Image

ഉഷക്ക് മുമ്പേ യോഹന്നാന്‍; പാരീസിനു മുമ്പേ മേയുന്ന ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 20 July, 2024
ഉഷക്ക്  മുമ്പേ യോഹന്നാന്‍; പാരീസിനു മുമ്പേ മേയുന്ന ഓര്‍മ്മകള്‍ (കുര്യന്‍ പാമ്പാടി)

ഇന്ത്യയുടെ ഒരേ ഒരു ഉഷ പതിനാറാമത്തെ വയസില്‍ ആദ്യമായി ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതു 1980ല്‍ മോസ്‌കോയിലാണ്. പക്ഷേ  നാലു വര്‍ഷം നേരത്തെ, 29ആം വയസില്‍ മോണ്‍ട്രിയോളില്‍ അരങ്ങേറ്റം കുറിച്ച ടി സി യോഹന്നാനെ  ഉഷയുടെ ജേഷ്ട്ടനായി കരുതണം. ഉഷ ഹഡില്‍സിലാണ് മത്സരിച്ചതെങ്കില്‍ ടിസി ലോങ്ങ് ജമ്പിലാണ് മാറ്റുരച്ചത്. ഇരുവര്‍ക്കും നിര്‍ഭാഗ്യം കൊണ്ട് തലനാരിഴക്ക് മെഡല്‍  നഷ്ട്ടമായി.

1974ലെ ടെഹ്റാന്‍  ഏഷ്യന്‍ ഗെയിംസില്‍ 8.07 മീറ്റര്‍ ചാടി റിക്കാര്‍ഡോടെ സ്വര്‍ണമെഡല്‍ നേടിയ യോഹന്നാന്റെ നേട്ടം 22  വര്‍ഷത്തോളം ആര്‍ക്കും ഭേദിക്കാന്‍ ആയില്ല.  ഒരു സെന്റിമീറ്റര്‍ അധികം ചാടി അമൃതപാല്‍ സിംഗ് പുതിയ റിക്കാര്‍ഡ് സ്ഥാപിക്കും വരെ.

. ടെഹ് റാനില്‍ ഏഷ്യന്‍  റിക്കോര്‍ഡ് ഭേദിച്ച സ്വര്‍ണക്കാലുകള്‍

ടെഹ്റാനു രണ്ടുവര്‍ഷം കഴിഞ്ഞു മോണ്‍ട്രിയോള്‍  ഒളിമ്പിക്‌സിലെ ഹീറ്റ്‌സില്‍ കൂടുതല്‍ ദൂരം ചാടിയെങ്കിലും  ബോര്‍ഡ് ലൈനില്‍ സ്‌പൈക്കിന്റെ മുന്നറ്റം തൊട്ടു തൊട്ടില്ലെന്നായപ്പോള്‍ റെഡ് സിഗ്‌നല്‍ തെളിയുന്നത് സ്റ്റേഡിയത്തിലെ പ്രസ് ഗാലറിയിലിരുന്നു കണ്ടു ഞെട്ടിയ ആളാണ് ഞാന്‍.

ഞായറാഴ്ച ജന്മനാടായ കുണ്ടറയ്ക്കടുത്ത മാറനാട്ടെ ജേഷ്ട്ടന്‍  ജോണിന്റെ കൊച്ചു മകള്‍ സ്റ്റെസിയുടെയും ബ്രിജേഷിന്റെയും വിവാഹത്തില്‍ സംബന്ധിക്കുന്ന വേളയിലാണ് പണ്ടത്തെ സുഹൃത്ത് എന്ന നിലയില്‍ ഞാന്‍ യോഹന്നാനെ വിളിക്കുന്നത്. ഒളിമ്പിക്‌സ് വില്ലേജില്‍ എത്തിയ എനിക്ക് ഒരു കൂട നിറയെ ബര്‍ഗറും പിസയും ഡോനട്ടും വാഫിളും  കാനില്‍ നിറച്ച കോക്കും സ്‌പ്രൈറ്റ്‌റും  തന്നയച്ച ആളാണ് ജയന്‍  എന്നു  വിളിപ്പേരുള്ള ടി.സി.

അനുവും ക്ലാസ്സ്‌മേറ്റ് എം. കോശി പണിക്കരുമൊപ്പം ജന്മനാട്ടില്‍

വധൂവരന്‍മാരോടൊപ്പമുള്ള ചിത്രവും  നാട്ടിലെ ക്ലാസ്സ്‌മേറ്റുകളോടൊപ്പമുള്ള ചിത്രവും എടുത്തയക്കണമെന്നു ഞാന്‍ പറയാത്ത താമസം ടിസി ഫോണില്‍ വിളി തുടങ്ങി. ഒരാളെ മാത്രമേ കിട്ടിയുള്ളൂ, സിക്കിം എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആയി വിരമിച്ച് കൊല്ലത്ത് താമസിക്കുന്ന മാത്യു കോശി പണിക്കരെ. മറ്റൊരു കൂട്ടുകാരന്‍ വിശിഷ്ട സേവാ മെഡല്‍ നേടിയ മേജര്‍ ജനറല്‍ വര്‍ഗീസ് പണിക്കര്‍ തിരുവന്തപുരത്താണ്.

മൂവരും എഴുകോണ്‍ പഞ്ചായത്തിലെ  ഇരുമ്പനങ്ങാട് ഹൈസ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരാണ്. സിപിഐ  മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായരുടെ അച്ഛന്‍ അഡ്വ. ഈശ്വരപിള്ള സ്ഥാപിച്ച സ്ഥാപിച്ച സ്‌കൂള്‍ ഇന്ന് ഹയര്‍ സെക്കണ്ടറിയാണ്. മന്ത്രിയുടെ അനുജന്‍ ഇ. ഉണ്ണികൃഷ്ണ പിള്ളയായിരുന്നു അന്ന് ഹെഡ് മാസ്റ്റര്‍. ചന്ദ്രശേഖരന്‍ നായരുടെ  ഭാര്യ മനോരമയും അവിടെ അധ്യാപിക. സുന്ദരിയും സുശീലയുമായിരുന്നു മനോരമ ടീച്ചര്‍ എന്ന്  ശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

 മോണ്‍ട്രിയോളില്‍ പെര്‍ഫെക്ട് ടെന്‍ നേടിയ ജിംനാസ്‌റ് നാദിയ കോമനെച്ചി

മനോരമ ടീച്ചറെയും ഞാന്‍ അന്വേഷിച്ചു.  94 വയസായ ടീച്ചര്‍ ഭര്‍ത്താവിന്റെ മരണശേഷം തിരുവനന്തപുരത്തു കൗടിയാര്‍  പണ്ഡിറ്റ്സ്  കോളനിയിലുള്ള മകള്‍ ഗീതയുടെ കൂടെയാണ്. ഗീതയാകട്ടെ ഭര്‍ത്താവ് റിട്ട. ഐഎഎസ്  ഓഫീസര്‍ സി. രഘുവിനോടൊപ്പം  അമേരിക്കയില്‍ മെയിനിലുള്ള മകന്‍ അരവിന്ദിനെയും ബോസ്റ്റണിലെ സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍  പോയിരിക്കുന്നു..

ഒളിപിക്സില്‍ അഞ്ചു സ്വര്‍ണമെഡലും  ജിംനാസ്റ്റിക്കില്‍ പെര്‍ഫെക്ട് ടെന്‍ എന്ന് ചരിത്ര നേട്ടവും കൈവരിച്ച റൊമാനിയയിലെ നാദിയ കൊമാനേച്ചി എന്ന പതിനാലുകാരി ലോകത്തെ അത്ഭുതപെടുത്തിയ മോണ്‍ട്രിയോള്‍ കാനഡയിലെ ക്യുബെക് സംസ്ഥാനത്താണ്. അതാകട്ടെ അമേരിക്കയിലെ മെയിന്‍ സംഥാനവുമായി മുട്ടിക്കിടക്കുന്നു എന്ന് ഞാന്‍ ഓര്‍ത്തു.  

കവര്‍ ചിത്രങ്ങള്‍-ജാപ്പനീസ് സ്‌പോര്‍ട്‌സ് മാസികയും ഇന്‍ഡ്യാടുഡേയും

''സ്‌കൂളിലെ കായിക മേളയില്‍ ഏതു ഇനത്തില്‍ മത്സരിച്ചാലും യോഹന്നാനാണ് ഒന്നാം സ്ഥാനം കിട്ടുക..  ഒരിക്കല്‍ എനിക്ക് ജയിക്കാനായി അദ്ദേഹം മത്സരത്തില്‍ നിന്ന് മാറി നിന്നു, ' മാത്യു കോശി പണിക്കര്‍ എന്നോടു പറഞ്ഞു.

തടത്തിവിള ചാണ്ടപ്പിപിള്ളയുടെയും സാറാമ്മയുടെയും  ഏഴു ആണ്മക്കളില്‍  ഇളയവന്‍ ആണ് യോഹന്നാന്‍. പഠിത്തത്തെക്കാള്‍ കളിയില്‍ ബഹുമിടുക്കന്‍. ഒരിക്കല്‍ വീടിനടുത്തുള്ള കണിയാന്‍ തോടു  കുറുകെ ചാടാനുള്ള പന്തയത്തില്‍ തോറ്റു. നിരാശനാകാത്തതെ വീണ്ടും വീണ്ടും ചാടി.  ഒടുവില്‍ ജയിച്ച്  അപ്പനില്‍  നിന്ന് സമ്മാനമായ ഒരു ഗ്ലാസ് നാരങ്ങാവെള്ളം വാങ്ങിക്കുടിച്ച കഥ യോഹന്നാന്‍ ഇന്നും മറന്നിട്ടില്ല. ആ  പ്രോല്‍സാഹനമാണ് ജീവിതത്തിലാകെ ജയിച്ചു കയറാനുള്ള പ്രചോദനം.

മില്‍ഖാസിങ്ങും അഞ്ജു ബോബി ജോര്‍ജുമൊപ്പം

ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ ജേഷ്ടന്‍ പാപ്പന്‍ എന്ന ജോര്‍ജ് ജോലിചെയ്തിരുന്നു. അങ്ങിനെ ടിസിക്കും അവിടെ ജോലി ലഭിച്ചു. ഫോര്‍മാനായി. ഭിലായിയില്‍ അരങ്ങേറിയ ദേശീയമത്സരത്തില്‍ ഓട്ടത്തിലും ചാട്ടത്തിലും യോഹന്നാന്റെ പ്രകടനം കണ്ടു  ടാറ്റാ കോച്ച് അമ്പരന്നു പോയി. സ്റ്റീല്‍പ്ലാന്റില്‍ കൊടുക്കാനുണ്ടായിരുന്ന ബോണ്ട്  തുക അടച്ചു യോഹന്നാനെ ടാറ്റായുടെ കസ്റ്റഡിയിലാക്കുന്നത് അങ്ങിനെയാണ്.

പയ്യോളിയിലെ 'ഉഷസി'ല്‍ ഉഷക്ക്  കിട്ടിയ പതക്കങ്ങളും ട്രോഫികളുമെല്ലാം നിറച്ചു  വച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. യോഹന്നാനു കിട്ടിയ മെഡലുകളും ട്രോഫികളും കൊച്ചി തൃക്കാക്കരയില്‍ ഭാരത് മാതാ കോളജിനു സമീപമുള്ള വീട്ടില്‍ അലമാരയില്‍ അടുക്കി സൂക്ഷിച്ചിരിക്കുന്നു. പിന്നിലെ ഭിത്തിയില്‍ മനോഹരമായ മോണ്‍ട്രിയോള്‍ സ്റ്റേഡിയത്തിന്റെ വലിയ  ചിത്രവും. ആല്‍ബങ്ങളില്‍ ഒന്നില്‍ എന്റെ ബൈലൈനില്‍ മനോരമയില്‍ വന്ന  ഒളിമ്പിക്‌സ് റിപ്പോര്‍ട്ടിന്റെ ക്ലിപ്പിങ്ങുകളും കണ്ടു.

സിംഗപ്പൂര്‍, ടോക്കിയോ, ഹിരോഷിമ, കോബെ തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ ലഭിച്ച സ്വര്‍ണ മെഡലുകളും ദേശിയ മത്സരങ്ങളില്‍ നേടിയ പുരസ്‌ക്കാരങ്ങളും അര്‍ജുന അവാര്‍ഡും കേരള ഗവര്‌മെന്റ് നല്‍കിയ മെരിറ്റ് അവാര്‍ഡും ടെല്‍ക്കോ വീര്‍ അവാര്‍ഡും അക്കൂടെയുണ്ട്.

മോണ്‍ട്രിയോള്‍ സ്റ്റേഡിയത്തിന്റെ നിഴലില്‍ ലേഖകന്‍, യോഹന്നാന്‍

1978ല്‍ പട്യാലയിലെ പരിശീലനക്കളരിയിലുണ്ടായ  പരുക്കിന്റെ ബാക്കി പത്രം യോഹന്നാന്റെ മുട്ടിന്മേല്‍ തടിച്ചു നില്‍ക്കുന്നത് ഇന്നും കാണാം.  അന്ന് പരിമിതമായ ചികിത്സാ സൗകര്യങ്ങളെ ഉണ്ടായിരുന്നുന്നുള്ളു. ഡല്‍ഹിയിലാണ് ഓപ്പറേഷന്‍ നടത്തിയത്. വിദേശത്തു  വിദഗ്ദ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍  ഉഷയെപ്പോലെ മോസ്‌കോയില്‍ പോകാനും ഒരുപക്ഷെ ഒരുമെഡലെങ്കിലും നേടാനും  കഴിയുമായിരുന്നു.

പട്യാല ക്യാമ്പില്‍ കിട്ടിയിരുന്നത് വീതിയുള്ള നാട കോര്‍ത്ത ഇരുമ്പു കട്ടിലായിരുന്നു എന്നോര്‍ത്ത് ഇന്ന് ദുഃഖം തോന്നുന്നു. കാലം മാറി,  ഇന്ന് ക്രിക്കറ്റ് പരിശീലകനായ മകന്‍ ടിനു താമസിക്കുന്നത് നക്ഷത്ര ഹോട്ടലുകളില്‍.  സഞ്ചരിക്കാന്‍ ആഡംബര കാറുകള്‍. എണ്ണിച്ചുട്ട അപ്പം പോലെ ലഭിച്ചിരുന്ന പ്രതിഫലങ്ങള്‍ ഇന്ന് കോടികള്‍ ആയിരിക്കുന്നു. പക്ഷെ ഇതെല്ലാം ക്രിക്കറ്റില്‍ ഒതുങ്ങി നില്‍ക്കുന്നത് ഖേദകരമാണ്. അത്‌ലി റ്റുകളെയും രാജ്യത്തിന്റെ അഭിമാനമായി കരുതണം.

കുണ്ടറ-ശക്തികുളങ്ങര റൂട്ടില്‍ ഓടിച്ച ഒളിമ്പിക്‌സ്  ബസിനു മുമ്പില്‍

ടെല്‍ക്കോയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ ആണ് കേരളത്തിലെ സെയില്‍സ്  മാനേജരായി സ്ഥലംമാറ്റം. മൂന്നു  മാസം പൂനെയില്‍ ടെക്‌നിക്കല്‍ ട്രെയിനിങ് നല്‍കിയ ശേഷം. ഇന്ന് ലുലുമാളിനു എതിര്‍വശമുള്ള ടെല്‍ക്കോ റീജ്യണല്‍ സെന്ററില്‍ കേരള മേധാവിയായി 12  വര്‍ഷം  സേവനം ചെയ്തു. 2001 വരെ.

ടെല്‍ക്കോയില്‍  നിന്ന് സമ്പാദിച്ച ബസ് ഒളിമ്പിക്‌സ് എന്ന് പേരിട്ടു  കുണ്ടറ-കൊല്ലം-ശക്തികുളങ്ങര റൂട്ടില്‍ ഓടിച്ചിരുന്നു. മറ്റൊരു ബസ് കൂട്ടുകാരി എന്നപേരില്‍ തിരുവന്തപുരത്തും ഓടിച്ചു. കാലാവധി കഴിഞ്ഞതോടെ രണ്ടു സര്‍വീസും  അവസാനിപ്പിച്ചു.

ടെല്‍ക്കോയില്‍  നിന്നും മികച്ച റിട്ടയര്‍മെന്റ് ആനു കൂല്യങ്ങള്‍ ലഭിച്ചു. ടെലികോ ഓഫീസിനു തൊട്ടുചേര്‍ന്നു നിര്‍മ്മിച്ച സ്വന്തം വീട്ടില്‍ 12 വര്‍ഷം  താമസിച്ചിരുന്നു. അതിപ്പോള്‍ ഓഫീസുകള്‍ക്കു വാടകയ്ക്ക് കൊടുത്തിരിക്കയാണ്. മൂന്നു കാറുണ്ട്-രണ്ടു ഹോണ്ട സിറ്റിയും ഒരു ഹോണ്ട അമേസും.  ഊബര്‍ കാര്‍  വിളിക്കുന്നതാണ് ഏറ്റവും എളുപ്പം. ലാഭവും അതു തന്നെയെന്ന് ടി.സി.  

ഇരുമ്പനങ്ങാട് സ്‌കൂളിലെ പ്രിയപ്പെട്ട  ടീച്ചര്‍ മനോരമയും മന്ത്രിയായിരുന്ന ഭര്‍ത്താവും

കുണ്ടറ പറമ്പില്‍ ആനി ജോര്‍ജ് ആണ് ഭാര്യ. 1974ല്‍ ടെഹ്റാനില്‍ ഏഷ്യന്‍ റിക്കാര്‍ഡോടെ സ്വര്‍ണമെഡല്‍ നേടി നാട്ടില്‍ മടങ്ങിയെത്തിയ ഉടനെയായിരുന്നു വിവാഹം. ബൊക്കാറോ സ്റ്റീല്‍ സിറ്റി എക്‌സ്പ്രസില്‍ കൂടെ കൊണ്ടുവന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ അഴകിയ രാവണനായി പെണ്ണ് കാണാന്‍ പോയി. അന്ന് ആനി കൊല്ലം എസ്എന്‍ വിമന്‍സില്‍ ഹോംസയന്‍സ് ഫൈനല്‍ ഇയര്‍. ആറുദിവസം കഴിഞ്ഞു ആനിയും ബുള്ളറ്റുമായി ജാംഷെഡ് പൂരിലേക്ക് മടങ്ങി. റാങ്കനുസരിച്ചുള്ള ക്വാര്‍ട്ടേഴ്സുകളില്‍  മാറി മാറി താമസിച്ചു.

'അനു ഡ്രൈവ് ചെയ്യുമോ?' ഞാന്‍ ചോദിച്ചു. 'അനു ആണ് എന്നെ ഓടിക്കുന്നത് ,' എന്ന് യോഹന്നാന്‍ മ റുപടി നല്‍കി. എല്ലാവരും പൊട്ടിച്ചിരിച്ചു.  

ടിസിക്കു പിന്നാലെ കളിക്കളത്തില്‍ ഇറങ്ങിയ പിടി ഉഷ സ്വന്തം ഉഷാ സ് സ്‌കൂളും സിന്തറ്റിക്  ട്രാക്കും സ്ഥാപിക്കുകയൂം ടിന്റു ലൂക്കായെപ്പോലുള്ള കുട്ടികളെ ഒളിമ്പിക്‌സിന് അയക്കുകയൂം ചെയ്തല്ലോ. രാജ്യസഭയില്‍ അംഗമായി, ഇന്ത്യന്‍ ഒളിമ്പിക്ക്  അസോസിയേഷന്‍  അധ്യക്ഷയുമായി. എന്നിട്ടും മുമ്പേ ഓടിയ ടി.സി.ക്കു സ്വന്തമായി ഒരു വേള്‍ഡ് ക്ലാസ് പരിശീലന സ്ഥാപനം ആരംഭിക്കാനാവുമായിരുന്നില്ലേ? ഞാന്‍ ചോദിച്ചു.

കുടുംബം: ടിസി, അനു, പുത്രന്മാര്‍ ടിസ്വി, ടിനു, ഭാര്യമാര്‍ നീതു, ഷീബ, കുട്ടികള്‍  

'ഒന്നുമില്ലായ് മയില്‍ നിന്ന് ഉയര്‍ന്നു കഠിനാദ്ധ്വാനം കൊണ്ട് എല്ലാം വെട്ടിപ്പിടിച്ച ആളാണ് ഉഷ. ആ നിലയ്ക്കു ഏഷ്യയുടെ സ്വന്തം ഉഷയായി. ആരും ആദരിക്കേണ്ട കുതിച്ചു കയറ്റം. ഉഷ നല്ല സുഹൃത്ത് ആണ്. എന്റെ ജനിക്കാതെ പോയ  അനുജത്തി.'

ആലുവ യുസികോളജ് ആസ്ഥാനമാക്കി  ടിസി യോഹന്നാന്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. അത്‌ലറ്റിക്സ് ഉ ള്‍പ്പെടെ എല്ലാഇനങ്ങളിലും പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ടിനുവിനാണ് ചുമതല. കൊച്ചി നഗര ഹൃദയത്തില്‍ മറ്റൊരു വന്‍ പരിശീലനക്കളരിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.  

രണ്ടു ആണ്മക്കളില്‍ ടിസ്വി  മെല്‍ബണില്‍. രണ്ടാമന്‍ ടിനു ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ച ആദ്യത്തെ മലയാളിയാണ്. കേരളക്രിക്കറ്റ്   അസോസിയേഷന്റെ ചീഫ് കോച്ചും സെന്റര്‍ ഫോര്‍ എസ്സലന്‍സ് ഡയറക്ടറും ആയിരുന്നു. ഇപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രപ്രദേശില്‍ വിശാഖപട്ടണത്ത് ചീഫ് കോച്ച്. സഹോദരങ്ങള്‍ക്ക് അഞ്ചു മക്കള്‍--അബ്രിയേല്‍, സാനിയെല്‍, ജോനാഥന്‍, ജോവിന, ജോവാന്‍.

തൃക്കാക്കര  ഭാരത് മാതാ കോളേജിനു എതിര്‍വശം ഒന്നര കിമീ അകലെ  ചിറ്റിലപ്പള്ളി റോഡില്‍ കൊല്ലംകുടിമുകള്‍ ക്രോസ്സ്  റോഡിലാണ് യോഹന്നാന്‍-അനു ദമ്പതിമാരുടെ 'അനുഗൃഹ്'. പത്തുവര്‍ഷം മുമ്പ് ആര്‍ക്കിടെക്ട് തോമസ് ജേക്കബ് രൂപകല്‍പന ചെയ്ത  മനോഹരമായ രണ്ടുനില വീട് ചെടികളും ചിത്രപ്പണികളുള്ള രാജസ്ഥാനി  ഭരണികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പൂമുഖത്തു ഹോണ്ട സിറ്റിക്കുപുറമെ ഒരു ബിഎംഡബ്ലിയു കാറും. 'അത് എന്റേതല്ല ഒരു കൂട്ടുകാരന്‍ ഇവിടെ ഇട്ടിട്ടു യാത്രപോയതാണ് ' എന്നു യോഹന്നാന്‍.

 

ചിത്രം
 

1. ടിസി യോഹന്നാന്‍-ഒളിമ്പിക്‌സിന്റെ നഷ്ട്ട സ്വപ്നങ്ങളുമായി

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക