Image

കുഞ്ഞിലകൾ കരിഞ്ഞുവീഴുമ്പോൾ (തുടർച്ച:രാജു തോമസ്)

Published on 15 July, 2024
കുഞ്ഞിലകൾ കരിഞ്ഞുവീഴുമ്പോൾ (തുടർച്ച:രാജു തോമസ്)

ഇലകൊഴിഞ്ഞ മരങ്ങൾ നോക്കി
മരച്ചിരുന്നു നരച്ചുപോയേൻ; *6
ആ മുണ്ഡകത്തപസ്സു കണ്ട്,
മഞ്ഞുവീണുവീണുമൂടി
ഹിമസമാധി പൂണ്ടിരുന്നേൻ.
ഉണർന്നനേരം ഹാ! വസന്തം.
ഹരിതഹർഷം, ശാഖികൾ
ആടിപ്പാടി തെന്നലിൽ.
എന്നാലോ, തരുവൊന്നിനു
തളിരണിയാനാവാതായ്.
ഇപ്പോളാ ചില്ലകളിൽ
കവിതയുമായ് കിളിയില്ല.
ആ മൗനം ചികയുമ്പോൾ,
അതിലുള്ളതനർത്ഥംതാൻ.

അനുഭവം കുറെയായിതേ,
കുറെയായി കാലവും;
കണ്ടതേവവും തുച്ഛം
കാഴ്ച്ചയിൽ പൊരുൾ കാട്ടുവാൻ.

യാഗങ്ങളുടെ ധൂമകാലുഷ്യത്തിൽ,
ആരണ്യത്തിന്റെ സൗഭഗങ്ങളെയും
ഋഷികളുടെ സമാധിഭാഷയെയും
സത്യാനാന്തരകാല സമർത്ഥർ
ഉത്തരോത്തരം അപനിർമ്മിക്കുമ്പോൾ,
അക്കരയില്ലാത്ത സംസാരത്തിലെ
തുരുത്തുകളിൽ അടിയുന്നവരും
പഞ്ചഭൂതങ്ങളായഴിഞ്ഞുതിരുമ്പോൾ,
ധർമ്മയുദ്ധങ്ങളിൽ തോറ്റ
അസുരസ്വാർത്ഥർ മ്യൂട്ടേറ്റ്ചെയ്ത്
ദിവ്യരും അധൃഷ്യരുമാകുമ്പോൾ,
എന്തിനീ തീർത്ഥാടനത്തിനിറങ്ങി ഞാൻ?
മായയുടെ വിഭ്രാമകതയിലൂടെയും
സൈദ്ധാന്തിക തീർത്ഥങ്ങളിലൂടെയും
സ്വന്തമുള്ളിലൂടെയുമുള്ള തീർത്ഥാടനം.
അന്വേഷണം വൃഥാ എന്നു കണ്ട്
ആദ്യസമസ്യകളിലേക്കുതന്നെ മടങ്ങവെ:

വസന്താരംഭത്തിലേ ഉണങ്ങിപ്പോയ
ഇലകളും, കഴിഞ്ഞ ശൈത്യത്തിൽ
നീരുവറ്റിപ്പോയ മരക്കൊമ്പുകളും
പാറിവീഴ്കയാണെന്റെചുറ്റും.

*5 ലവോത്‌സുവിന്റെ ദേശാടനം, ഉത്തരായണം
*6 A Desent into the Maelstrom എന്ന Edgar Allen Poe-യുടെ ചെറുകഥയിൽ, ഒരൊറ്റ തീവ്രാനുഭവം ആഖ്യാതാവിനെ പൊടുന്നനെ വൃദ്ധനാക്കുന്നു.

Read: https://emalayalee.com/writer/290


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക