Image

കലിഗ്രഫി (കവിത: വേണുനമ്പ്യാർ)

Published on 11 July, 2024
കലിഗ്രഫി (കവിത: വേണുനമ്പ്യാർ)

മഷിപ്പാത്രത്തിൽ
കുടിച്ച കട്ടന്റെ ബാക്കി
മിക്സ് ചെയ്തിട്ട്
സെൻ സന്ന്യാസി
ബ്രഷിന്റെ ഒറ്റ സ്‌ട്രോക്കിൽ
വെള്ളപ്പോസ്റ്ററിൽ കറുപ്പിന്റെ
ഒരു പൂർണ്ണവൃത്തം സൃഷ്ടിച്ചു;
അതിനകത്ത് ഇങ്ങനെ 
കുറിച്ചിടുകയും ചെയ്തു:

ഒരു വഴിയും 
നിർവ്വാണത്തിലേക്കുള്ളതല്ല
വാസ്തവത്തിൽ
നിർവ്വാണം തന്നെയാണ് വഴിയും!

2

തിരശ്ശീലയ്ക്കും
ചില്ലിനുമപ്പുറം
ഉയർന്ന മരച്ചില്ലകൾക്കിടയിൽ
നിറമാറ്റം വരുത്തിയ
ഒരു പൂള് തണ്ണിമത്തൻ -
സായാഹ്നബാലചന്ദ്രൻ !

3

കണ്ണിൽ കണ്ടതല്ല
മനക്കണ്ണിൽ കണ്ടത്
മനക്കണ്ണിൽ കണ്ടതല്ല
മനോമനക്കണ്ണിന്റെ
കണക്കിൽ കണ്ടത്
ദാഹിച്ചെത്തിയപ്പോൾ
നീയെനിക്കൊരു
പൂള് തണ്ണിമത്തൻ തന്നു
ചോരച്ചുവപ്പുള്ള ചുണ്ടും
കട്ടിക്കറുപ്പുള്ള കണ്ണും
എന്റെ ദാഹം മാത്രമല്ല
വിശപ്പും തീർത്തു.

4

കടൽ നഷ്ടപ്പെട്ടവൻ
വാഗ്ദത്ത ഭൂമിക്ക് വേണ്ടി
മരുഭൂമിയിൽ അലഞ്ഞു
തിരിയുന്നു
നടുക്കടലിലെ സ്രാവുകൾ
ദാഹം മുട്ടി അലയുന്നു
കപ്പൽ നഷ്ടപ്പെട്ടവൻ
ഭ്രാന്ത് പിടിച്ച് പുതിയ നങ്കൂരങ്ങൾക്ക്
വില പേശുന്നു.

തീരം പറയും
തോണിയടുക്കാറായെന്ന്
തോണിക്കാരൻ പറയും
തീരമടുക്കാറായെന്ന്
തീരത്തെയും തോണിയെയും
തോണിക്കാരനെയും സമഗ്രമായി
കാണുന്ന റോന്ത് ചുറ്റുന്ന പരുന്ത്
കഥ പറയും.
മറ്റൊരു ആംഗിളിൽ!

5

പുക വലിക്കവെ
ധ്യാനമാകാമെങ്കിലും
ധ്യാനത്തിനിരിക്കെ
പുക അരുത്

ചായ കുടിക്കവെ
ധ്യാനമാകാമെങ്കിലും
ധ്യാനത്തിനിരിക്കെ
ചായ അരുത്

ചുംബനമർപ്പിക്കവെ
ധ്യാനമാകാമെങ്കിലും
ധ്യാനത്തിനിരിക്കെ
ചുംബനമരുത്.

6

എല്ലാ ചുംബനവും
ഒരു പോലെയല്ല
യൂദാസ് യേശുവെ
ചുംബിച്ചത് വെറുതെയല്ല
മുപ്പതു വെള്ളിക്കാശ്
ഇന്നത്തെ ആയിരം ഡോളറല്ലേ

7

കാൻവാസ്സിൽ സ്ഥലം
ചിത്രകാരനെ മഹാമുദ്രയിൽ
കുടുക്കി നിർത്തുമ്പോൾ 
കാലം ആരുമറിയാതെ
അദ്യശ്യമായി ഒരു കവിതയുടെ
കലിഗ്രഫിയിൽ അലിയുന്നു.

8

പാറയും മണലും
ചരലും കള്ളിമുൾച്ചെടിയും കൊണ്ട്
ഒരു തോട്ടം പണിയാം

കല്ലുകളായിരിക്കും
വെള്ളച്ചാട്ടം

വെള്ളാരങ്കല്ലുകളായിരിക്കും
തഥാഗതന്റെ കണ്ണുകൾ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക