമായുള്ള ബന്ധങ്ങളെ കുറിച്ചു ഞങ്ങളുടെ ആശങ്കകൾ തികച്ചും വ്യക്തമാണ്. ഞങ്ങൾ അത് ഇന്ത്യാ ഗവൺമെന്റിനെ അറിയിച്ചിട്ടുണ്ട്. തുടർന്നും അറിയിക്കും."

ഊർജം, എണ്ണ തുടങ്ങിയ വിഷയങ്ങളിൽ ഉണ്ടായ പ്രഖ്യാപനങ്ങൾ മില്ലർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 24 മണിക്കൂറിൽ നയതന്ത്ര തലത്തിൽ അതേക്കുറിച്ചു ചർച്ചകൾ നടന്നു.

യുഎൻ ചാർട്ടർ അനുസരിച്ചു യുക്രൈനിൽ സമാധാനപരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്കു പിന്തുണ നൽകാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. "സമാധാനത്തിന്റെ ആവശ്യകത ഞങ്ങൾ ഇന്ത്യയോട് ഊന്നിപ്പറഞ്ഞു. യുക്രൈന്റെ ഭൂമിയും പരമാധികാരവും കാത്തു സൂക്ഷിക്കേണ്ടതുണ്ട്."

യുദ്ധം ഒന്നിനും പരിഹാരമല്ലെന്നു മോദി പുട്ടിനോട് പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. അക്കാര്യം പരാമർശിച്ചു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയർ പറഞ്ഞു: "ഇന്ത്യ റഷ്യയുമായുള്ള ദീർഘകാല ബന്ധം പ്രയോജനപ്പെടുത്തി പ്രസിഡന്റ് പുട്ടിനോട് ഈ പ്രാകൃതമായ യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടണം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് റഷ്യ യുക്രൈനെ ആക്രമിച്ചത്. പ്രസിഡന്റ് പുട്ടിൻ ആണ് യുദ്ധം ആരംഭിച്ചത്. അദ്ദേഹം തന്നെ അത് അവസാനിപ്പിക്കണം."

ഇന്ത്യ യുഎസിനു തന്ത്രപ്രധാന സുഹൃത്താണെന്നും അവർ പറഞ്ഞു. അതേ സമയം, മോദിയുടെ റഷ്യ സന്ദർശനം ഏറെ നിരാശയ്ക്കു കാരണമാവുന്നുവെന്നു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യ കിയവിൽ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 37 പേരാണ് മരിച്ചത്.

റഷ്യ ചൈനയുമായി ഗാഢ ബന്ധം പുലർത്തുന്ന രാജ്യമാണ്. ചൈനയെ നേരിടാനാണ് യുഎസ് ഇന്ത്യയെ ഉറ്റ സുഹൃത്തായി പ്രയോജനപ്പെടുത്തുന്നത്.

ഇന്ത്യ-റഷ്യ വ്യാപാരം 2030നകം $100 ബില്യൺ വരെ എത്തിക്കണം എന്നതാണ് മോദി-പുട്ടിൻ ചർച്ചകൾക്കു ശേഷം പ്രഖ്യാപിച്ച ഒരു ലക്‌ഷ്യം. ഇരു രാജ്യങ്ങളുടെയും കറൻസി വ്യാപാരത്തിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും.

Modi-Putin meeting raises concerns in US 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക