Image

വെളുമ്പി, കറുമ്പൻ, കാട് (ചെറുകഥ: രാജേഷ് ടി ദിവാകരൻ)

Published on 11 July, 2024
വെളുമ്പി, കറുമ്പൻ, കാട്  (ചെറുകഥ: രാജേഷ് ടി ദിവാകരൻ)

Read in e-malayalee magazine: https://mag.emalayalee.com/magazine/july2024/#page=46

പണ്ട്, പണ്ടല്ല.  ഇന്ന്, ഇപ്പോൾ.  ഒരു കാട്. നന്നേ ചെറിയൊരു കാട്. കുറച്ചു പുല്ലുകൾ മാത്രമേയുള്ളു. അതിനെ കാടെന്ന് വിളിച്ചത് അവളാണ്,  വെളുമ്പി.  വെളുമ്പി മുയൽ.  അവൾക്ക് ആ കാട് മാത്രമേ അറിയൂ. അവൾ ജീവിക്കുന്ന കാട്. അവളുറങ്ങുന്ന കാട്. ഉറങ്ങുമ്പോഴൊക്കെ അവൾ സ്വപ്നം കണ്ടു.  സ്വപ്നങ്ങളിൽ പക്ഷേ വലിയ കാടുകളായിരുന്നു. മരച്ചാർത്തുകളുടെ നിഴലുകൾ നിറഞ്ഞ് അരുവികൾ ഒഴുകിയിരുന്നു. നാമ്പുകളിൽ മഴത്തുള്ളികൾ പേറുന്ന വലിയ പുൽമേടുകളുണ്ടായിരുന്നു. അവിടെ നിലാവ് ഉദിച്ചിരുന്നു. സ്വപ്നങ്ങൾ ഇഷ്ടമെങ്കിലും അവ ഇല്ലാത്തവയെന്ന്  അവൾ കരുതി. സ്വപ്നങ്ങൾ സ്വപ്നങ്ങൾ  മാത്രം.  അവൾക്ക് സത്യം അവളുടെ ചെറിയ കാടായിരുന്നു. അനങ്ങിയാൽ തീരുന്ന കാട്. ഒന്ന് ആഞ്ഞ് ഓടാൻ പോലുമില്ല.  അവിടെ അവൾ കറുമ്പനെ പ്രേമിച്ചു. അവൻ തിരിച്ചും.

ആ കാട്ടിൽ ആകെ അഞ്ച് മുയലുകൾ ഉണ്ടായിരുന്നു. അവയ്ക്ക് പേരുകൾ ഉണ്ടായിരുന്നില്ല. നിറങ്ങൾ മാത്രം, രൂപങ്ങളും.  കറുമ്പൻ, വെളുമ്പി, വെളുമ്പൻ, ചാരപ്പുള്ളിക്കാരൻ, പിന്നെ ഏതോ നിറംകെട്ട മെലിച്ചി  മുയലും. തടിയൻ വെളുമ്പനാണ്  വെളുമ്പിയോട് ആദ്യം പ്രണയം പറഞ്ഞത്. വെളുമ്പിക്ക് അവനെ ഇഷ്ടപ്പെട്ടില്ല. ചാരപ്പുള്ളിക്കാരൻ വെളുമ്പന്റെ ശിങ്കിടിയായിരുന്നു. അവനും വെളുമ്പിയിൽ കണ്ണുണ്ടായിരുന്നു. വെളുമ്പനെ പേടിച്ച് പുറത്തുകാട്ടിയില്ല എന്ന് മാത്രം. കറുമ്പൻ ശാന്തനായി ഒരു മൂലയ്ക്ക് ഇരിപ്പായിരുന്നു. വെളുമ്പി അങ്ങോട്ടാണ് ചെന്നത്. കറുമ്പൻ തലപൊക്കി അവളെ നോക്കി. അവന്റെ  കണ്ണുകളിൽ അവൾ സ്വപ്നങ്ങളിൽ കണ്ട നിലാവ്  കണ്ടു.  പെട്ടെന്ന് അവൻ അവളെ തൊട്ടു. അവളുടെ ചങ്ക് പടപടാ മിടിച്ചു.

അവരുടെ പ്രണയത്തിന് വെളുമ്പൻ എതിരായിരുന്നു.  അവൻ കറുമ്പനുമായി തല്ലുകൂടാൻ ചെന്നു. വെളുമ്പന് കൂട്ടായി ചാരപ്പുള്ളിക്കാരനും. കറുമ്പൻ ഒഴിഞ്ഞുമാറാൻ നോക്കി. സമ്മതിക്കുന്നില്ല. വളഞ്ഞിട്ടുള്ള ആക്രമണം.  മെലിച്ചി മുയൽ അപ്പോഴും കണ്ണടച്ചിരുന്നു. അവൾ ഒരിക്കലും ഒന്നിലും ഇടപെട്ടിരുന്നില്ല. ആരുമായും സംസാരിച്ചിരുന്നില്ല. എല്ലും തോലുമായ അവളെ ആർക്കും വേണ്ടിയിരുന്നില്ല. പകലുറക്കത്തിൽ ആണ്ടിരുന്ന  വെളുമ്പി ശബ്ദം കേട്ട് ഉണർന്നു. കറുമ്പൻ ആക്രമിക്കപ്പെടുന്നത് കണ്ടു. അവൾ ചാടി വീണു. മുരണ്ടു. കറുമ്പന് മറ തീർത്തു. വെളുമ്പനും ചാരപ്പുള്ളിക്കാരനും വെളുമ്പിയുടെ ഉഗ്രരൂപം കണ്ടു. അവർ ഞെട്ടി.  പിന്മാറി. അധികം വൈകാതെ അവർ ആ കാട്ടിൽ നിന്നും അപ്രത്യക്ഷരായി.

ആ കാട് കറുമ്പനും വെളുമ്പിക്കും മാത്രമായി. ഒന്നിനുമില്ലാത്ത മെലിച്ചി മുയൽ അവർക്ക് തടസ്സമായില്ല.  ഇടമുറിയാതെ അവർ പ്രണയിച്ചു. പകലും രാത്രിയും വന്നു മറിഞ്ഞ് പോകുന്നത് അവർ അറിഞ്ഞില്ല.  സ്വപ്നങ്ങളിൽ കണ്ടതെല്ലാം അവൾ അവനോട് പറഞ്ഞു. ഉരുമ്മിയിരുന്ന് കറുമ്പൻ അവളെ കേട്ടു. അവൾക്ക് അവനോട് മിണ്ടിയിട്ടും മിണ്ടിയിട്ടും തീരുന്നില്ല.  കഴിക്കാൻ ഇലകളും, ക്യാരറ്റ് തുണ്ടുകളും, കുടിക്കാൻ വെള്ളവും ഉണ്ടായിരുന്നു.  അങ്ങനെയിരിക്കെ ഒരിക്കൽ അവർ രണ്ടല്ലാതെ ഒന്നായി. അവൾക്കുള്ളിൽ കുഞ്ഞൊരു കറുമ്പനും കറുമ്പിയും പിന്നൊരു വെളുമ്പനും വെളുമ്പിയും മൊട്ടിട്ടു. അവൾ അവനെ സ്നേഹത്തോടെ നക്കിത്തുടച്ചുകൊണ്ടിരുന്നു. അപ്പോഴതാ കറുമ്പൻ പൊങ്ങിപ്പോകുന്നു.  അവൾ കൈ നീട്ടി പിടിക്കാൻ ആഞ്ഞു. കിട്ടുന്നില്ല.  അവൻ പൊങ്ങിപ്പിടഞ്ഞ് കാടിന് പുറത്തു പോയി. കാണാതായി. അവൾ അലറിവിളിച്ചു. മറുപടിയുണ്ടായില്ല. അവൾ വീണ്ടും വീണ്ടും വിളിച്ചു. അപ്പോഴും കറുമ്പന്റെ  ശബ്ദം കേട്ടില്ല. കണ്ണീർ അണപൊട്ടി. അവളുടെ കരച്ചിൽ നിന്നില്ല.  വെളുമ്പിയുടെ കാടിന് പുറത്ത് ‘മുയലിറച്ചി വിൽക്കപ്പെടും’ എന്ന  മങ്ങിയ ബോർഡ് മാറി പുതിയതൊന്ന് തൂങ്ങി.

മെലിച്ചി മുയൽ കൂടിനുള്ളിൽ മരിച്ചു. എപ്പഴോ നീക്കപ്പെട്ടു. കൂട്ടിൽ പുതിയ മുയലുകൾ വന്നു.  മെലിച്ചി ഇരുന്നിടത്ത് ഇപ്പോൾ വെളുമ്പി ഇരിക്കുന്നു. കൂട്ടിലെ കാഴ്ചകളിൽ നിന്നും കണ്ണടച്ച്, ഉള്ളിൽ വളർന്നുവരുന്ന ജീവനുകളെ അവൾ നിസ്സംഗതയോടെ നോക്കി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക